Home Breaking News വരയിലും ചിരി, കൈയിലും ചിരി, ചുണ്ടിലും ചിരി… ചിരിയോ ചിരി

വരയിലും ചിരി, കൈയിലും ചിരി, ചുണ്ടിലും ചിരി… ചിരിയോ ചിരി

1
0

പി.സി. ഹരീഷ്

സ്വയം ചിരിക്കുന്നതിനൊപ്പം മറ്റുള്ളവരിലേക്ക് കൂടി ആ ചിരി പടർത്താനാണ് ആർഷയ്ക്കിഷ്ടം…വരച്ചുകൂട്ടുന്ന ചിത്രങ്ങളിൽ അതുകൊണ്ടുതന്നെ, നിറക്കൂട്ടുകൾക്കൊപ്പം നർമ്മത്തിന്റെ ഇത്തിരി ചിരിമധുരം കൂടി അലിയിച്ചുചേർക്കും. അപ്പോഴാണ് വരകളിൽ ചിരി വിടരുന്ന കാരിക്കേച്ചറുകൾ പിറവികൊള്ളുക. സ്വന്തം ചേച്ചിയുടെയും അച്ഛന്റേയും അമ്മയുടേയും കാരിക്കേച്ചർ ചിത്രങ്ങൾ വരച്ചുതുടങ്ങിയ എൽ.കെ.ജിക്കാരി പത്താം ക്ലാസിലെത്തുമ്പോഴേയ്ക്ക് സാമൂഹ്യരാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖരുടെയെല്ലാം കാരിക്കേച്ചറുകൾ വരച്ചുകഴിഞ്ഞിരുന്നു. എ.പി.ജെ. അബ്ദുൾകലാം, പ്രണബ് കുമാർ മുഖർജി, പിണറായി വിജയൻ, വി.എസ്. അച്യുതനാനന്ദൻ, സുഗതകുമാരി ടീച്ചർ, ഉമ്മൻചാണ്ടി, ലോക്‌നാഥ ബെഹറ… അങ്ങനെയങ്ങനെയങ്ങനെ നൂറുകണക്കിന് കാരിക്കേച്ചറുകൾ നെടുമങ്ങാട് കല്ലിങ്ങൽ ബാലാജി അപ്പാർട്ട്‌മെന്റില് പോയാൽ കാണാം… വീട്ടിലിരുന്ന് ചുമ്മാതങ്ങ് വരച്ചിടുകയല്ല, പലരുടേയും മുന്നിലിരുന്ന് നിമിഷങ്ങൾകൊണ്ട് വരച്ച് തീർക്കുന്ന ചിത്രങ്ങളാണധികവും. പേനയിലെ മഷിയുണങ്ങുംമുമ്പേ, അതവർക്ക് കൂടി കാണിച്ചുകൊടുത്താലേ സമാധാനം കിട്ടൂ…അവരുടെ ചുണ്ടിൽ വിടരുന്ന ചിരിമധുരം മതി ആർഷയുടെ മനസ്സ് നിറയാൻ…
ഈ കാരിക്കേച്ചർ ടെക്‌നിക്ക് ആര് പഠിപ്പിച്ചുതന്നുവെന്ന് ചോദിച്ചാൽ ആർഷ കള്ളക്കണ്ണിട്ട് ചേച്ചിയെ നോക്കും… ‘ ഏയ് ഞാനല്ല, കാരിക്കേച്ചർ വരയൊക്കെ ഇവൾ തനിയെ പഠിച്ചതാ… ചിത്രം വരയ്ക്കാനും പെയിന്റ് ചെയ്യാനുമൊക്കെ ഞാൻ പഠിപ്പിച്ചുകൊടുക്കാറുണ്ട്… ഇപ്പോഴും പഠിപ്പിക്കുന്നുണ്ട്… കാരിക്കേച്ചറുകൾ അവളുടെ സ്വന്തം കണ്ടെത്തലാണ്…അതിൽ അവളാണ് എന്റെ ഗുരു…’ ആർഷയെ നോക്കി കണ്ണിറുക്കിച്ചിരിക്കുന്ന ആര്യ മികച്ച ചിത്രകാരിയും ചിത്രകലാ അദ്ധ്യാപികയും കൂടിയാണ്. അതിലൊക്കെയപ്പുറം ഗാന്ധി സന്ദേശപ്രചാരകയും കുട്ടികളുടെ ക്ഷേമകാര്യ പ്രവർത്തകയും… ചേച്ചി സമൂഹത്തിലേക്കിറങ്ങിച്ചെന്ന് പ്രവർത്തിക്കുമ്പോൾ അനിയത്തിക്കുട്ടി കാരിക്കേച്ചറുകളിലൂടേയും കാർട്ടൂണുകളിലൂടേയും സാമൂഹിക തിന്മകൾക്കെതിരെ പോരാടുന്നു…
