
ലണ്ടന്‍ :ലോക്ഡൗണ്‍ കാലത്ത് ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ ഔദ്യോഗിക വസതിയായ പത്താം നമ്ബര്‍ ഡൗണിങ് സ്ട്രീറ്റില്‍ നടന്ന പാര്‍ട്ടികള്‍ നേതൃത്വത്തിന്റെ പിടിപ്പുകേടാണെന്ന് അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ട്.റിപ്പോര്‍ട്ടിനെ ചൊല്ലി പാര്‍ലമെന്റില്‍ ചോദ്യശരങ്ങള്‍ക്കു മുന്നില്‍ വിളറിയ പ്രധാനമന്ത്രി രാജ്യത്തോട് ക്ഷമ ചോദിച്ചു. ആരോപണം ഉയര്‍ന്നപ്പോള്‍ തന്നെ ഇതു സമ്മതിച്ച് പാര്‍ലമെന്റില്‍ ക്ഷമ ചോദിച്ചിരുന്ന പ്രധാനമന്ത്രി ഇന്നലെ വീണ്ടും തന്റെ ക്ഷമാപണം ആവര്‍ത്തിച്ചു. എന്നാല്‍ ക്ഷമാപണത്തിലൂടെ രക്ഷപെടാന്‍ നോക്കാതെ രാജ്യത്തെ വഞ്ചിച്ച പ്രധാനമന്ത്രി രാജിവച്ച് ഒഴിയണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.ആരോപണത്തെക്കുറിച്ച് അന്വേഷിച്ച സീനിയര്‍ സിവില്‍ സേര്‍വന്റ് സൂ ഗ്രേ വിശദമായ തെളിവെടുപ്പുകള്‍ക്കു ശേഷമാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. പലതവണയായി നടന്ന പാര്‍ട്ടികളും കൂടിച്ചേരലുകളും പലതും ഒഴിവാക്കേണ്ടതു തന്നെയായിരുന്നു എന്നാണ് അന്വേഷണ റിപ്പോര്‍ട്ടിലുള്ളത്. കമ്മിഷന്റെ കണ്ടെത്തലുകളെ അംഗീകരിക്കുന്നതായി പ്രധാനമന്ത്രി പറഞ്ഞു.ബോറിസിന്റെ വസതിയിലെ പാര്‍ട്ടികളെക്കുറിച്ചുള്ള മെട്രോപൊളിറ്റന്‍ പൊലീസിന്റെ അന്വേഷണം തുടരുകയാണ്. എട്ടുദിവസങ്ങളിലായി നടന്ന പന്ത്രണ്ട് പാര്‍ട്ടികളെക്കുറിച്ചാണ് പൊലീസ് അന്വേഷണം തുടരുന്നത്. ഇതില്‍ ബോറിസ് പങ്കെടുത്ത അദ്ദേഹത്തിന്റെ ജന്മദിന പാര്‍ട്ടിയും ഉള്‍പ്പെടുന്നു. ലോക്ഡൗണ്‍ നിബന്ധനകളില്‍ ലംഘനം ഉണ്ടായിട്ടുണ്ടോ എന്നാണ് പൊലീസ് പ്രധാനമായും അന്വേഷിക്കുന്നത്. ഇത് കണ്ടെത്തിയാല്‍ ക്ഷമാപണത്തില്‍ കാര്യങ്ങള്‍ ഒതുക്കാന്‍ പ്രധാനമന്ത്രിക്ക് കഴിയാതെ വരും.ലോക്ഡൗണ്‍ കാലത്ത് രാജ്യം മുഴുവന്‍ അടച്ചിട്ടശേഷം സ്വന്തം ബര്‍ത്ത്‌ഡേ പാര്‍ട്ടി ഉള്‍പ്പെടെ നിരവധി പാര്‍ട്ടികള്‍ ബോറിസിന്റെ അനുമതിയോട ഡൗണിങ് സ്ട്രീറ്റില്‍ നടന്നെന്നാണ് പുറത്തുവന്നിരിക്കുന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇതൊന്നും ഔദ്യോഗിക പാര്‍ട്ടികള്‍ അല്ലായിരുന്നു എന്നും സ്റ്റാഫിന്റെയും കുടുംബാംഗങ്ങളുടെയും അനൗദ്യോഗിക കൂടിച്ചേരലുകള്‍ മാത്രമായിരുന്നു എന്നുമാണ് പ്രധാനമന്ത്രി വിശദീകരിക്കുന്നത്.








