Kerala Pranamam

വളവില്‍ അപകടസൂചന ബോര്‍ഡുകള്‍ സ്ഥാപിച്ചു


ചെറുവത്തൂര്‍: നിരന്തരം അപകടം നടക്കാറുള്ള ദേശീയപാതയിലെ ഞാണങ്കൈ കയറ്റവും വളവും സൂചിപ്പിച്ച് ഒടുവില്‍ അധികൃതര്‍ ബോര്‍ഡുകള്‍ സ്ഥാപിച്ചു. ചെറുവത്തൂര്‍ ഭാഗത്ത് കയറ്റം തുടങ്ങുന്നിടത്തും ഞാണങ്കൈ കൊടുംവളവിന് മുമ്പുള്ള ഇറക്കത്തിലുമാണ് അപകട മേഖല എന്നെഴുതിയ വലിയ രണ്ട് റിഫ്‌ലക്ടര്‍ സൂചനാ ബോര്‍ഡുകള്‍ സ്ഥാപിച്ചത്. നേത്തെ ഇവിടെ ചെറുതും വലുതുമായ വാഹനാപകടങ്ങള്‍ ഇല്ലാത്ത ദിവസങ്ങള്‍ കുറവെന്ന് പറയാനേ കഴിയൂ. പെട്രോളിയം ഉത്പന്നങ്ങള്‍ നിറച്ചു വരുന്ന ടാങ്കറുകളും ചരക്ക് ലോറികളും ടോറസുകളും നിരന്തരം ഞാണങ്കൈയിലെ ഈ കൊടുംവളവിലും കയറ്റത്തിലും അപകടത്തില്‍പ്പെടുന്നത് മറ്റു വാഹനങ്ങള്‍ക്കും പ്രദേശത്തുള്ളവര്‍ക്കും ഭീഷണിയായിരുന്നു. പിലിക്കോട് മട്ടലായി ഭാഗത്തോ ചെറുവത്തൂര്‍ ഭാഗത്തോ കയറ്റിറക്കങ്ങളില്‍ വളവ്, കയറ്റം എന്നിവയെക്കുറിച്ചുള്ള സൂചനാ ബോര്‍ഡുകളില്ലാത്തത് കൂടുതല്‍ അപകടങ്ങള്‍ക്ക് കാരണമാകുന്നതായി നാട്ടുകാര്‍ നിരന്തരം ആരോപിച്ചിരുന്നു.