മുംബൈ: മീടൂ ക്യാംപെയ്ന്‍ വന്നതിനു ശേഷം സഹപ്രവര്‍ത്തകരോടുള്ള പുരുഷന്‍മാരുടെ ഇടപെടല്‍ അതീവ ജാഗ്രതയോടെയാണെന്ന് റിപ്പോര്‍ട്ട്. മുംബൈ, ഡല്‍ഹി, ബെംഗളൂരു, കൊല്‍ക്കത്ത, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളിലായി 2500 പേര്‍ക്കിടയില്‍ നടത്തിയ സര്‍വേയില്‍ 80 ശതമാനം പുരുഷന്‍മാരും ആവശ്യത്തിലധികം ജാഗരൂകരാണെന്നാണ് ഫലം.
തൊഴില്‍ നഷ്ടം, കുടുംബത്തിന്റെ സല്‍പേര്, അപകീര്‍ത്തി എന്നിവ ഭയന്നാണ് ഇരകള്‍ ആദ്യ കാലങ്ങളില്‍ പീഡനം വെളിപ്പെടുത്താത്തതെന്ന് 80 ശതമാനം പേര്‍ പ്രതികരിച്ചു. കേസ് കൊടുത്തതിനു ശേഷം പോലും ഇരകള്‍ ഭീഷണി നേരിടേണ്ടി വരുന്നുണ്ടെന്ന് 70 ശതമാനം പറയുന്നു. പീഡനത്തെ കുറിച്ചു കാലങ്ങള്‍ക്കു ശേഷം പ്രതികരിക്കുന്നതു ശരിയല്ലെന്ന് 50 ശതമാനത്തോളം പേര്‍ കരുതുന്നു.
എന്നാല്‍ ഇതില്‍ തെറ്റൊന്നുമില്ലെന്ന് അഞ്ചില്‍ രണ്ടു പുരുഷന്‍മാര്‍ വാദിക്കുന്നു. നിലവില്‍ കൂടുതല്‍ ആരോപണങ്ങളും വന്നത് മാധ്യമ ബോളിവുഡ് രംഗങ്ങളില്‍ നിന്നാണെങ്കിലും മറ്റു വ്യവസായ മേഖലകള്‍ സുരക്ഷിതമെന്ന് കരുതാനാവില്ലെന്നാണ് 77 ശതമാനം പേരുടെ പ്രതികരണം.







