കാഞ്ഞിരപ്പള്ളി: വാഹനമിടിച്ച് തകര്‍ന്ന പൊടിമറ്റം-ആനക്കല്ല് റോഡിലെ പാലത്തിന്റെ കൈവരികള്‍ പുനഃസ്ഥാപിക്കണമെന്ന ആവശ്യം ശക്തമായി. പൊടിമറ്റത്തിനു സമീപമുള്ള തോടിന് കുറുകെയുള്ള പാലത്തിന്റെ കൈവരികളാണ് പത്തു മാസത്തോളമായി തകര്‍ന്നു കിടക്കുന്നത്. ചെറിയ വളവിനോടു ചേര്‍ന്നു സ്ഥിതി ചെയ്യുന്ന പാലത്തിനു കൈവരികള്‍ ഇല്ലാത്തത് അപകടത്തിനു കാരണമാകുന്നു. രാത്രി വളവു തിരിഞ്ഞെത്തുന്ന വാഹനങ്ങള്‍ അപകടത്തില്‍പ്പെടാനുള്ള സാധ്യതയും ഏറെയാണ്. അപകടങ്ങളൊഴിവാക്കാന്‍ നാട്ടുകാര്‍ കമ്പ് നാട്ടിയിരുന്നു. എന്നാല്‍, അതും നശിച്ച നിലയിലാണ്.ദേശീയപാത 183ല്‍ പൊടിമറ്റത്തുനിന്ന് ആരംഭിക്കുന്ന റോഡിലൂടെ വണ്ടന്‍പാറ വഴിയും പൊന്മല വഴിയും ആനക്കല്ലില്‍ കാഞ്ഞിരപ്പള്ളി-ഈരാറ്റുപേട്ട റോഡില്‍ പ്രവേശിക്കാം. ഹൈറേഞ്ചില്‍നിന്നും മുണ്ടക്കയം വഴിയെത്തുന്ന വാഹനങ്ങള്‍ കാഞ്ഞിരപ്പള്ളി ടൗണില്‍ പ്രവേശിക്കാതെ ഈരാറ്റുപേട്ട, പാലാ, തൊടുപുഴ ഭാഗത്തേക്കും കടന്നുപോകാന്‍ കഴിയുന്ന ഇതുവഴി ദിവസേന നൂറുകണക്കിനു വാഹനങ്ങളാണു കടന്നുപോകുന്നത്. വണ്ടന്‍പാറ, പൊന്മല, 85 കോളനി ഭാഗം തുടങ്ങിയ ഗ്രാമീണ മേഖലയിലെ ജനങ്ങളും നിത്യവും ഉപയോഗിക്കുന്ന റോഡ് കൂടിയാണിത്.