ഇസ്രായേല്‍ ആക്രമണങ്ങള്‍ ലെബനനെ യുദ്ധത്തിലേക്ക് വലിച്ചിഴയ്ക്കാന്‍ സാധ്യതയുണ്ടെന്ന് പ്രധാനമന്ത്രി
ബെയ്‌റൂട്ട്: വീണ്ടുമൊരു യുദ്ധത്തിന് സാധ്യതയെന്ന മുന്നറിയിപ്പുമായി ലെബനന്‍ പ്രധാനമന്ത്രി നവാഫ് സലാം. ഒരു വര്‍ഷം നീണ്ടുനിന്ന യുദ്ധം അവസാനിച്ച് മൂന്ന് മാസമാകുമ്പോള്‍ മേഖലയില്‍ വീണ്ടും അശാന്തി പടരുകയാണ്. ഇന്ന് രാവിലെ ലെബനന്‍ തൊടുത്ത റോക്കറ്റുകളെ തടഞ്ഞതായി ഇസ്രയേല്‍ പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാറ്റ്‌സ് പ്രതികരിക്കുകയുണ്ടായി. പിന്നാലെയായിരുന്നു തെക്കന്‍ ലെബനനിലെ ഇസ്രയേലിന്റെ വ്യോമാക്രമണം.
ഇസ്രായേലിന്റെ ആക്രമണങ്ങള്‍ രാജ്യത്തെ വീണ്ടും യുദ്ധത്തിലേക്ക് വലിച്ചിഴയ്ക്കാന്‍ സാധ്യതയുണ്ടെന്നും സുരക്ഷാ, സൈനിക നടപടികള്‍ സ്വീകരിക്കണമെന്നും ലെബനന്‍ പ്രധാനമന്ത്രി നിര്‍ദേശം നല്‍കി. ഗാസയില്‍ ഇസ്രയേല്‍ യുദ്ധം പുനരാരംഭിച്ചതിന് പിന്നാലെയാണ് ലെബനനുമായും സംഘര്‍ഷം കനക്കുന്നത്. തെക്കന്‍ ലെബനനിലെ രണ്ട് പട്ടണങ്ങളില്‍ ഇസ്രയേല്‍ പീരങ്കി ആക്രമണം നടത്തിയതായും അതിര്‍ത്തിയോട് ചേര്‍ന്നുള്ള മറ്റ് മൂന്ന് പട്ടണങ്ങളില്‍ വ്യോമാക്രമണം നടത്തിയതായും ലെബനന്‍ സ്റ്റേറ്റ് ന്യൂസ് ഏജന്‍സി അറിയിച്ചു.
14 മാസം നീണ്ടുനിന്ന ഇസ്രയേല്‍ ഹിസ്ബുല്ല ഏറ്റുമുട്ടലുകള്‍ക്ക് താല്‍ക്കാലിക വിരാമമിട്ട് നവംബറിലാണ് വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്നത്. ലെബനന്റെ വിവിധ പ്രദേശങ്ങളില്‍ നിന്ന് ഒഴിഞ്ഞുപോയ ജനങ്ങള്‍ വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്നതോടെ വീടുകളിലേക്ക് മടങ്ങിയിരുന്നു. ദക്ഷിണ ലെബനനില്‍ ആയുധങ്ങളടക്കമുള്ള ഹിസ്ബുല്ലയുടെ സാന്നിധ്യം ഉണ്ടാകരുതെന്നും, ഇസ്രായേലി സൈന്യം അതിര്‍ത്തിയില്‍ നിന്ന് പിന്‍മാറണമെന്നുമായിരുന്നു വെടിനിര്‍ത്തലിലെ ധാരണ.
ഇസ്രായേല്‍ ആക്രമണത്തില്‍ സാധാരണക്കാരടക്കം 3700 പേര്‍ക്ക് ജീവന്‍ നഷ്ടമായെന്നാണ് ലെബനന്‍ സ്ഥിരീകരിച്ചത്. അതേസമയം ഇസ്രയേലില്‍ 130 പേര്‍ മരിച്ചെന്നാണ് കണക്ക്.
അയ്യനെ തൊഴുത് രാഷ്ട്രപതി; ഇരുമുടിക്കെട്ട് ക്ഷേത്രനടയില്‍ സമര്‍പ്പിച്ചു
അയ്യനെ തൊഴുത് രാഷ്ട്രപതി. ഇരുമുടിക്കെട്ടുമായി പതിനെട്ടാംപടി ചവിട്ടിയാണ് അയ്യപ്പ ദര്‍ശനം പൂ…






