കോതമംഗലം : കുട്ടമ്പുഴ പഞ്ചായത്തിലെ മാമലക്കണ്ടത്തു വയോധികൻ പുഴുവരിച്ച് ദയനീയാവസ്ഥയിൽ തിരിഞ്ഞ് നോക്കാൻ ആളില്ലാതെ നരകിക്കുന്നു. മാമലക്കണ്ടം, ചാമപ്പാറയിലെ ആളൊഴിഞ്ഞ കടയുടെ വരാന്തയിലാണ് ഗോപി എന്ന് വിളിപ്പേരുള്ള കൃഷ്ണപ്രസാദിനെ പുഴുവരിച്ച നിലയിൽ കണ്ടത്. കാലിൽ ആഴത്തിലുള്ള വൃണം പൊട്ടിയൊലിച്ചു പുഴുവരിച്ചു വിവസ്ത്രനായിട്ടാണ് ഇയാളുടെ കിടപ്പ്. ഭക്ഷണം തനിയെ കഴിക്കാൻ പറ്റാത്തവണ്ണം അവശതയിലാണ്. മാനസിക വെല്ലുവിളി നേരിടുന്ന ഇദ്ദേഹത്തിന് പഞ്ചായത്ത് മെമ്പറും, സാമൂഹിക പ്രവർത്തകരും, ചേർന്ന് കുറച്ചുകാലം ചികിത്സ നൽകിയിരുന്നതായി പറയുന്നു. മാനസിക വെല്ലുവിളി ഉള്ളതിനാൽ സഹോദരങ്ങളോ, മറ്റു ബന്ധുക്കളോ തിരിഞ്ഞു നോക്കുകയോ, സംരക്ഷണം ഏറ്റെടുക്കുകയോ ചെയ്യുന്നില്ല.








