പാലോട്: ഭര്‍ത്താവിനും മകള്‍ക്കുമൊപ്പം ഉറങ്ങാന്‍ കിടന്ന യുവതിയെ കുത്തേറ്റു മരിച്ചനിലയില്‍ കണ്ടെത്തി. സംഭവത്തിനു ശേഷം ഭര്‍ത്താവ് ഒളിവിലാണ്.പെരിങ്ങമ്മല പറങ്കിമാംവിള നവാസ് മന്‍സിലില്‍ നാസിലാബീഗം(42) ആണ് മരിച്ചത്. ഭര്‍ത്താവ് അബ്ദുല്‍ റഹീമിനെ സംഭവത്തിനു ശേഷം കാണാനില്ല.വ്യാഴാഴ്ച രാവിലെ ആറുമണിയോടെയാണ് നാസില മരിച്ച വിവരം വീട്ടിലുള്ള മറ്റ് അംഗങ്ങള്‍ അറിയുന്നത്. അച്ഛനമ്മമാര്‍ക്കൊപ്പം ഇതേ കട്ടിലില്‍ക്കിടന്നുറങ്ങിയ ഇവരുടെ മകള്‍ ഫൗസിയപോലും കൊലപാതകം അറിഞ്ഞില്ല. കഴുത്തിലും നെഞ്ചിലും ആഴത്തിലേറ്റ കുത്താണ് മരണത്തിനു കാരണമായത്. നാസിലയുടെ കുടുംബവീടായ പെരിങ്ങമ്മലയില്‍ വച്ചാണ് സംഭവം.നെടുമങ്ങാട് വാളിക്കോട് സ്വദേശിയായ റഹീം, തിരുവനന്തപുരം ചാക്ക ഐ.ടി.ഐ.യിലെ ക്ലാര്‍ക്ക് ആണ്. അമിത മദ്യപാനത്തിന് ഇയാള്‍ രണ്ടുവര്‍ഷമായി ചികിത്സയിലായിരുന്നു. ഇപ്പോഴും മരുന്ന് കഴിക്കുന്നുണ്ടെന്ന് വീട്ടുകാര്‍ പറയുന്നു. ബുധനാഴ്ച റഹീം അടുത്ത ഒരു ബന്ധുവിന്റെ വിവാഹച്ചടങ്ങുകള്‍ക്കു പോയിരുന്നു. രാത്രി ഒന്‍പതുമണിയോടെയാണ് തിരിച്ചെത്തിയത്.ഭാര്യക്കും മകള്‍ക്കും ഒപ്പം ആഹാരം കഴിച്ചശേഷമാണ് പത്തുമണിയോടെ ഉറങ്ങാന്‍ കിടന്നത്. കിടക്കുന്നതിനു മുമ്പായി റഹീം ഗുളികകള്‍ കഴിക്കുകയും ചെയ്തിരുന്നു.എന്നും രാവിലെ നാസിലയാണ് പിതാവിന് നിസ്‌കാരത്തിനുള്ള പായ എടുത്തു നല്‍കുന്നത്. ഏഴുമണിയായിട്ടും മകളെ കാണാത്തതിനെത്തുടര്‍ന്ന് മുറിയിലേക്കു നോക്കുമ്പോഴാണ് കൊലപാതകവിവരം അറിയുന്നത്.റഹീമിന്റെ ഒരു ഫോണും ഓഫീസ് ബാഗും മുറിയില്‍ത്തന്നെയുണ്ട്. സമീപ വീടുകളിലെയും മറ്റും സി.സി.ടി.വി. ക്യാമറകള്‍ പരിശോധിച്ചുവരുന്നുണ്ട്. ഡിഗ്രി വിദ്യാര്‍ഥി യാസറും എട്ടാം ക്ലാസ് വിദ്യാര്‍ഥിനി ഫൗസിയയും ആണ് മക്കള്‍.നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം മോര്‍ച്ചറിയിലേക്കു മാറ്റി.റൂറല്‍ എസ്.പി. മധുവിന്റെ നേതൃത്വത്തില്‍ വന്‍ പോലീസ് സംഘം സ്ഥലത്തെത്തി പരിശോധനകള്‍ നടത്തി.