ചേച്ചിയുടെ പെയിന്റിംഗ് ക്ലാസിലിരുന്ന് അക്രിലിക്കിലും എണ്ണച്ചായത്തിലും വാട്ടർകളറിലുമൊക്കെ മികവുനേടുന്നതിനൊപ്പം അവിടെ പഠിക്കാൻ വരുന്ന കൊച്ചുകുട്ടികൾക്ക് സ്‌പെഷ്യലായി കാർട്ടൂണും കാരിക്കേച്ചറും വരയ്ക്കാൻ പഠിപ്പിക്കുന്നത് ഈ പത്താം ക്ലസുകാരിയാണ്. സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ കാർട്ടൂണിന് എ ഗ്രേഡ് നേടിയ ആർഷയ്ക്ക് വവിധ ചിത്രകലാ മത്സരങ്ങളിൽ ഇതുവരെ ലഭിച്ചത് നൂറിലേറെ സമ്മാനങ്ങൾ…
ഏത് സമ്മാനത്തേക്കാളും എത്ര വലിയ ക്യാഷ് അവാർഡിനേക്കാളും ആർഷയെ ആനന്ദിപ്പിക്കുന്നത് പ്രമുഖരുടെ കൈയൊപ്പുകളാണ്. സ്വന്തമായി വരച്ച അവരുടെ കാരിക്കേച്ചറുകളിൽ നിറഞ്ഞ സന്തോഷത്തോടെ അവർ കൈയൊപ്പ് ചാർത്തുമ്പോൾ ആർഷയുടെ മനസ്സ് നിറയും. എ.പി.ജെ. അബ്ദുൾ കലാംകൊച്ചിയിൽ വന്നപ്പോഴാണ് അദ്ദേഹത്തെ നേരിട്ടുകണ്ട് കാരിക്കേച്ചർ വരച്ച് ഒപ്പുവാങ്ങിപ്പിച്ചത്…
കാരിക്കേച്ചർ വരയോടുള്ള താല്പര്യം എങ്ങനെ വന്നുവെന്ന്് ചോദിച്ചാലും ആർഷ കൈമലർത്തും. എങ്ങനെയോ ചാടിക്കേറി വന്നതാവണം എന്ന നിസ്സാരമട്ട്…
തലസ്ഥാനനഗരിയിലെ ചരിത്രമുറങ്ങുന്ന പ്രശസ്തമായ മോഡൽ ഹൈസ്‌കൂളിൽ അര നൂറ്റാണ്ടിലേറെ കാലം ചിത്രകല പഠിപ്പിച്ച എസ്. പാണ്ഡു ആചാരിയുടെ സിദ്ധിയും അനുഗ്രഹവും പേരിക്കിടാവിലേക്ക് ഒഴുകിയെത്തിയതാവാം. ആ അനുഗ്രഹപുണ്യത്തിനൊപ്പം കുഞ്ഞുന്നാളിലേയുള്ള നിരീക്ഷണപാടവംകൂടി ചേർന്നപ്പോൾ ഉരുത്തിരിഞ്ഞുവന്ന കലാസിദ്ധി… ഒന്നാം ക്ലാസ്സിൽ പഠിക്കുമ്പോൾ ഒരു ചിത്രരചനാ മത്സരത്തിന് സമ്മാനം നൽകാനെത്തിയ പ്രശസ്ത ചിത്രകാരൻ കാട്ടൂർ നാരായണപ്പിള്ളയ്ക്ക് സദസ്സിലിരുന്ന് കാരിക്കേച്ചർ വരച്ചുനൽകി ഞെട്ടിപ്പിച്ച മിടുക്കിയാണ്…അന്നാണ് അനിയത്തിക്കുട്ടിയുടെ കാരിക്കേച്ചറിലുള്ള വൈദഗ്ദ്ധ്യം ആര്യ തിരിച്ചറിയുന്നത്. പത്രങ്ങളിൽ വരുന്ന പോക്കറ്റ് കാർട്ടൂണുകളും പൊളിറ്റിക്കൽ കാർട്ടൂണുകളുമൊക്കെ ശ്രദ്ധാപൂർവ്വം വെട്ടിയെടുത്ത് സൂക്ഷിക്കുന്ന പതിവ് ആർഷ കുഞ്ഞുന്നാളിലേ തുടങ്ങിയിരുന്നു.
നാലാം ക്ലാസിൽ പഠിക്കുന്ന കാലത്താണ് ചിത്രകലാ ക്ലാസ്സിലെ കൂട്ടുകാരെക്കൂട്ടി സ്വന്തമായി ഒരു കൈയെഴുത്തു മാസിക തുടങ്ങിയത്. ചിരിയോ ചിരിയെന്ന് പേരിട്ട ഈ കൈയുഴുത്തുമാസിക ഇപ്പോഴും പുറത്തിറങ്ങുന്നുണ്ട് മുടങ്ങാതെ… കാർട്ടൂണിലും കാരിക്കേച്ചറിലും മാത്രമല്ല, ഫോട്ടോഗ്രാഫിയിലും മികവ് തെളിയിച്ച ആർഷ നിരവധി ദൃശ്യങ്ങൾ ഒപ്പിയെടുത്തിട്ടുണ്ട്. തലസ്ഥാനനഗരിയിലെ പ്രശസ്ത പ്രസ് ഫോട്ടോഗ്രാഫറായ അശോകൻ കരകുളമാണ് ഫോട്ടോഗ്രാഫിയിൽ ആർഷയുടെ ഗുരു…
