%20(1).jpg?$p=918719e&f=16x10&w=852&q=0.8)
വാഷിങ്ടണ്‍: മൂന്നാം വട്ടവും അമേരിക്കന്‍ പ്രസിഡന്റ് ആകാന്‍ ആഗ്രഹം പ്രകടിപ്പിച്ച് ഡൊണാള്‍ഡ് ട്രംപ്. അമേരിക്കയിലെ നിലവിലെ നിയമപ്രകാരം രണ്ട് തവണയാണ് ഒരാള്‍ക്ക് അമേരിക്കന്‍ പ്രസിഡന്റ് ആകാന്‍ സാധിക്കുക. എന്നാല്‍, താന്‍ തമാശ പറയുകയല്ലെന്നും മൂന്നാം വട്ടവും പ്രസിഡന്റ് ആകാന്‍ നിയമത്തില്‍ പഴുതുകളുണ്ടെന്നും ഡൊണാള്‍ഡ് ട്രംപ് അന്താരാഷ്ട്ര മാധ്യമമായ എന്‍ബിസി ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
ഒരുപാട് ആളുകള്‍ തന്നോട് നിയമത്തില്‍ ഭേദഗതി വരുത്തി മൂന്നാമതും അമേരിക്കന്‍ പ്രസിഡന്റ് ആകാന്‍ ആവശ്യപ്പെടുന്നുണ്ടെന്നും അഭിമുഖത്തില്‍ ട്രംപ് പറഞ്ഞു. എന്നാല്‍, താന്‍ ഇപ്പോള്‍ നിലവിലെ ഭരണത്തിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്നും ട്രംപ് വ്യക്തമാക്കി. മൂന്നാമതും അമേരിക്കന്‍ പ്രസിഡന്റ് ആകാന്‍ ആഗ്രഹമുണ്ടോയെന്ന ചോദ്യത്തിന് എപ്പോഴും ജോലിയില്‍ ഏര്‍പ്പെട്ടിരിക്കാനാണ് തനിക്ക് താത്പര്യമെന്ന് ട്രംപ് വ്യക്തമാക്കി.
അമേരിക്കയുടെ ചരിത്രത്തില്‍ രണ്ടുതവണയിലധികം അമേരിക്കന്‍ പ്രസിഡന്റ് ആയത് ഫ്രാങ്ക്ളിന്‍ ഡി. റൂസ്വെല്‍റ്റ് മാത്രമായിരുന്നു. നാല് തവണ അമേരിക്കയുടെ പ്രസിഡന്റ് ആകാന്‍ ഫ്രാങ്ക്ളിന് സാധിച്ചു. അതിനുശേഷം 1951-ലാണ് നിയമത്തില്‍ ഭേദഗതികള്‍ വരുത്തിയത്. ഭേദഗതിപ്രകാരം ഒരാള്‍ക്ക് രണ്ടുതവണ മാത്രമാണ് അമേരിക്കന്‍ പ്രസിഡന്റാക്കാന്‍ സാധിക്കുക. 2029 ജനുവരിയിലാണ് ട്രംപിന്റെ ഭരണകാലാവധി അവസാനിക്കുക.
.




