യുദ്ധം നടക്കുമ്പോൾ സൈനികർ അസംതൃപ്തരായാൽ തോൽവി ഉറപ്പാണ്. കൊറോണ മറ്റൊരു ലോക മഹായുദ്ധത്തിന് സമാനമായ ആക്രമണമാണ്. അജ്ഞാതനായ വൈറസിന്റെ ശത്രു മനുഷ്യരാണ്. നമ്മുടെ സൈനികരാകട്ടെ, ഡോക്ടർമാരും ആരോഗ്യപ്രവർത്തകരും ശുചീകരണ തൊഴിലാളികളുമാണ്. ഇവർക്ക് കൂടുതൽ വേതനവും സൗകര്യങ്ങളും നൽകണമെന്നാണ് കഴിഞ്ഞ ദിവസം സുപ്രീം കോടതി ജസ്റ്റിസ് അശോക് ഭൂഷൺ നിർദ്ദേശിച്ചത്.
ഡൽഹി, മുംബൈ, ബാംഗ്ലൂർ അടക്കമുള്ള വൻ നഗരങ്ങളിൽ നഴ്‌സുമാർക്ക് വേണ്ടത്ര വേതനമോ, താമസിക്കാൻ സൗകര്യമോ, പ്രതിരോധ ഉപകരണങ്ങളോ നൽകുന്നില്ല. തുടക്കം മുതലുള്ള ഈ പരാതിക്ക് പരിഹാരം കാണാൻ കേന്ദ്ര സർക്കാർ തന്നെ മുൻകൈ എടുക്കണം. മുഖ്യമന്ത്രിമാരുമായി വീഡിയോ കോൺഫറൻസ് നടത്തുന്ന പ്രധാനമന്ത്രി മോദി വേണ്ട നടപടികൾ സ്വീകരിക്കാൻ സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകണം. മുന്നണി പോരാളികളായ ഇവർക്ക് പിന്നിൽ അണിനിരക്കുന്ന ഫയർഫോഴ്‌സ്, പോലീസ്, ലേബർ ഉദ്യോഗസ്ഥർ, സന്നദ്ധ പ്രവർത്തകർ തുടങ്ങിയവർ വേറെയുമുണ്ട്. വൈറസ് ബാധിതരുമായി നേരിട്ട് ഇടപഴകുകയും അവരുടെ ജീവൻ രക്ഷിക്കുകയും ചെയ്യുന്ന മനുഷ്യർക്ക്, അത് ഡോക്ടറായാലും ഏറ്റവും താഴെത്തട്ടിലുള്ള ശുചീകരണ തൊഴിലാളിയായാലും പ്രോത്സാഹനവും സൗകര്യവും വേതന വർദ്ധനവും നൽകുക എന്നത് കേവലം മനുഷ്യത്വമാണ്. മനുഷ്യ ജീവനുകൾ രക്ഷിക്കുന്നവർക്ക് മനുഷ്യത്വം നിഷേധിക്കപ്പെടുന്നത് ഒരുതരത്തിലും ന്യായീകരിക്കാനാവില്ല.
കൊറോണയെ നേരിടുന്നതിലും രോഗവ്യാപനം തടയുന്നതിലും മുന്നിൽ നിൽക്കുന്ന സംസ്ഥാനമാണ് കേരളം. പക്ഷേ, നമ്മുടെ സംസ്ഥാനത്തുപോലും നഴ്‌സുമാരും ശുചീകരണ തൊഴിലാളികളും പോലീസും അടക്കമുള്ളവർ വിശ്രമമില്ലാതെ പണിയെടുക്കുമ്പോഴും അവർക്ക് ലഭിക്കുന്ന പ്രോത്സാഹനം വളരെ കുറവാണ്. വിമർശനങ്ങളും ആരോപണങ്ങളും ഉയർത്തുന്നതിൽ പൊതുപ്രവർത്തകരും സോഷ്യൽ മീഡിയയും മത്സരിക്കുകയാണ്. എന്നാൽ ഇവർക്ക് വേണ്ടത്ര ആനുകൂല്യങ്ങളോ, സൗകര്യങ്ങളോ ലഭിക്കുന്നുണ്ടോ എന്ന കാര്യം ആരും പരിശോധിക്കുന്നില്ല. നഴ്‌സുമാരെ മാലാഖമാർ എന്ന് വിശേഷിപ്പിച്ചതുകൊണ്ടായില്ല. അവരെയും അവരുടെ കുടുംബങ്ങളെയും കാത്തുരക്ഷിക്കേണ്ട ബാധ്യത സർക്കാരിനും സമൂഹത്തിനുമുണ്ട്. ഇതെല്ലാം തിരിച്ചറിഞ്ഞുകൊണ്ടാണ് സുപ്രീം കോടതി ജസ്റ്റിസ് അശോക് ഭൂഷൺ അധ്യക്ഷനായ ബെഞ്ച് ഈ പ്രശ്‌നങ്ങൾ ഉടൻ പരിഹരിക്കണമെന്ന് നിർദ്ദേശിച്ചത്. ഡോക്ടർമാരുടെയും നഴ്‌സുമാരുടെയും ശമ്പളം ലഭിക്കുന്നില്ലെന്ന പരാതി അതീവ ഗൗരവമുള്ളതാണ്. ഡോക്ടർമാരുടെ ശമ്പളം വെട്ടിക്കുറയ്ക്കുന്നതായിട്ടാണ് ഹർജിക്കാരായ ഡോക്ടർ ആരുഷി ജെയ്ൻ, ഡോക്ടർ ജെറിൽ ബെന്നറ്റ് എന്നിവരുടെ അഭിഭാഷകർ ആരോപിച്ചത്. ഇവർക്ക് എല്ലാ സൗകര്യവും താമസ സൗകര്യവും ഒരുക്കിയിട്ടുണ്ടെന്നാണ് സോളിസിറ്റർ ജനറൽ തുഷാർ മേത്ത നൽകിയ മറുപടി.
