മാധ്യമവിലക്ക് : പരാതിയുള്ളവർ ഹൈക്കോടതിയെ സമീപിക്കണം
ചവറ എംഎൽഎ എൻ വിജയൻപ്പിള്ളയുടെ മകൻ ശ്രീജിത്തിനെതിരെയുള്ള സാമ്പത്തിക തട്ടിപ്പ് ആരോപണങ്ങൾ സംബന്ധിച്ചുള്ള വാർത്തകൾ നൽകുന്നതിനുള്ള മാധ്യമവിലക്കുമായി ബന്ധപ്പെട്ട് പരാതികളുള്ളവർക്ക് ഹൈക്കോടതിയെ സമീപിക്കാമെന്ന് കരുനാഗപ്പള്ളി സബ്‌കോടതി. 
രാഖുൽ കൃഷ്ണയുടെയും പത്ര പ്രവർത്തക യൂണിയന്റെയും ഉൾപ്പെടെ ഇതുമായി ബന്ധപ്പെട്ട പരാതികൾ ഇനി പരിഗണിക്കില്ലെന്നും കോടതി വ്യക്തമാക്കി. നിലവിലെ വിധിയിൽ പരാതിയുള്ളവർക്കും ഹൈക്കോടതിയിൽ പോകാമെന്നും കോടതി കൂട്ടിച്ചേർത്തു.
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കോടിയേരിക്കൊപ്പം സാമ്പത്തിക തട്ടിപ്പ് ആരോപണം നേരിടുന്ന വ്യക്തിയാണ് ശ്രീജിത്ത്. എന്നാൽ ശ്രീജിത്തിനെതിരായ വാർത്തകൾ നൽകുന്നതിൽ നിന്ന് മാധ്യമങ്ങളെ കരുനാഗപ്പള്ളി സബ്കോടതി നേരത്തെ വിലക്കിയിരുന്നു. ശ്രീജിത്തിന്റെ ഹർജിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി.
എന്നാൽ കഴിഞ്ഞ ദിവസം ഹൈക്കോടതി മാധ്യമവിലക്ക് സ്റ്റേ ചെയ്‌തിരുന്നു. മാധ്യമങ്ങളെ വിലക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും കോടതി നിരീക്ഷിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സബ്കോടതിയുടെ തീരുമാനം.









