Kerala Pranamam

റോഡിനു വീതിയില്ലാത്തത് പ്രശ്‌നമായി : സ്‌കൂള്‍ ബസ് ചരിഞ്ഞു; മരത്തില്‍ത്തട്ടി നിന്നതിനാല്‍ അപകടം ഒഴിവായി

വിതുര: കുട്ടികളെ കയറ്റിയ സ്‌കൂള്‍ ബസ് നിയന്ത്രണംവിട്ട് റബ്ബര്‍ത്തോട്ടത്തിലേക്കു ചരിഞ്ഞു. റബ്ബര്‍മരങ്ങളില്‍ തട്ടി നിന്നതിനാല്‍ വലിയ അപകടം ഒഴിവായി. പനയ്‌ക്കോട് വി.കെ.കാണി ഗവ. ഹൈസ്‌കൂളിലെ ബസാണ് അപകടത്തില്‍പ്പെട്ടത്.ബുധനാഴ്ച രാവിലെ എട്ടുമണിയോടെ മലയടി തച്ചന്‍കോട് ചെന്നിലത്തെ ഇടറോഡിലായിരുന്നു സംഭവം. സ്‌കൂള്‍ കുട്ടികളെ കയറ്റാനായി വന്ന ബസാണ് ചരിഞ്ഞത്. കാരയ്ക്കന്‍തോടില്‍നിന്ന് തച്ചന്‍കോട് ആടാമൂഴി വഴി മലയടിയിലേക്കു പോകുകയായിരുന്നു. വീതികുറഞ്ഞ റോഡിലൂടെ വന്ന ബസിന്റെ വലതുഭാഗത്തെ രണ്ടുചക്രങ്ങള്‍ റോഡില്‍ നിന്നു തെന്നിമാറി. അപകടകരമായി ചരിഞ്ഞെങ്കിലും വലതുവശത്തു നിന്ന രണ്ട് റബ്ബര്‍ മരങ്ങളില്‍ തട്ടി നില്‍ക്കുകയായിരുന്നു. ഈ സമയം ബസിലുണ്ടായിരുന്ന രണ്ടു കുട്ടികളില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥി ആരോമലിന് നിസാര പരിക്കേറ്റു.കുട്ടി മലയടി പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ ചികിത്സ തേടി. ഡ്രൈവറെക്കൂടാതെ ആയയും ബസില്‍ ഉണ്ടായിരുന്നു. മുമ്പ് വയലായിരുന്ന പ്രദേശത്തെ റോഡുകള്‍ക്ക് മതിയായ വീതിയോ ഉറപ്പോ ഇല്ലെന്ന് നേരത്തെ പരാതിയുണ്ട്. വയല്‍വരമ്പുകള്‍ നികത്തി നിര്‍മിച്ച റോഡുകളാണ് ഈ ഭാഗത്ത് അധികവും. വശങ്ങളിലൂടെ ഒഴുകുന്ന തോടുകളും പ്രശ്‌നം രൂക്ഷമാക്കുന്നു. അപകടവളവുകള്‍ നിരവധിയുള്ള റോഡിനു കുറുകെയുള്ള പാലങ്ങള്‍ക്ക് വീതിയോ കൈവരികളോ ഇല്ലാത്തതും ഭീഷണിയാണ്. മഴക്കാലത്ത് വെള്ളംകയറി തോടും റോഡും ഒന്നാകുന്നത് റോഡിന്റെ ഉറപ്പിനെ ബാധിക്കുന്നുണ്ട്. സ്‌കൂള്‍ വാഹനങ്ങള്‍ ഉള്‍പ്പെടെ കടന്നുപോകുന്ന റോഡുകള്‍ക്ക് പാര്‍ശ്വഭിത്തി ഉള്‍പ്പെടെ നിര്‍മിച്ച് സുരക്ഷ ഉറപ്പാക്കണമെന്ന് നാട്ടുകാര്‍ പറയുന്നു. കുടിവെള്ള പൈപ്പുകള്‍ സ്ഥാപിക്കുന്നതിനായി ജലഅതോറിറ്റി നിര്‍മിച്ച കുഴികളും ജലജീവന്‍ മിഷന്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നിര്‍മിച്ച കുഴികളും മൂടാത്തതും അപകടങ്ങള്‍ ക്ഷണിച്ചുവരുത്തുന്നു. പ്രദേശത്തെ വീതിയില്ലാത്ത റോഡുകളുടെ വശങ്ങളില്‍ ഇത്തരം നിരവധി കുഴികളുണ്ട്