വനിതാ ഏഷ്യാ കപ്പില്‍ ശ്രീലങ്ക ഫൈനലില്‍. പാകിസ്താനെതിരെ നടന്ന സെമിഫൈനലില്‍ ഒരു റണ്ണിനു വിജയിച്ചാണ് ശ്രീലങ്ക ഫൈനലില്‍ പ്രവേശിച്ചത്. ശ്രീലങ്ക മുന്നോട്ടുവച്ച 123 റണ്‍സ് പിന്തുടര്‍ന്ന പാകിസ്താന് നിശ്ചിത 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 121 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. ക്യാപ്റ്റന്‍ ബിസ്മ മറൂഫ് (42) ആണ് പാകിസ്താന്റെ ടോപ്പ് സ്‌കോറര്‍. 14 വര്‍ഷത്തിനിടെ ഇത് ആദ്യമായാണ് ശ്രീലങ്ക വനിതാ ഏഷ്യാ കപ്പ് ഫൈനലിലെത്തുന്നത്. ഫൈനലില്‍ ശ്രീലങ്ക ഇന്ത്യയെ നേരിടും.ഹര്‍ഷിത മാദവി (35), അനുഷ്‌ക സഞ്ജീവനി (26) എന്നിവരാണ് ശ്രീലങ്കക്കായി ബാറ്റിംഗില്‍ തിളങ്ങിയത്. പാകിസ്താനു വേണ്ടി നഷ്‌റ സന്ധു മൂന്ന് വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിംഗില്‍ എല്ലായ്‌പ്പോഴും പാകിസ്താനു വിജയസാധ്യത ഉണ്ടായിരുന്നെങ്കിലും അവസാന ലാപ്പില്‍ കാലിടറി. കൃത്യമായ പ്ലാനിങ്ങോടെ നടന്ന ചേസിംഗ് അവസാന ഓവറുകളിലെ ചില മോശം ഷോട്ടുകളില്‍ പാകിസ്താന് കൈമോശം വരികയായിരുന്നു.തായ്‌ലന്‍ഡിനെ 74 റണ്‍സിനു തകര്‍ത്താണ് ഇന്ത്യ ഫൈനലില്‍ പ്രവേശിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ മുന്നോട്ടുവച്ച 149 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ തായ്‌ലന്‍ഡിന് നിശ്ചിത 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടപ്പെടുത്തി 74 റണ്‍സ് നേടാനേ സാധിച്ചുള്ളൂ. ഇന്ത്യക്കായി ബാറ്റിംഗില്‍ ഷഫാലി വര്‍മയും (42) ബൗളിംഗില്‍ ദീപ്തി ശര്‍മയും (3 വിക്കറ്റ്) തിളങ്ങി.








