Home Breaking News മരുന്നുകമ്പനികൾ ആപ്പ് വഴി നേരിട്ട് ഡോക്ടർമാരിലേക്ക്; മെഡിക്കൽ റെപ്പുമാർ ഉൾപ്പടെ മൂന്നുലക്ഷത്തോളം അഭ്യസ്ഥവിദ്യർ പെരുവഴിയിലാകും

മരുന്നുകമ്പനികൾ ആപ്പ് വഴി നേരിട്ട് ഡോക്ടർമാരിലേക്ക്; മെഡിക്കൽ റെപ്പുമാർ ഉൾപ്പടെ മൂന്നുലക്ഷത്തോളം അഭ്യസ്ഥവിദ്യർ പെരുവഴിയിലാകും

4
0

ജിജു മലയിൻകീഴ്

തിരുവനന്തപുരം: കൊറോണക്കാലത്തെ സാമൂഹ്യഅകലം പാലിക്കലിനെ മറയാക്കി മരുന്നുകമ്പനികൾ പുതിയ മാർക്കറ്റിംഗ് തന്ത്രത്തിലേക്ക്. മെഡിക്കൽ റെപ്പുമാരെ ഉപയോഗിച്ച് ഡോക്ടർമാരേയും ആശുപത്രിമേധാവികളേയും നേരിട്ട് സമീപിച്ച് പ്രൊഡക്ടുകൾ പരിചയപ്പെടുത്തിയും ഓഫറുകൾ നൽകിയും വില്പന വർദ്ധിപ്പിക്കുന്ന ഇപ്പോഴത്തെ രീതിക്ക് പകരം പ്രത്യേക മൊബൈൽ ആപ്പ് തയ്യാറാക്കി ഓരോ മരുന്നും ഓൺലൈൻ വഴി പരിചയപ്പെടുത്തി മാർക്കറ്റ് പിടിക്കുന്ന രീതിയാണ് പ്രമുഖ മരുന്നുകമ്പനികൾ ആരംഭിച്ചിരിക്കുന്നത്.
കൊറോണക്കാലത്ത് ഡോക്ടർമാരും ആശുപത്ര മേധാവികളും മെഡിക്കൽ റെപ്പുമാരെ നേരിൽ കാണുന്നതിന് നിയന്ത്രണങ്ങളേർപ്പെടുത്തിയിരുന്നു. ഈ സാഹചര്യം മറികടക്കാനാണ് മരുന്നുകമ്പനികൾ ഡിജിറ്റൽ സാങ്കേതിക വിദ്യയിലൂടെ ഡോക്ടർമാരേയും മരുന്നു കമ്പനികളേയും നേരിട്ട് ബന്ധപ്പെടുത്തുന്ന പുതിയ ആപ്പിന് രൂപം നൽകിയിരിക്കുന്നത്.
സംസ്ഥാനത്ത് മരുന്ന് വിപണന മേഖലയിൽ പ്രത്യക്ഷമായും പരോക്ഷമായും മൂന്നുലക്ഷത്തോളം യുവാക്കളാണ് കമ്പനി പ്രതിനിധികളായും സ്റ്റോക്കിസ്റ്റ് ഓഫീസ് ജീവനക്കാരായും റൂട്ട് സെയിൽസ്മാന്മാരായും ജോലി ചെയ്തുവരുന്നത്. പുതിയ ആപ്പ് വരുന്നതോടെ ശരിക്കും ‘ആപ്പി’ലാകുന്നത് ഈ ജീവനക്കാരായിരിക്കും.


