
തൃശൂര്‍: ഫിറ്റ്‌നസ് പരിശീലകനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പുതിയ വഴിത്തിരിവ്. തൃശൂര്‍ വടക്കാഞ്ചേരിക്ക് സമീപം ഒന്നാംകല്ലിലാണ് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മണി – കുമാരി ദമ്പതികളുടെ മകനായ മാധവ് (28) ആണ് മരിച്ചത്. മാധവിന്റെ മരണകാരണം പോസ്റ്റുമോര്‍ട്ടത്തിലും കണ്ടെത്താന്‍ സാധിക്കാത്തതിനാല്‍ ആന്തരികാവയവങ്ങള്‍ രാസപരിശോധനയ്ക്കായി അയച്ചു. മസിലുകള്‍ക്ക് കരുത്ത് ലഭിക്കാന്‍ മാധവ് അമിതമായി മരുന്നുകള്‍ ഉപയോഗിച്ചതായി സൂചനയുണ്ട്. വിദേശ നിര്‍മിത മരുന്നുകളും സിറിഞ്ചും കിടപ്പുമുറിയില്‍ നിന്ന് പൊലീസിന് ലഭിച്ചിരുന്നു. മാധവിന്റെ മുറി അകത്തുനിന്ന് കുറ്റിയിട്ട നിലയിലായിരുന്നു. കട്ടിലിന് താഴെയായി കമിഴ്ന്ന് കിടക്കുന്ന നിലയിലായിരുന്നു ശരീരം. അസ്വസ്ഥതകള്‍ അനുഭവപ്പെട്ടപ്പോള്‍ താഴെ വീണതാണോ എന്നാണ് സംശയം. പാമ്പ് കടിയേറ്റിരുന്നോയെന്ന സംശയം ഉയര്‍ന്നെങ്കിലും ലക്ഷണങ്ങളൊന്നും ശരീരത്തിലില്ലായിരുന്നു. മാധവിന്റെ മുഖം നീലനിറത്തിലായിരുന്നു. മരിക്കുമ്പോള്‍ രക്തം ഒരു ഭാഗത്തേയ്ക്ക് മാത്രം വന്നതാകാം ഇതിന് കാരണമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. പോസ്റ്റുമോര്‍ട്ടത്തില്‍ ഹൃദയധമനികളില്‍ ബ്‌ളോക്കും കണ്ടെത്തിയില്ല. ശരീര സൗന്ദര്യ മത്സരങ്ങളില്‍ മാധവ് സ്ഥിരമായി പങ്കെടുക്കാറുണ്ടായിരുന്നു. ജനുവരിയില്‍ നടക്കാനിരിക്കുന്ന മത്സരത്തിനായി കഠിന പരിശീലനം നടത്തുകയായിരുന്നു. ഇതിനോടൊപ്പം മരുന്നുകളും കഴിച്ചിരിക്കാമെന്നാണ് നിഗമനം. ജിം പരിശീലകനായ മാധവ് ദിവസവും നാല് മണിക്ക് ഉണര്‍ന്ന് ജിമ്മില്‍ പോകാറുണ്ടായിരുന്നു. ഇന്നലെ നാലരയായിട്ടും എഴുന്നേറ്റില്ല. ഇതോടെ അമ്മ വാതിലില്‍ തട്ടിവിളിച്ചു. പ്രതികരണമില്ലെന്ന് കണ്ടതോടെ അയല്‍വാസിയുടെ സഹായത്തോടെ വാതില്‍ തള്ളിത്തുറക്കുകയായിരുന്നു. തുടര്‍ന്നാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടില്‍ മാധവും അമ്മയും മാത്രമായിരുന്നു താമസം.