സോളിസിറ്റർ ജനറലിന്റെ മറുപടി അസത്യമോ, അർദ്ധ സത്യമോ ആണ്. ഡൽഹിയിലും മുംബൈയിലും മലയാളികളായ നഴ്‌സുമാർ ഉൾപ്പെടെ ആരോഗ്യ പ്രവർത്തകർ മരിക്കാൻ പോലും ഇടയായ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. നഴ്‌സുമാർ തന്നെ അവരുടെ നരകയാതന നേരിട്ട് വെളിപ്പെടുത്തിയ സന്ദർഭങ്ങളുമുണ്ടായി.
വൈറസിന് വലിപ്പ ചെറുപ്പമില്ല. ചാൾസ് രാജകുമാരനും ബ്രിട്ടീഷ് പ്രധാനമന്ത്രിക്കും വൈറസ് പിടിപെട്ടിരുന്നു. കഷ്ടിച്ചാണ് ഇവരെല്ലാം രക്ഷപ്പെട്ടത്. നമ്മുടെ രാജ്യത്ത് പല മന്ത്രിമാർക്കും എംഎൽഎമാർക്കും രോഗം പിടിപെട്ടു. തമിഴ്‌നാട്ടിൽ ഒരു എംഎൽഎ മരണപ്പെടുകയും ചെയ്തു. മഹാരാഷ്ട്രയിൽ മന്ത്രിമാർ രോഗത്തിന്റെ പിടിയിലാണ്. ഒരുഘട്ടത്തിൽ കേന്ദ്ര സർക്കാരിന്റെ ആരോഗ്യ സ്ഥാപനങ്ങൾ തന്നെ അടച്ചുപൂട്ടപ്പെട്ടു. ഇതെല്ലാം കാണിക്കുന്നത് വൈറസിന്റെ ശക്തമായ ആക്രമണമാണ്. ഇത് തടയണമെങ്കിൽ മുന്നണി പോരാളികളായ ഡോക്ടർമാരും നഴ്‌സുമാരും മറ്റ് ആരോഗ്യ പ്രവർത്തകരും ജീവൻ പണയം വെച്ച് പ്രവർത്തിക്കണം. അവർക്ക് വേണ്ട ഭൗതിക സാഹചര്യം ഒരുക്കാൻ മോദി സർക്കാരിനും സംസ്ഥാന സർക്കാരുകൾക്കും കഴിയണം. രാജ്യത്തെ 130 കോടിയോളം ജനങ്ങളുടെ ജീവൻ രക്ഷിക്കാനാണ് ഇപ്പറഞ്ഞ ആരോഗ്യ പ്രവർത്തകർ ശ്രമിക്കുന്നതെന്ന കാര്യം ആരും വിസ്മരിക്കരുത്. അങ്ങനെ സംഭവിച്ചാൽ അതിന് കൊടുക്കേണ്ടി വരുന്ന വില ആയിരക്കണക്കിന് മനുഷ്യ ജീവനുകളാകും. സുപ്രീം കോടതി ഇക്കാര്യത്തിൽ ഉത്തരവിടാതെയാണ് നടപടി ആവശ്യപ്പെട്ടിരിക്കുന്നത്. ഗൗരവത്തോടെ സുപ്രീം കോടതിയുടെ ഇടപെടൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾ കാണുമെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്.








