Kerala Pranamam

റെഡിമെയ്ഡ് വസ്ത്രങ്ങളെന്ന പേരില്‍ ട്രെയിനില്‍ എത്തിച്ച 436 കിലോ പുകയില ഉല്‍പന്നങ്ങള്‍ പിടികൂടി

ആലപ്പുഴ  റെഡിമെയ്ഡ് വസ്ത്രങ്ങളെന്ന പേരില്‍ പാഴ്‌സലായി ബുക്ക് ചെയ്ത് ട്രെയിനില്‍ എത്തിച്ച 436 കിലോ നിരോധിത പുകയില ഉല്‍പന്നങ്ങള്‍ റെയില്‍വേ സംരക്ഷണസേന പിടിച്ചെടുത്തു.ഇന്നലെ രാവിലെ മൈസൂരുവില്‍ നിന്നു കൊച്ചുവേളിക്കു പോയ ട്രെയിനില്‍ ആലപ്പുഴ റെയില്‍വേ സ്റ്റേഷനിലേക്ക് ബുക്ക് ചെയ്തതായിരുന്നു 9 ചാക്കുകളിലായി 10,000 പാക്കറ്റ് പുകയില ഉല്‍പന്നങ്ങള്‍. ബെംഗളൂരു സ്റ്റേഷനില്‍ നിന്നാണ് പാഴ്‌സല്‍ ബുക്ക് ചെയ്തത്. ഇതിന് അവിടെ 2 ലക്ഷം രൂപയെങ്കിലും വിലവരും. വില്‍ക്കുമ്പോള്‍ 10 ലക്ഷം രൂപയ്ക്കുമേല്‍ വിലവരുമെന്ന് ആര്‍പിഎഫ് പറയുന്നു. റെഡിമെയ്ഡ് ഗാര്‍മെന്റ്‌സ്, ഇലക്ട്രോണിക്‌സ് ഗുഡ്‌സ് എന്നീ പേരുകളില്‍ 2 വിഭാഗമായിട്ടാണ് പാഴ്‌സല്‍ ബുക്ക് ചെയ്തത്. ആര്‍പിഎഫ് നടത്തുന്ന പ്രത്യേക ഡ്രൈവിനെ തുടര്‍ന്നുള്ള പരിശോധനയിലാണ് സംശയം തോന്നിയ പാഴ്‌സല്‍ പിടിച്ചെടുത്തത്. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ബിനുകുമാര്‍, എഎസ്‌ഐ അജിമോന്‍, ഓമനക്കുട്ടന്‍ പിള്ള എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ സംശയം തോന്നിയാണ് പാഴ്‌സല്‍ പൊട്ടിച്ചു പരിശോധിച്ചത്. ഉല്‍പന്നങ്ങള്‍ പൂര്‍ണമായി എക്‌സൈസിനു കൈമാറി. ആര്‍പിഎഫ് കേസെടുത്തു.