Kerala Pranamam

മുനമ്പം അപകടം: രണ്ട് മത്സ്യത്തൊഴിലാളികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി

കൊച്ചി: മുനമ്പത്ത് കടല്‍ക്ഷോഭത്തില്‍ മത്സ്യബന്ധന വള്ളം തകര്‍ന്ന് കാണാതായ നാല് മത്സ്യത്തൊഴിലാളികളില്‍ രണ്ട് പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. കൊടുങ്ങല്ലൂര്‍ അഴീക്കല്‍ ഭാഗത്താണ് രണ്ടാമത്തെ മൃതദേഹം കണ്ടെത്തിയത്. ഇതേതുടര്‍ന്ന് കോസ്റ്റ്ഗാര്‍ഡ് ഈ ഭാഗത്തേക്ക് പുറപ്പെട്ടു. മാലിപ്പുറം സ്വദേശി ശരത്തിന്റെ മൃതദേഹം രാവിലെ കണ്ടെത്തിയിരുന്നു. കാണാതായ മറ്റ് രണ്ട് പേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. മത്സ്യബന്ധന ബോട്ടില്‍ നിന്നും മീന്‍ ശേഖരിക്കുന്നതിന് പോയ വള്ളം കടല്‍ക്ഷോഭത്തില്‍ അപകടത്തില്‍പെടുകയായിരുന്നു. ഒരു കന്നാസില്‍ പിടിച്ച് കടലില്‍ കിടന്ന മറ്റ് മൂന്നു പേരെ മറ്റൊരു മത്സ്യബന്ധന ബോട്ടിലുണ്ടായിരുന്നവര്‍ രക്ഷപ്പെടുത്തിയിരുന്നു. എളങ്കുന്നപ്പുഴ മാലിപ്പുറം സ്വദേശികളായ അപ്പു താഹ, മോഹനന്‍, ആലപ്പുഴ സ്വദേശി രാജു എന്നിവരെയാണ് ഇനി കണ്ടെത്താനുള്ളത്. ഇവരില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തിയിട്ടുണ്ട്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. മാലിപ്പുറം സ്വദേശികളായ ബൈജു, മണിയന്‍, ആലപ്പുഴ സ്വദേശി ആനന്ദ് എന്നിവരെ വെള്ളിയാഴ്ച രാത്രി രക്ഷപ്പെടുത്തിയിരുന്നു.