Kerala Pranamam

വനിതാ പരാതി അദാലത്തില്‍ പരിഗണിച്ചത് 30 കേസുകള്‍

ഇടുക്കി: മൂന്നാറില്‍ നടത്തിയ വനിതാ പരാതി അദാലത്തില്‍ ദേവികുളം താലൂക്കിലെ 30 കേസുകള്‍ പരിഗണിച്ചു. ഏഴു സ്റ്റേഷനുകളില്‍ നിന്നുള്ള 28 കേസുകളും പിങ്ക് പൊലീസിന് ലഭിച്ച രണ്ടു പരാതികളുമുള്‍പ്പെടെ 30 കേസുകളാണ് പരിഗണിച്ചത്. ഗാര്‍ഹികവും അതിര്‍ത്തി സംബന്ധമായ പരാതികളായിരുന്നു കൂടുതലും. ഒരെണ്ണം പോലും ക്രിമിനല്‍ സ്വഭാവമുള്ളതായിരുന്നില്ല. മൂന്നാറിലെ ജില്ലാ പൊലീസ് പരിശീലന കേന്ദ്രത്തിലായിരുന്നു അദാലത്ത്. അഡീഷണല്‍ എസ്.പി.സുനില്‍കുമാറിന്റെ നേതൃത്വത്തില്‍ പരാതികള്‍ പരിശോധിച്ചു. താലൂക്കിലെ മൂന്നാര്‍, മറയൂര്‍, രാജാക്കാട്, ദേവികുളം, ശാന്തമ്പാറ, അടിമാലി, വെള്ളത്തൂവല്‍ എന്നീ സ്റ്റേഷനുകളുടെ പരിധിയില്‍ ഉള്‍പ്പെടുന്ന വനിതകളാണ് അദാലത്തില്‍ പങ്കെടുത്തത്. ഓരോ മേഖലകള്‍ കേന്ദ്രീകരിച്ച് വനിതാ പൊലീസുകാരടക്കമുള്ള ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ വിവിധ സംഘങ്ങളായിരുന്നു പരാതികള്‍ കേട്ട് ആവശ്യമുള്ളവര്‍ക്ക് കൗണ്‍സലിംഗ് നല്‍കുന്നതിനുള്ള സൗകര്യവും ഒരുക്കിയിരുന്നു. മൂന്നാര്‍ ഡിവൈ.എസ്.പി എം.ആര്‍.മനോജ്, സി.ഐ മനേഷ് എം. പൗലോസ്, വനിതാ സെല്‍ സി.ഐ ആര്‍.ജെജോഷി, വിവിധ സ്റ്റേഷനുകളിലെ എസ്.ഐമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.