ചേച്ചിയെപ്പോലെത്തന്നെ ഗാന്ധിദർശനങ്ങളിൽ ആകൃഷ്ടയായ ആർഷ ഈ ദർശനങ്ങൾ പ്രചരിപ്പിക്കാനും സമയം കണ്ടെത്തുന്നു. 146ാമത് ഗാന്ധിജയന്തി ദിനത്തിൽ 146 പോസ്റ്റ് കാർഡുകളിൽ ഗാന്ധിജിയുടെ മഹത് വചനങ്ങൾ എഴുതി ഒപ്പം ഗാന്ധിജിയുടെ ചിത്രവും വരച്ച് പ്രമുഖവ്യക്തികൾക്കും വിദ്യാർത്ഥികൾക്കുമൊക്കെ അയച്ചുകൊടുക്കുകയുണ്ടായി. പ്രമുഖവ്യക്തികളാരെല്ലാമെന്ന് ചോദിച്ചാൽ പ്രധാനമന്ത്രി നരേന്ദ്രമോദി മുതൽ അന്നത്തെ രാഷ്ട്രപതി പ്രണബ് കുമാർ മുഖർജി, ഗവർണർ പി.സദാശിവം തുടങ്ങി രാജ്യത്തേയും സംസ്ഥാനത്തേയും ഉന്നതപദവിയിലിരിക്കുന്നവർക്കെല്ലാം എന്ന് നിസ്സാരമട്ടിൽ പറയും ആർഷ…
ഈ വരകൾക്കും വരികൾക്കും ചിരികൾക്കും ക്ലിക്കുകൾക്കും പിന്നെ, കാർട്ടൂൺ ക്ലാസ്സുകൾക്കും സാമൂഹ്യപ്രവർത്തനങ്ങൾക്കുമൊക്കെയിടയിൽ എന്തെങ്കിലും നാലക്ഷരം പഠിക്കാൻ സമയം കിട്ടാറുണ്ടോയെന്നാവും നിങ്ങൾ ആലോചിക്കുക. പത്താം ക്ലാസാണ് കഴിഞ്ഞത്. റിസൽട്ടും വന്നു… എത്ര എ ഗ്രേഡുണ്ടെന്ന് ചോദിച്ചാൽ ( അങ്ങനെയാണല്ലോ ഇപ്പോൾ എസ്.എസ്.എൽ.സി. പാസ്സായ കുട്ടികളോടുള്ള ആദ്യചോദ്യം ) ആർഷ സർട്ടിഫിക്കറ്റെടുത്ത് നിവർത്തിക്കാണിച്ചുതരും. എണ്ണിക്കോയെന്നും പറഞ്ഞ്…. ഫസ്റ്റ് ലാംഗ്വേജ് മുതൽ ഐടിവരെ പത്ത് വിഷയങ്ങൾക്കും എ ഗ്രേഡ്… മതിയായല്ലോ…ഇതാണ് ആർഷ…പ്രേമത്തിൽ വിനയ് ഫോർട്ട് പറയുന്നതുപോലെ സിമ്പിൾ ആൻഡ് പവർഫുൾ… ജാവയല്ല, ആർഷ…
പതിവുപോലെ ഭാവിയിൽ ആരാകണമെന്ന് ചോദിച്ചാൽ ആർഷ പറയും റിസർവ് ബാങ്ക് ഗവർണറാകണമെന്ന്. ചില്ലറ മോഹമൊന്നുമല്ലല്ലോയെന്ന് ചോദിച്ചാൽ അതിനും ചുട്ട മറുപടിയുണ്ട്… കാർട്ടൂൺവരക്കാരിയുടെ കാർട്ടൂണിക് മറുപടി… ചില്ലറമോഹമല്ല. നോട്ട് മോഹം… നോട്ടിലൊക്കെ ഒപ്പിടുന്ന ആ റിസർവ് ബാങ്ക് ഗവർണറുണ്ടല്ലോ… ആ പദവിയിലെത്തണം…. ചുമ്മാ… യെന്ന് ലാലേട്ടൻ സ്റ്റൈലിൽ പറഞ്ഞ് പോകാൻ വരട്ടെ. സംഗതി സീരിയസ്സാണെന്ന് ചേച്ചി ആര്യ പറയും…കുഞ്ഞുന്നാളിൽ റിസർവ് ബാങ്കിന് മുന്നിലൂടെ പോകുമ്പോൾ അത്ഭുതത്തോടെ ആ കെട്ടിട
സമുച്ചയങ്ങൾക്ക് മുന്നിലെ ഫ് ളാഗിൽ നോക്കി സല്യൂട്ട് ചെയ്യുന്നത് ശീലമാക്കിയ ഈ പത്താം ക്ലാസുകാരി പവർഫുള്ളാണ്. ജാവയേക്കാൾ പവർഫുൾ.

LEAVE A REPLY

Please enter your comment!
Please enter your name here