പുതിയ മൊബൈൽ ആപ്പ് നിർമ്മിച്ച കമ്പനികളുടെ പ്രതിനിധികൾ പ്രതിദിനം 10 മുതൽ 15 വരെ ഡോക്ടർമാരെ വരെ നേരിൽ കണ്ട് അവരുടെ മൊബൈലിൽ ഈ ആപ്പ് ഡൗൺലോഡ് ചെയ്ത് അത് ഫോൺ നമ്പറുമായി ബന്ധപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. കൂടുതൽ ഡോക്ടർമാരെ ഈ ആപ്പിലേക്ക് കൊണ്ടുവരുന്നതിന് ഡോക്ടർമാർ വഴി തന്നെ ക്യാൻവാസിംഗും തുടങ്ങിയിട്ടുണ്ട്.
ടെലി മെഡിസിൻ പ്രാക്ടീസ് ചെയ്യുന്ന ഡോക്ടർമാർക്ക് അതിനുവേണ്ട സാങ്കേതികവിദ്യയും ഈ ആപ്പ് വഴി തന്നെ കമ്പനികൾ നേരിട്ട് ചെയ്തുകൊടുക്കും. ഇതുവഴി വിദേശ കമ്പനികൾക്ക് പോലും നേരിട്ട് ഡോക്ടർമാരുമായി ബന്ധം പുലർത്താൻ കഴിയും.

 


ടെലി മെഡിസിനും ഓൺലൈൻ മരുന്നുവിപണനവും വ്യാപകമാകുന്നതോടെ ഇപ്പോൾ മരുന്നുവിതരണശൃംഖലയിൽ പ്രവർത്തിക്കുന്ന സി ആന്റ് എഫ് സ്റ്റോക്കിസ്റ്റ് , സൂപ്പർ സ്റ്റോക്കിസ്റ്റ്, സബ് ഡീലർ സ്റ്റോക്കിസ്റ്റ് തുടങ്ങിയവർക്കൊക്കെ തൊഴിൽ നഷ്ടമാകും.
ഇടനിലക്കാരില്ലാതാകുന്നതോടെ വിലനിയന്ത്രണം ഇല്ലാത്ത മരുന്നുകൾക്ക് പരമാവധി വില വർദ്ധിപ്പിച്ച് 75 മുതൽ 90 ശതമാനം വരെ കമ്മീഷൻ ആശുപത്രിയുടമകൾക്ക് കൊടുക്കാനും സാദ്ധ്യമാകും.ഇതുവഴി സാധാരണക്കാർക്ക് ഇപ്പോൾ ലഭ്യമാകുന്ന അവശ്യമരുന്നുകളുടെയൊക്കെ വില കുതിച്ചുയരും.

 


പുതിയ വിപണന രീതിയിൽ വ്യാജ ചികിത്സകർക്കും ആപ്പ് കൈക്കലാക്കി മരുന്നു വില്പന പൊടിപൊടിക്കാൻ സൗകര്യമൊരുങ്ങും. മെഡിക്കൽ സ്റ്റോർ വഴി നടക്കുന്ന ബിസിനസുകൾ ഇല്ലാതാകുന്നതോടെ നിരവധി അംഗീകൃത ഫാർമസിസ്റ്റുകൾക്കും ജോലി നഷ്ടമാകും.
നിത്യോപയോഗ സാധനങ്ങൾ പോലെ മരുന്നുകളും ഓൺലൈൻ വഴി ലഭ്യമായി തുടങ്ങുന്നത് വൻ ദുരന്തം വിളിച്ചു വരുത്തുമെന്ന് ഈ രംഗത്തുള്ളവർ മുന്നറിയിപ്പ് നൽകുന്നു. ഡോക്ടർമാരുടെ കുറിപ്പടി കൂടാതെ നാർക്കോട്ടിക് മരുന്നുകൾ വരെ ഈ രീയിൽ ആവശ്യക്കാർക്ക് വാങ്ങാൻ കിട്ടും.
മരുന്നുകമ്പനികളും ഡോക്ടർമാരുമായുളള ആവശുദ്ധ കൂട്ടുകെട്ടുകളെപ്പറ്റി കേന്ദ്രസർക്കാരിന്റെയും വിവിധ കോടതികളുടെയും വിമർശനം നിലനിൽക്കെയാണ് മരുന്നുവില്പനയിലെ പുതിയ മാറ്റത്തിന് അരങ്ങൊരുങ്ങുന്നത്. ഇതിനകംതന്നെ ഇന്ത്യയിലെ പല പ്രമുഖ കമ്പനികളും പുതിയ രീതിക്ക് തുടക്കമിട്ടുകഴിഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here