Home Breaking News ‘വസ്ത്രധാരണത്തില്‍ മാന്യത വേണം, തെറ്റുണ്ടെങ്കില്‍ ജയിലില്‍ പോകാന്‍ തയ്യാര്‍’ ; കേസ് സ്വയം വാദിക്കുമെന്ന് രാഹുല്‍...

‘വസ്ത്രധാരണത്തില്‍ മാന്യത വേണം, തെറ്റുണ്ടെങ്കില്‍ ജയിലില്‍ പോകാന്‍ തയ്യാര്‍’ ; കേസ് സ്വയം വാദിക്കുമെന്ന് രാഹുല്‍ ഈശ്വര്‍

1
0

 


നടി ഹണി റോസിനെ വ്യക്ത്യാധിക്ഷേപം നടത്തിയിട്ടില്ലെന്ന് രാഹുല്‍ ഈശ്വര്‍ 24നോട്. ഹണി റോസ് വിമര്‍ശനത്തിന് അതീതയല്ല. വിമര്‍ശിക്കാന്‍ ആര്‍ക്കും സ്വാതന്ത്യ്രമുണ്ട് വസ്ത്രധാരണത്തില്‍ മാന്യത വേണം. വസ്ത്രധാരണവും സംസാരിക്കുന്നതും എല്ലാ വ്യക്തിയുടേയും സ്വാതന്ത്ര്യമാണെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു.
വാക്കുകള്‍ അമിതമാകരുത്. വസ്ത്രധാരണത്തില്‍ സഭ്യതയുണ്ടാവണം. വാക്കിനും വസ്ത്രധാരണത്തിനും മാന്യതവേണം. ബോബി ചെമ്മണ്ണൂര്‍ പറഞ്ഞതിനെ ആരും ന്യായീകരിച്ചിട്ടില്ല. ബോബി ചെമ്മണ്ണൂരിന്റെ മാപ്പ് സ്വീകരിക്കണമെന്നാണ് ഞാന്‍ ഹണി റോസിനോട് അഭ്യര്‍ത്ഥിച്ചത്.
ഹണി റോസിന്റെ പരാതിയെ സ്വാഗതം ചെയ്യുന്നു. തെറ്റുണ്ടെങ്കില്‍ ജയിലില്‍ പോകാന്‍ തയ്യാര്‍. കേസിനെ നിയമപരമായി നേരിടും.ഞാന്‍ ഒരു അഡ്വക്കേറ്റാണ് ഞാന്‍ തന്നെ കേസ് വാദിക്കുമെന്നും രാഹുല്‍ ഈശ്വര്‍
അതേസമയം രാഹുല്‍ ഈശ്വര്‍നെതിരെ ഹണി റോസ് പരാതി നല്‍കി. ബോബിചെമ്മണ്ണൂരിനെതിരെ താന്‍ നല്‍കിയ പരാതിയുടെ ഗൗരവം രാഹുല്‍ ഈശ്വര്‍ ചെറുതാക്കി കാണിക്കാന്‍ ശ്രമിച്ചുവെന്ന് ഹണി റോസ് വ്യക്തമാക്കി. വസ്ത്ര സ്വാതന്ത്ര്യം തന്റെ മൗലിക അവകാശമാണ്. ഇതിനെതിരെ അനാവശ്യ പ്രചരണം നടത്തി.
സൈബര്‍ ഇടങ്ങില്‍ തനിക്കെതിരെ ആളുകളെ തിരിക്കുന്നതിന് അസുത്രണംനടത്തിയെന്നും ഹണി റോസ് ഫേസ്ബുക്കില്‍ കുറിച്ചു.രാഹുല്‍ ഈശ്വര്‍ ചെയ്യുന്നത് ഓര്‍ഗനൈസ്ഡ് ക്രൈം ഓപ്പറേഷനെന്നും മാപ്പ് അര്‍ഹിക്കുന്നില്ല എന്നും ചൂണ്ടിക്കാട്ടിയാണ് ഹണി റോസ് നിയമനടപടിക്ക് ഒരുങ്ങുന്നത്.
ഹണി റോസിന്റെ ഫേസ്ബുക്ക് പോസ്റ്റ്
രാഹുല്‍ ഈശ്വര്‍, ഞാനും എന്റെ കുടുംബവും കടുത്ത മാനസികസമ്മര്‍ദ്ദത്തിലൂടെ ആണ് കടന്നുപോകുന്നത്. അതിനു പ്രധാന കാരണക്കാരില്‍ ഒരാള്‍ ഇപ്പോള്‍ താങ്കള്‍ ആണ്. ഞാന്‍ എനിക്കെതിരെ പബ്ലിക് പ്ലാറ്റ്‌ഫോമില്‍ നടന്ന പകല്‍ പോലെ വ്യക്തമായ അധിക്ഷേപത്തിന് എതിരെ പരാതി കൊടുത്തു . പോലീസ് എന്റെ പരാതിയില്‍ കാര്യം ഉണ്ടെന്നു കണ്ട് കേസെടുക്കുകയും കോടതി ഞാന്‍ പരാതി കൊടുത്ത വ്യക്തിയെ റിമാന്‍ഡില്‍ ആക്കുകയും ചെയ്തു . പരാതി കൊടുക്കുക എന്നതാണ് ഞാന്‍ ചെയ്യേണ്ട കാര്യം. ബാക്കി ചെയ്യണ്ടത് ഭരണകൂടവും പോലീസും കോടതിയും ആണ്. ഞാന്‍ കൊടുത്ത പരാതിയുടെ ഗൗരവം ചോര്‍ത്തിക്കളയാനും ജനങ്ങളുടെ പൊതുബോധം എന്റെ നേരെ തിരിയാനും എന്ന ഉദ്ദേശത്തോടെ സൈബര്‍ ഇടത്തില്‍ ഒരു ഓര്‍ഗനൈസ്ഡ് ക്രൈം ആസൂത്രണം ചെയ്യുകയും ആണ് രാഹുല്‍ ഈശ്വര്‍ ചെയ്യുന്നത്
ഇന്ത്യന്‍ നിയമവ്യവസ്ഥയില്‍,
ഇങ്ങനെ ആണെന്നിരിക്കെ തുടര്‍ച്ചയായി മാധ്യമങ്ങളിലൂടെ എനിക്കെതിരെ, എന്റെ മൗലിക അവകാശങ്ങള്‍ക്കെതിരെ നിയന്ത്രണം ഏര്‍പ്പെടുത്താനും എനിക്കെതിരെ ഒരു പൊതുബോധം സൃഷ്ട്ടിച്ച് എന്നെ ആക്രമിക്കാനും താങ്കള്‍ കഴിഞ്ഞ ദിവസങ്ങള്‍ ആയി നടത്തിയ ശ്രമഫലമായി എനിക്കെതിരെ വരുന്ന, എന്റെ തൊഴിലിനു നേരെ വരുന്ന ഭീഷണികള്‍, തൊഴില്‍ നിഷേധഭീഷണികള്‍, അപായഭീഷണികള്‍, അശ്‌ളീല, ദ്വയാര്‍ത്ഥ, അപമാനകുറിപ്പുകള്‍ തുടങ്ങിയ എല്ലാ സൈബര്‍ ബുള്ളിയിങിനും പ്രധാന കാരണക്കാരന്‍ താങ്കള്‍ ആണ്. കോടതിയില്‍ ഇരിക്കുന്ന കേസിലെ പരാതിക്കാരി ആയ എന്നെ കടുത്ത മാനസികവ്യഥയിലേക്കു തള്ളിയിടുകയും ആത്മഹത്യയിലേക്കു തള്ളിയിടാന്‍ ശ്രമിക്കുകയും ചെയ്യുന്ന പ്രവര്‍ത്തികള്‍ ആണ് രാഹുല്‍ ഈശ്വറിന്റെ ഭാഗത്തു നിന്ന് തുടര്‍ച്ചയായി ഉണ്ടായിക്കൊണ്ടിരിക്കുന്നത്. രാഹുല്‍ ഈശ്വറിനെപോലെ ഉള്ളവരുടെ ഇത്തരം ഓര്‍ഗനൈസ്ഡ് ക്രൈം ഓപ്പറേഷന്‍ കാരണം ഇത്തരം അവസ്ഥയില്‍ പെട്ട് പോകുന്ന സ്ത്രീകള്‍ പരാതിയുമായി മുന്നോട്ടു വരാന്‍ മടിക്കും. അത്തരം നടപടികള്‍ ആണ് തുടര്‍ച്ചയായി രാഹുല്‍ ഈശ്വര്‍ എല്ലാ സ്ത്രീകളായ പരാതിക്കാരോടും കാണിക്കുന്നത്. താങ്കളും താങ്കള്‍ പിന്തുണക്കുന്ന ഞാന്‍ പരാതി കൊടുത്ത വ്യക്തിയുടെ PR ഏജന്‍സികളും എനിക്കെതിരെ നടത്തുന്നത് ഈ ഓര്‍ഗനൈസ്ഡ് ക്രൈമിന്റെ ഭാഗം ആണ്. എന്റെ മൗലിക അവകാശങ്ങളെ നിഷേധിച്ചു കൊണ്ട്, എന്റെ മൗലിക അവകാശങ്ങളിലേക്കു കടന്നുകയറി എന്നെ അപമാനിച്ചു കൊണ്ട് എനിക്കെതിരെ സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിലും എന്നെ ആക്രമിക്കുകയും അപായപ്പെടുത്തുമെന്നുമുള്ള ഭീഷണികളുടെ രീതിയിലും തൊഴില്‍ നിഷേധരീതിയിലും, നേരിട്ടും സോഷ്യല്‍ മീഡിയ വഴിയും വരുന്ന എല്ലാ വെല്ലുവിളി, പോര്‍വിളി കമന്റുകള്‍ക്കും ആഹ്വാനം നടത്തിയ രാഹുല്‍ ഈശ്വറിനെതിരെ ഞാന്‍ നിയമനടപടി കൈക്കൊള്ളുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here