ഗുവാഹത്തി: മേഘാലയയിലെ കല്‍ക്കരി ഖനിയില്‍ കുടുങ്ങിയ 15 തൊഴിലാളികള്‍ മരിച്ചിട്ടുണ്ടാകാമെന്ന് ദേശീയ ദുരന്ത പ്രതികരണ സേന (എന്‍ഡിആര്‍എഫ്). വെള്ളപ്പൊക്കത്തെ തുടര്‍ന്ന് മേഘാലയയിലെ ഈസ്റ്റ് ജയന്തിയ ജില്ലയില്‍ കല്‍ക്കരി ഖനിയില്‍ കുടുങ്ങിയ തൊഴിലാളികള്‍ക്കായി തിരച്ചില്‍ നടത്തുന്ന എന്‍ ഡി ആര്‍ എഫിലെ മുങ്ങല്‍ വിദഗ്ധരാണ് ഇതുസംബന്ധിച്ച സൂചന നല്‍കിയത്. ഖനിക്കുള്ളില്‍നിന്നും ദുര്‍ഗന്ധം വമിക്കുന്നതായി മുങ്ങല്‍ വിദഗ്ധര്‍ അറിയിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.
ഡിസംബര്‍ 13നാണ് മേഘാലയയിലെ കിഴക്ക് ജെയ്ന്‍തിയ പര്‍വ്വത മേഖലയ്ക്ക് സമീപമുള്ള റാറ്റ് ഹോള്‍ കല്‍ക്കരി ഖനിയില്‍ 15 തൊഴിലാളികള്‍ കുടുങ്ങിയത്. ഖനിക്കുള്ളില്‍ വെള്ളം നിറഞ്ഞതാണ് തൊഴിലാളികള്‍ അപകടത്തില്‍പ്പെടാന്‍ കാരണം. വെളളം പുറത്തേക്ക് കളയാന്‍ സഹായകമായ ഉപകരണം ഇല്ലാത്തതാണ് രക്ഷാപ്രവര്‍ത്തനത്തിന് വിലങ്ങു തടിയായത്.
രക്ഷാപ്രവര്‍ത്തനത്തിനായി 100 കുതിര ശക്തിയുള്ള പത്ത് പമ്പുകള്‍ക്കായി ജില്ലാ ഭരണകൂടത്തോട് എന്‍ഡിആര്‍എഫ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അപേക്ഷ സംസ്ഥാന സര്‍ക്കാറിനെ അറിയിച്ചിരുന്നെങ്കിലും നടപടികളൊന്നും തന്നെ ഉണ്ടായില്ല. ഇതുവരെ 25 കുതിര ശക്തിയുള്ള പമ്പുകള്‍ ഉപയോഗിച്ചാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിയത്. എന്നാല്‍ ഇവ അപര്യാപ്തമാണ്. ഇതിനാല്‍ തിങ്കളാഴ്ച മുതല്‍ പമ്പിംഗ് നടന്നിട്ടില്ല.
എന്‍ഡിആര്‍എഫിന്റെ 70 ഉദ്യോഗസ്ഥരും സംസ്ഥാന ദുരന്ത പ്രതികരണ സേനയുടെ (എസ് ഡി ആര്‍ എഫ്) 22 പേരുമാണ് രക്ഷപ്രവര്‍ത്തനത്തിന് പങ്കെടുത്തത്. കഴിഞ്ഞ 14 ദിവസം കൊണ്ട് മൂന്ന് ഹെല്‍മറ്റുകള്‍ മാത്രമാണ് കണ്ടെത്തിയത്. ഗുഹയിലെ ജലനിരപ്പ് 70 അടിയാണ്. 40 അടിയില്‍ ജലനിരപ്പുള്ള സാഹചര്യത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്താന്‍ മാത്രമേ എന്‍ ഡി ആര്‍ എഫ് ഡൈവര്‍മാര്‍ക്ക് പരിശീലനമുള്ളൂ.







