Kerala Pranamam

രണ്‍ജീത് വധം 4 പേര്‍ കൂടി അറസ്റ്റില്‍

ആലപ്പുഴ : ബിജെപി നേതാവ് രണ്‍ജീത് ശ്രീനിവാസിനെ കൊലപ്പെടുത്തിയ കേസില്‍ 4 പേര്‍ കൂടി അറസ്റ്റിലായി. കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത രണ്ടുപേരെയും ഗൂഢാലോചനയില്‍ പങ്കെടുത്ത ഒരാളെയുമാണ് ഇന്നലെ അറസ്റ്റ് ചെയ്തത്. പ്രതികള്‍ക്ക് വ്യാജ സിം കാര്‍ഡുകള്‍ സംഘടിപ്പിച്ചു നല്‍കിയ ആളും അറസ്റ്റിലായി.കൊലപാതകശേഷം മറ്റു ജില്ലകളില്‍ ഒളിവില്‍ കഴിയുകയായിരുന്ന ആലപ്പുഴ സ്വദേശികളായ രണ്ടുപേരാണ് അറസ്റ്റിലായത്. അന്വേഷണത്തെ ബാധിക്കുമെന്നതിനാല്‍ കൊലപാതകത്തില്‍ നേരിട്ടു പങ്കെടുത്തവരുടെ പേരുകള്‍ പൊലീസ് പുറത്തു വിട്ടിട്ടില്ല. ഗൂഢാലോചനയില്‍ പങ്കെടുത്തതിന് ആലപ്പുഴ വലിയമരം വാര്‍ഡ് പുന്നയ്ക്കല്‍ പുരയിടം സെയ്ഫുദ്ദീനെ (48) അറസ്റ്റ് ചെയ്തു. പ്രതികള്‍ ഉപയോഗിച്ച വ്യാജ സിം കാര്‍ഡുകള്‍ പൊലീസ് പിടിച്ചെടുത്തു.വ്യാജ സിം കാര്‍ഡുകള്‍ സംഘടിപ്പിച്ചു നല്‍കിയതിന് പുന്നപ്ര കളിത്തട്ടിനു സമീപം ബി ആന്‍ഡ് ബി മൊബൈല്‍ കട നടത്തുന്ന മുഹമ്മദ് ബാദുഷയെ പുന്നപ്ര പൊലീസ് അറസ്റ്റ് ചെയ്തു. പിടിയിലായവരെ ചോദ്യം ചെയ്തപ്പോള്‍ പല നിര്‍ണായക വിവരങ്ങളും ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.ആലപ്പുഴയിലെ രണ്ട് കൊലപാതക കേസുകളിലെ കൂടുതല്‍ പ്രതികള്‍ പെരുമ്പാവൂര്‍, മൂവാറ്റുപുഴ പ്രദേശങ്ങളില്‍ ഒളിവില്‍ തങ്ങുന്നു എന്ന രഹസ്യവിവരത്തെ തുടര്‍ന്നു പൊലീസ് നിരീക്ഷണം ശക്തമാക്കി. കൊലപാതകത്തിനു ശേഷം ഇരുവിഭാഗം പ്രതികളും എറണാകുളം ജില്ലയിലേക്കു കടന്നതായി അന്നുതന്നെ വിവരം ലഭിച്ചിരുന്നു. ബിജെപി നേതാവിനെ കൊലപ്പെടുത്തിയ കേസിലെ രണ്ടു പേരെ പെരുമ്പാവൂരില്‍ നിന്നു കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്തിരുന്നു. തിരിച്ചറിയല്‍ പരേഡ് നടത്താനുള്ളതിനാല്‍ കസ്റ്റഡിയിലുള്ള പ്രതികളുടെ വിശദാംശങ്ങള്‍ പുറത്തുവിടാന്‍ പൊലീസ് തയാറായിട്ടില്ല. ആലപ്പുഴ കൊലപാതകങ്ങള്‍ക്കു തുടര്‍ച്ചയായ അക്രമങ്ങള്‍ക്കു പെരുമ്പാവൂര്‍, മൂവാറ്റുപുഴ പ്രദേശങ്ങളില്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടും നിലവിലുള്ള സാഹചര്യത്തിലാണു പൊലീസ് നിരീക്ഷണം ശക്തമാക്കിയത്. ഒളിവില്‍ കഴിയുന്ന പ്രതികള്‍ സംസ്ഥാനം വിടാതിരിക്കാന്‍ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലും സമീപ ജില്ലകളുടെ തമിഴ്‌നാട് അതിര്‍ത്തികളിലും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. കുറ്റകൃത്യങ്ങളുടെ ഗൂഢാലോചന, പ്രതികളെ സംരക്ഷിക്കാനുള്ള നീക്കം എന്നിവയിലും ജില്ലയില്‍ അന്വേഷണം തുടങ്ങിയിട്ടുണ്ട്. കുറ്റകൃത്യത്തിനു ശേഷം പ്രതികളെ സഹായിച്ച ചിലരുടെ ടെലിഫോണ്‍ ടവര്‍ ലൊക്കേഷനും ജില്ലയിലാണ്. മുഖ്യപ്രതികളുടെ അറസ്റ്റ് പൂര്‍ത്തിയാക്കിയ ശേഷം ഇവരെയും ചോദ്യം ചെയ്യും