Home Kerala രാഹുല്‍ വയനാട്ടില്‍ മത്സരിക്കുമെന്ന് താന്‍ പറഞ്ഞിട്ടില്ല; മലക്കം മറിഞ്ഞ് ഉമ്മന്‍ചാണ്ടി

രാഹുല്‍ വയനാട്ടില്‍ മത്സരിക്കുമെന്ന് താന്‍ പറഞ്ഞിട്ടില്ല; മലക്കം മറിഞ്ഞ് ഉമ്മന്‍ചാണ്ടി

3
0

കോഴിക്കോട്: രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുമോയെന്ന കാര്യത്തില്‍ പറഞ്ഞ വാക്ക് മാറ്റിപ്പറഞ്ഞ് മലക്കം മറിഞ്ഞ് എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടി. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുഗാന്ധി വയനാട്ടില്‍ മത്സരിക്കുമെന്ന ഒരു സൂചന പോലും താന്‍ നല്‍കിയിട്ടില്ലെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു. മത്സരിക്കണം എന്ന ആവശ്യം ഉന്നയിക്കുക മാത്രമാണ് ചെയ്തതെന്നും ഉമ്മന്‍ചാണ്ടി കോഴിക്കോട് പറഞ്ഞു.

കോണ്‍ഗ്രസ് അധ്യക്ഷന്‍ വയനാട്ടില്‍ മത്സരിക്കുമോ ഇല്ലയോ എന്ന കാര്യത്തില്‍ തീരുമാനമുണ്ടാകേണ്ടത് ഡല്‍ഹിയില്‍ നിന്നാണ്. എത്രയും വേഗത്തില്‍ തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വേഗത്തില്‍ തന്നെ ഇക്കാര്യത്തില്‍ ഹൈക്കമാന്‍ഡ് തീരുമാനം പ്രഖ്യാപിക്കും. ഇക്കാര്യത്തില്‍ തര്‍ക്കമോ ആശങ്കയോ ഇല്ലെന്നും വയനാട്ടില്‍ മത്സരിക്കണമോയെന്ന കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടത് രാഹുല്‍ഗാന്ധി മാത്രമാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

‘രാഹുല്‍ ജി മത്സരിക്കുമെന്ന് ഞാനൊരിക്കലും പറഞ്ഞിട്ടില്ല. കേരളത്തില്‍ മത്സരിക്കണമെന്ന ആവശ്യം ഉന്നയിക്കുക മാത്രമാണ് ചെയ്തത്. തമിഴ്നാട്ടില്‍ നിന്നും കര്‍ണാടകത്തില്‍ നിന്നും അവിടെ മത്സരിക്കണമെന്ന ആവശ്യം ഉയര്‍ന്നപ്പോള്‍ അദ്ദേഹം കേരളത്തില്‍ വന്ന് മത്സരിക്കണമെന്ന ആവശ്യം ഉന്നയിക്കുക മാത്രമാണ് ഞാന്‍ ചെയ്തത്. മത്സരിക്കുമെന്ന സൂചന ഒരു ഘട്ടത്തിലും അദ്ദേഹം നല്‍കിയിരുന്നില്ല. എന്നാല്‍ രാഹുല്‍ ജി കേരളത്തില്‍ നിന്നും മത്സരിക്കും എന്നു തന്നെയാണ് പ്രതീക്ഷ’. ഉമ്മന്‍ ചാണ്ടി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here