വടക്കഞ്ചേരി: കുരുമുളകിന്റെ വിളവെടുപ്പായതോടെ മലയോരമേഖലകളെല്ലാം തിരക്കുകളിലേക്ക് വഴിമാറി. ഇനി ഒന്നുരണ്ട് മാസക്കാലം മുളകു പറിക്കലും ഉണക്കലും വൃത്തിയാക്കലുമായി കുരുമുളകിന്റെ ചൂരിലലിയും, കുറഞ്ഞ സ്ഥലത്ത് ഏറ്റവും കൂടുതല്‍ മുളക് ഉത്പാദനം നടക്കുന്ന പാലക്കുഴി ഉള്‍പ്പെടുന്ന മലമ്പ്രദേശങ്ങള്‍.കൈയും മെയ്യും മറന്ന് മണ്ണില്‍ അധ്വാനിച്ചതിന്റെ വിളവെടുപ്പുകാലമാണിത്. മലയോരത്തു കുരുമുളകുകൊടികളില്ലാത്ത തോട്ടങ്ങളോ വീട്ടുപരിസരങ്ങളോ ഉണ്ടാകില്ല. വിസ്തൃതികളില്‍ ഏറ്റക്കുറച്ചില്‍ ഉണ്ടാകാമെങ്കിലും എല്ലാവര്‍ക്കുമുണ്ടാകും മുളകുകൃഷി. റബര്‍വിലയിലെ ചാഞ്ചാട്ടം മൂലം ഇടവേളയ്ക്കുശേഷം കുരുമുളകിനെയാണ് കര്‍ഷകര്‍ ഇപ്പോള്‍ പ്രിയപ്പെട്ട വിളയാക്കി പരിപാലിക്കുന്നത്. മുളകുവള്ളികളില്‍ തിരിയിടുന്നതു മുതല്‍ വിളവും വിലയുമെല്ലാം കുടിയേറ്റ ഗ്രാമങ്ങളുടെ സാമ്പത്തികഭദ്രതയുടെ അളവുകോലാണ്. മുളകിന്റെ വിളവിലോ വിലയിലോ വ്യതിയാനമുണ്ടായാല്‍ അത് ഓരോ കുടുംബങ്ങളുടെയും ഒരു വര്‍ഷത്തെ കുടുംബ ബജറ്റുകളെ സ്വാധീനിക്കും. മക്കളുടെ പഠനം, വിവാഹം, ചികിത്സ, വീടു നിര്‍മാണം, വാഹനം പുതുക്കല്‍, നല്ല ഭക്ഷണം തുടങ്ങി എല്ലാം നിയന്ത്രിക്കുന്നത് ഈ കറുത്തപൊന്നിനെ ചുറ്റിപ്പറ്റിയാണ്. ഇക്കുറി ചില തോട്ടങ്ങളില്‍ നല്ല വിളവുണ്ടെന്നു പാലക്കുഴിയിലെ കര്‍ഷകനും പത്ര ഏജന്റുമാരായ തെള്ളകത്ത് ജോര്‍ജ് പറഞ്ഞു. എന്നാല്‍ ചില തോട്ടങ്ങളില്‍ തിരി കൊഴിച്ചിലും കൊടിക്കു വേരുചീച്ചിലുമായി വിളവ് നന്നേ കുറവാണ്. മഞ്ഞളിപ്പുരോഗവും പടരുന്നുണ്ട്. വലിയ ലാഭകരമാകുംവിധമുള്ള വില ഇല്ലെങ്കിലും കുരുമുളകിന് ഭേദപ്പെട്ട വില ഉള്ളതിനാല്‍ വലിയ പ്രതീക്ഷയാണ് മലയോര വാസികള്‍ക്ക് ഇക്കുറിയുള്ളത്. കിലോക്ക് 470 രൂപ മുതല്‍ 500 കടന്നും വിലയുണ്ട്. ഗുണവും ഡിമാന്‍ഡും കൂടുതലുള്ള പാലക്കുഴി, മംഗലംഡാം മലയോര മേഖലകള്‍ പ്രത്യേകിച്ച് കടപ്പാറ, കളികക്കല്ല് തുടങ്ങിയ പ്രദേശത്തെ കുരുമുളകിനു പത്തോ പതിനഞ്ചോ രൂപ കൂടുതല്‍ കിട്ടും. എക്‌സ്‌പോര്‍ട്ട് ക്വാളിറ്റിയുള്ള മുളകാണ് ഇവിടെ വിളയുന്നതെന്നതാണ് പ്രത്യേകത. വലിപ്പക്കൂടുതല്‍, തൂക്കക്കൂടുതല്‍, കാണാനുള്ള ഭംഗി തുടങ്ങി സവിശേഷതകള്‍ ഏറെയുണ്ട് മലമ്പ്രദേശത്തെ മുളകിന്. കരിമുണ്ട, കരിമുണ്ടി, നീലമുണ്ടി തുടങ്ങിയ കുരുമുളക് ഇനങ്ങളാണ് പാലക്കുഴിയില്‍ കൂടുതലുള്ളതെന്നു വലിയതോതില്‍ മുളകുകൃഷിയുള്ള വെളിയാംകണ്ടം രാജു പറഞ്ഞു. കാലാവസ്ഥ ഉള്‍പ്പെടെയുള്ള ഘടകങ്ങളെ ആശ്രയിച്ചാണ് മുളക് ഉത്പാദനം. എല്ലാം അനുകൂലമാണെങ്കില്‍ പിന്നെ വിളവ് കുറയില്ല. പല മൂപ്പിലുള്ള മുളകായതിനാല്‍ ഓരോ കൊടികളിലും രണ്ടോ മൂന്നോ തവണ മുളക് പറിക്കേണ്ടിവരുമെന്നു മുളകുപറിക്കല്‍ വിദഗ്ധനായ ജോണി പറയുന്നു. മുമ്പൊക്കെ സീസണില്‍ തമിഴ്‌നാട്ടില്‍ നിന്നുള്ളവര്‍ കൂട്ടത്തോടെ പാലക്കുഴി പോലെയുള്ള മലന്പ്രദേശങ്ങളില്‍ എത്തിയിരുന്നു. ഇപ്പോള്‍ തൊഴില്‍ തേടിയെത്തുന്നവര്‍ കുറഞ്ഞു. ഇതിനാല്‍ ഉടമകള്‍തന്നെ മുളകുപറിക്കലുമായി അതിരാവിലെ തോട്ടത്തിലിറങ്ങണം.വലിയ മുണ്ടുകള്‍ സഞ്ചി പോലെ കെട്ടി അതിലാണ് മുളക് പറിച്ചിടുക. നിശ്ചിത മൂപ്പെത്തിയാല്‍ മുളകെല്ലാം പറിച്ചെടുക്കണം. അതല്ലെങ്കില്‍ പഴുത്ത് മണികള്‍ കൊഴിഞ്ഞ് നഷ്ടം കൂടും. പറിച്ചെടുക്കുന്ന തിരിയോടുകൂടിയ മുളകു ചവിട്ടി മണി മാറ്റിയെടുത്ത് നാലോ അഞ്ചോ ദിവസം നല്ല വെയിലില്‍ നിരത്തി ഉണക്കിയെടുക്കണം. നല്ല മൂപ്പും നല്ല ഉണക്കവുമുള്ള കുരുമുളക് എത്ര കാലം വേണമെങ്കിലും കേടുകൂടാതെ സൂക്ഷിക്കാമെന്ന് കര്‍ഷകര്‍ പറയുന്നു.