കോഴിക്കോട്: റോഡ് പ്രവൃത്തി സമയബന്ധിതമായി പൂര്‍ത്തിയാക്കാത്തതിന് കരാറുകാരനെ ഒഴിവാക്കി. കാസര്‍കോട് എം.ഡി കണ്‍സ്ട്രക്ഷനെതിരെയാണ് പൊതുമരാമത്ത് വകുപ്പിന്റെ നടപടി. പേരാമ്പ്ര-താന്നിക്കണ്ടി – ചക്കിട്ടപാറ റോഡ് പ്രവൃത്തിയിലെ അലംഭാവത്തെ തുടര്‍ന്നാണ് നടപടി. 2020 മേയ് 29നാണ് പ്രവൃത്തി തുടങ്ങിയത്. ഒമ്പത് മാസം കൊണ്ട് പ്രവൃത്തി പൂര്‍ത്തീകരിക്കാനായിരുന്നു കരാര്‍. 10 കോടി രൂപ പദ്ധതിക്കായി അനുവദിക്കുകയും ചെയ്തു. എന്നാല്‍, പ്രവൃത്തി ഇഴഞ്ഞുനീങ്ങുകയാണ് ചെയ്തത്. കരാര്‍ പ്രകാരം ഫെബ്രുവരിയിലാണ് പ്രവൃത്തി പൂര്‍ത്തീകരിക്കേണ്ടിയിരുന്നത്. പൊതുമരാമത്ത് വകുപ്പ് നിരന്തരം ആവശ്യപ്പെട്ടിട്ടും കരാറുകാരന്‍ പ്രവൃത്തി നടത്താന്‍ തയാറായില്ല. ഇതുമൂലം ജനങ്ങള്‍ ബുദ്ധിമുട്ടനുഭവിക്കുന്ന കാര്യം ജനപ്രതിനിധികള്‍ ചൂണ്ടിക്കാട്ടുകയും ചെയ്തു. പ്രവൃത്തി പൂര്‍ത്തിയായില്ലെന്ന പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് സ്ഥലം സന്ദര്‍ശിച്ചു. സമയബന്ധിതമായി പണി പൂര്‍ത്തീകരിക്കാന്‍ കരാറുകാര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി. എന്നിട്ടും പുരോഗതി ഉണ്ടായില്ല. 16 മാസം കൊണ്ട് 10 ശതമാനത്തില്‍ താഴെ മാത്രമാണ് പ്രവൃത്തി പൂര്‍ത്തീകരിച്ചത്. ഇതേ തുടര്‍ന്നാണ് കടുത്ത നടപടികളിലേക്ക് നീങ്ങിയത്. കോഴിക്കോട് ദേശീയപാതയില്‍ പ്രവൃത്തിയില്‍ അലംഭാവം കാണിച്ച കരാറുകാരനില്‍നിന്ന് പിഴ ഈടാക്കാന്‍ കഴിഞ്ഞദിവസം തീരുമാനിച്ചിരുന്നു.