Home Covid 19 Updates ലോക്ക്ഡൗണ്‍ സമയത്തെ പ്രധാനമന്ത്രിയുടെ വീട്ടുമുറ്റത്ത് പാര്‍ട്ടി ; ബ്രിട്ടണില്‍ ബോറിസ് ജോണ്‍സന് രാജി വയ്‌ക്കേണ്ടി വന്നേക്കും

ലോക്ക്ഡൗണ്‍ സമയത്തെ പ്രധാനമന്ത്രിയുടെ വീട്ടുമുറ്റത്ത് പാര്‍ട്ടി ; ബ്രിട്ടണില്‍ ബോറിസ് ജോണ്‍സന് രാജി വയ്‌ക്കേണ്ടി വന്നേക്കും

2
0

 

Boris Johnson's Plan to Get Brexit Done and 'Hang the Consequences'
രാജ്യം മുഴുവന്‍ കോവിഡ് ലോക്ക്ഡൗണില്‍ അടച്ചുപൂട്ടി വീട്ടിലിരുന്നപ്പോള്‍ പ്രധാനമന്ത്രി, ഓഫീസിലെ ജീവനക്കാരെ ക്ഷണിച്ചുവരുത്തി സ്വന്തം വീട്ടില്‍ പാര്‍ട്ടി നടത്തിയ വിവാദം പുതിയ തലത്തിലേക്കെത്തുന്നു. ഇതുമായി ബന്ധപ്പെട്ട ഒരുഈ-മെയില്‍ പുറത്തുവന്നതോടെയാണിത്. ഏകദേശം നൂറോളം ജീവനക്കാരോട്, അവര്‍ക്കാവശ്യമായ മദ്യവുമായി നമ്ബര്‍ 10 ലേക്ക് എത്താന്‍ ക്ഷണിച്ചുകൊണ്ട് പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പിള്‍ പ്രൈവറ്റ് സെക്രട്ടറി മാര്‍ട്ടിന്‍ റെയ്‌നോള്‍ഡ്‌സ് അയച്ച ഈ മെയില്‍ സന്ദേശമാണ് ഐ ടി വി ന്യുസ് ഷോയില്‍ പുറത്തുവന്നത്. 2020 മെയ് 20 ന് ആയിരുന്നു വിവാദമായ പാര്‍ട്ടി നടന്നത്.ആ സമയത്ത് ബ്രിട്ടനില്‍ നിലവിലിരുന്ന കോവിഡ് നിയന്ത്രണങ്ങള്‍ പ്രകാരം രണ്ട് പേര്‍ക്ക് മാത്രമായിരുന്നു പുറത്ത് ഒത്തുചേരാന്‍ അനുവാദം ഉണ്ടായിരുന്നത്. അതും, ചുരുങ്ങിയത് രണ്ട് മീറ്റര്‍ അകലമെങ്കിലും പാലിച്ചുകൊണ്ടു മാത്രം. അതേസമയം, പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നോ എന്ന ചോദ്യത്തില്‍ നിന്നും ബോറിസ് ജോണ്‍സണ്‍ ഒഴിഞ്ഞുമാറുകയായിരുന്നു. തന്റെ നിയോജകമണ്ഡലം സന്ദര്‍ശിക്കുന്നതിനിടെയായിരുന്നു ഈ ചോദ്യം ഉയര്‍ന്നത്. ഇപ്പോള്‍ ഇതിനെ കുറിച്ച് അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്നും കൂടുതലൊന്നും പറയാനില്ല എന്നുമായിരുന്നു അദ്ദേഹത്തിന്റെ ഉത്തരം.എന്നാല്‍, ഐ ടി വി ന്യുസില്‍ പറയുന്നത് അന്നേദിവസം ഏകദേശം 40 ജീവനക്കാരോളം വൈകിട്ട് 6 മണിമുതല്‍ മദ്യവും ഭക്ഷണവുമായി അവിടെ കൂടിയിരുന്നു എന്നാണ്. അതില്‍ പ്രധാനമന്ത്രിയും ഭാര്യയും പങ്കെടുത്തിരുന്നു. പ്രധാനമന്ത്രിയുടെ മുഖ്യ സഹായിയായിരുന്ന ഡൊമിനിക് കമ്മിങ്‌സും ഇക്കാര്യം സ്ഥിരീകരിക്കുന്നു. തിരക്കു പിടിച്ച ഒരു കാലത്ത് അല്പം സ്‌നേഹോഷ്മളമായ അന്തരീക്ഷം ആസ്വദിക്കാം എന്നു പറഞ്ഞുകൊണ്ടാണ് റെയ്‌നോള്‍ഡ്‌സിന്റെ ഈ മെയില്‍ സന്ദേശം ആരംഭിക്കുന്നത്. സാമൂഹിക അകലം പാലിച്ചുകൊണ്ട് അല്പം മദ്യം സേവിക്കാന്‍ നമ്ബര്‍ 10 ല്‍ ഒത്തുകൂടാം എന്നു അതില്‍ പറയുന്നു. വൈകിട്ട് 6 മണിക്ക് ഒത്തുകൂടാമെന്നും ഓരോരുത്തരും അവരവര്‍ക്കുള്ള മദ്യം കൊണ്ടുവരണമെന്നും സന്ദേശത്തില്‍ പറയുന്നു.