Home Editor's Choice യുക്രൈനെ റഷ്യ ഉടന്‍ ആക്രമിക്കുമെന്ന് ബൈഡന്‍; പക്ഷം പിടിക്കാതെ ഇന്ത്യ

യുക്രൈനെ റഷ്യ ഉടന്‍ ആക്രമിക്കുമെന്ന് ബൈഡന്‍; പക്ഷം പിടിക്കാതെ ഇന്ത്യ

6
0

വാഷിങ്ടണ്‍: യുക്രൈനെ ആക്രമിക്കാന്‍ റഷ്യ തീരുമാനമെടുത്തെന്ന് അമേരിക്ക. ആക്രമണം ഉടന്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു. ആക്രമണം ന്യായീകരിക്കാന്‍ റഷ്യ കള്ളക്കഥകള്‍ പ്രചരിപ്പിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. റഷ്യന്‍ സേനയുടെ തന്ത്ര പ്രധാന സൈനിക അഭ്യാസം പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്‍ ഇന്ന് നേരിട്ട് വീക്ഷിക്കും. ബാലിസ്റ്റിക്, ക്രൂയിസ് മിസൈലുകളും ആണവായുധങ്ങളും എത്രത്തോളം സജ്ജമാണെന്ന പരിശോധനയാകും നടക്കുക. പതിവ് പരിശോധന മാത്രമാണെന്നും യുക്രൈന്‍ സംഘര്‍ഷവുമായി ബന്ധമില്ലെന്നുമാണ് ഔദ്യോഗിക വിശദീകരണം. ഇതിനിടെ കിഴക്കന്‍ യുക്രൈനില്‍ നിന്ന് ആളുകളെ റഷ്യയിലേക്ക് ഒഴിപ്പിക്കുമെന്ന് വിമത നേതാക്കള്‍ പ്രഖ്യാപിച്ചു. രണ്ടു ബസുകളിലായി ആളുകള്‍ പോകുന്ന ദൃശ്യങ്ങള്‍ വിമതര്‍ പുറത്ത് വിട്ടെങ്കിലും ഇത് ഒഴിപ്പിക്കലാണെന്ന് സ്ഥിരീകരിക്കാനായിട്ടില്ല.ഏതു സമയവും റഷ്യ യുക്രൈനെ ആക്രമിക്കുമെന്ന് വാദം ആവര്‍ത്തിക്കുകയാണ് അമേരിക്കയും നാറ്റോയും. യുക്രൈനിലെ റഷ്യന്‍ പിന്തുണയുള്ള വിമതരുടെ കേന്ദ്രങ്ങളില്‍ നടന്ന ഷെല്ലാക്രമണത്തിന് പിന്നില്‍ റഷ്യന്‍ സൈന്യം തന്നെയാണെന്ന് അമേരിക്ക കുറ്റപ്പെടുത്തുന്നു. യുദ്ധമുണ്ടാക്കാന്‍ ഒരു കാരണം റഷ്യ മനഃപൂര്‍വം സൃഷ്ടിക്കുകയാണെന്നാണ് ആരോപണം. റഷ്യന്‍ അനുകൂലികളെ ആരെങ്കിലും ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന് കഴിഞ്ഞ ദിവസം വ്‌ലാദിമിര്‍ പുടിന്‍ വ്യക്തമാക്കിയിരുന്നു. ഏഴായിരം അധിക സൈനികരെ റഷ്യ കഴിഞ്ഞ ദിവസങ്ങളില്‍ അതിര്‍ത്തിയില്‍ എത്തിച്ചെന്നും ഉപഗ്രഹ ചിത്രങ്ങള്‍ ഇതിനു തെളിവാണെന്നും നാറ്റോ കുറ്റപ്പെടുത്തുന്നു.യുക്രൈനെ അക്രമിക്കില്ലെന്ന് റഷ്യ യുഎന്നില്‍ ഉറപ്പു നല്‍കണമെന്നാണ് അമേരിക്ക ആവശ്യപ്പെടുന്നത്. ഒരു മുതിര്‍ന്ന അമേരിക്കന്‍ നയതന്ത്ര ഉദ്യോഗസ്ഥനെ റഷ്യ പുറത്താക്കിയതോടെ സമവായ സാധ്യത കൂടുതല്‍ മങ്ങി. നാറ്റോ സഖ്യത്തില്‍ ചേരാനുള്ള ശ്രമവുമായി മുന്നോട്ടുപോകുകയാണെന്ന് യുക്രൈന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ സെലന്‍സ്‌കി ആവര്‍ത്തിച്ചു.
യുക്രൈന്‍ പ്രശ്നത്തില്‍ വേണ്ടത് ചര്‍ച്ചകളിലൂടെയുള്ള നയതന്ത്ര പരിഹാരമാണെന്ന് ഐക്യരാഷ്ട്രസഭയില്‍ ഇന്ത്യ വ്യക്തമാക്കി. 2015 ല്‍ യുക്രൈനും റഷ്യയും യൂറോപ്യന്‍ രാജ്യങ്ങളും തമ്മില്‍ ഉണ്ടാക്കിയ സമാധാന ഉടമ്പടി പാലിക്കപ്പെടണമെന്നും യു എന്നിലെ ഇന്ത്യന്‍ അംബാസിഡര്‍ ടിഎസ് തിരുമൂര്‍ത്തി പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്‍ ഇന്ത്യയില്‍ എത്തിയപ്പോള്‍ 28 പ്രതിരോധ കരാറുകളാണ് ഒപ്പിട്ടത്. പ്രതിരോധ മേഖലയില്‍ അമേരിക്കയുമായും റഷ്യയുമായും നിര്‍ണായക ബന്ധങ്ങളുള്ള ഇന്ത്യക്ക്, തിടുക്കത്തില്‍ പക്ഷം ചേരാനാവാത്ത സാഹചര്യമുണ്ട്. റഷ്യക്കെതിരെ അന്താരാഷ്ട്ര നടപടി ഉണ്ടായാല്‍ ഇന്ത്യയും പിന്തുണയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഇന്നലെ അമേരിക്കന്‍ വിദേശകാര്യ വക്താവ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യ യുഎന്നില്‍ പക്ഷം ചേരാനില്ലെന്ന നിലപാട് വ്യക്തമാക്കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here