മറ്റുള്ളവര്‍ക്ക് വേണ്ടി നടപ്പാക്കിയ നിയമത്തില്‍ ബോറിസ് ജോണ്‍സണ്‍ തീരെ വിശ്വാസമില്ല എന്നാണ് ഇത് കാണിക്കുന്നതെന്ന് ലേബര്‍പാര്‍ട്ടിയുടെ ഉപനേതാവ് ഏയ്ഞ്ചല റെയ്‌നാര്‍ പറഞ്ഞു. ഭൂരിപക്ഷം പൗരന്മാരും നിയമം അനുസരിച്ച് ജീവിച്ചപ്പോള്‍ പ്രധാനമന്ത്രിയുടെ ഓഫീസിലുള്ളവര്‍ അത് ലംഘിക്കുകയായിരുന്നു എന്നതിന് ഇത് ഉത്തമോദഹരണമാണ് എന്നായിരുന്നു ലിബറല്‍ ഡെമോക്രാറ്റ് നേതാവ് സര്‍ എഡ് ഡാവേ പറഞ്ഞത്. ബോറിസ് ജോണ്‍സന്റെ മദ്യ സത്കാരം നടന്ന അതേദിവസം തന്നെയാണ് ആളുകള്‍ക്ക് പുറംവാതില്‍ ഇടങ്ങളില്‍ മാത്രമേ ജോഡികളായി ഒത്തുകൂടാനാകൂ എന്ന കള്‍ച്ചറല്‍ സെക്രട്ടറിയുടെ പ്രഖ്യാപനം വന്നത്.അഴിമതിയും ദുര്‍ഭരണവുമാണ് ബോറിസ് ജോണ്‍സന്റെ കീഴില്‍ നടക്കുന്നതെന്ന് ആരോപിച്ചഎസ് എന്‍ പി വെസ്റ്റ്മിനിസ്റ്റര്‍ നേതാവ് ഇയാന്‍ ബ്ലാക്ക്‌ഫോര്‍ഡ്, ഇതിനെ കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തി ബോറിസ് ജോണ്‍സണ്‍ സംശുദ്ധി തെളിയിക്കണമെന്നും ആവശ്യപ്പെട്ടു. ഈ റിപ്പോര്‍ട്ട് പുറത്തുവന്ന ഉടനെ തങ്ങള്‍ കാബിനറ്റ് ഓഫീസുമായി സമ്ബര്‍ക്കത്തില്‍ ഏര്‍പ്പെടുന്നുണ്ടെന്ന് മെറ്റ് പൊലീസ് വക്താവ് പറഞ്ഞെങ്കിലും ഇതിനെ കുറിച്ച് അന്വേഷണം നടത്തുന്നുണ്ടോ എന്ന കാര്യം വ്യക്തമാക്കിയിട്ടില്ല.കര്‍ശനമായ കോവിഡ് നിയന്ത്രണങ്ങളുടെ പേരില്‍ ബോറിസ് ജോണ്‍സനെ എതിര്‍ത്തിരുന്ന ടോറി പാര്‍ട്ടിയിലെ വിമതര്‍ക്ക് ഇത് പുതിയ ഒരു ആയുധമാണ് ഇപ്പൊള്‍ ലഭിച്ചിരിക്കുന്നത്. ഇതൊടെ ബോറിസ് ജോണ്‍സന്റെ പരമാധികാരം പാര്‍ട്ടിക്കുള്ളില്‍ ചോദ്യം ചെയ്യപ്പെടും എന്നുറപ്പായിരിക്കുന്നു. കൂനിന്മേല്‍ കുരു എന്നപോലെ 2020-ലെ ശൈത്യകാലത്ത് ഡൗണിങ് സ്ട്രീറ്റില്‍ ബോറിസ് ജോണ്‍സണ്‍ ഒരു ക്രിസ്ത്മസ് ക്വിസ് നടത്തുന്ന ചിത്രം കഴിഞ്ഞദിവസം സണ്‍ഡേ മെയില്‍ പുറത്തുവിട്ടിരുന്നു.കഴിഞ്ഞ മാസം ഓമിക്രോണിനെ ചെറുക്കാന്‍ കര്‍ശന നിയന്ത്രണങ്ങള്‍ ബോറിസ് ജോണ്‍സണ്‍ ഏര്‍പ്പെടുത്തിയതിനെതിരെ പാര്‍ട്ടിക്കുള്ളില്‍ നിന്നും തന്നെ അതിരൂക്ഷമായ വിമര്‍ശനം ഉയര്‍ന്നുവന്നിരുന്നു. ലോര്‍ഡ് ഫ്രോസ്റ്റിന്റെ രാജിക്ക് പുറകിലും അതായിരുന്നു കാരണം എന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത്. ഇപ്പോള്‍ ഈ മെയില്‍ സന്ദേശം കൂടി പുറത്തുവന്നതോടെ ബോറിസ് ജോണ്‍സന്റെ മേല്‍ സമ്മര്‍ദ്ദം ഏറുകയാണ്. പ്രതിപക്ഷ കക്ഷികള്‍ ഒന്നായി അദ്ദേഹത്തിനെതിരെ തിരിഞ്ഞിരിക്കുന്നു. പാര്‍ട്ടിക്കുള്ളിലെ വിമതര്‍ കൂടി ഇത് ഏറ്റുപിടിച്ചാല്‍ പിന്നെ ബോറിസ് ജോണ്‍സണ് രാജിവെച്ച് ഒഴിയുകയല്ലാതെ മറ്റ് മാര്‍ഗ്ഗങ്ങള്‍ ഒന്നും ഉണ്ടാകില്ല.

LEAVE A REPLY

Please enter your comment!
Please enter your name here