കാബൂള്‍: ലോകം തുടച്ചുനീക്കിയെന്ന് പ്രഖ്യാപിച്ച പോളിയോ രോഗം അഫ്ഗാനിസ്താനിലും പാകിസ്താനിലും പടരുന്നു. അഫ്ഗാനിസ്താനിലെ ആരോഗ്യമേഖലയില്‍ താലിബാന്‍ സര്‍ക്കാര്‍ കൊണ്ടുവന്ന നിയന്ത്രണം വാക്സിനേഷന്‍ നടപടികളിലുണ്ടാക്കിയ തിരിച്ചടിയാണ് പോളിയോ തിരിച്ചുവരാനുള്ള കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്.
അഫ്ഗാനിസ്താന് പുറമെ പാകിസ്താനിലെ അഫ്ഗാന്‍ അതിര്‍ത്തിപ്രദേശത്തോട് ചേര്‍ന്ന ജില്ലകളില്‍ രോഗികള്‍ വര്‍ധിച്ചതോടെ ഇത് മറ്റ് ജില്ലകളിലേക്കും വ്യാപിക്കുന്നുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.
1955 ല്‍ പോളിയോ വാക്സിന്‍ വരുന്നതിന് മുമ്പെ ഓരോ വര്‍ഷം അഞ്ച് ലക്ഷത്തോളം ആളുകളായിരുന്നു അസുഖം വന്ന് മരിച്ചിരുന്നത്. എന്നാല്‍ 2000 ല്‍ തുള്ളിമരുന്ന് രൂപത്തിലുള്ള മരുന്നെത്തുകയും വാക്സിനേഷന്‍ കാമ്പയിനുകള്‍ ഊര്‍ജിതമാവുകയും ചെയ്തതോടെ ചുരുക്കം ചില രാജ്യങ്ങളില്‍ നിന്നൊഴികെ മറ്റിടങ്ങളില്‍ നിന്നെല്ലാം പോളിയോ അപ്രത്യക്ഷമായി. 2020 ല്‍ ആഫ്രിക്കന്‍ രാജ്യങ്ങള്‍ പോലും പോളിയോമുക്ത രാജ്യങ്ങളായി പ്രഖ്യാപിച്ചെങ്കിലും അഫ്ഗാനിസ്താനും പാകിസ്താനും പോളിയോമുക്തമാവാന്‍ സാധിച്ചിരുന്നില്ല.
2023 ല്‍ മഹാപോളിയോ യജ്ഞത്തിലൂടെ ആറ് രോഗികള്‍ എന്ന നിലയിലേക്ക് പാകിസ്താന് പോളിയോബാധികരുടെ എണ്ണം കുറയ്ക്കാന്‍ കഴിഞ്ഞിരുന്നുവെങ്കിലും 2024 ല്‍ 74 പേരായി രോഗികളുടെ എണ്ണം വര്‍ധിച്ചു. ഇതിന് പ്രധാന കാരണമായി പറയുന്നത് അഫ്ഗാനിസ്താനിലെ ആരോഗ്യരംഗത്തെ നിയന്ത്രണങ്ങളും ആവശ്യത്തിന് ആരോഗ്യ വിദഗ്ധരില്ലാത്തതുമാണെന്ന് അഫ്ഗാനിസ്താനില്‍ കുട്ടികളുടെ ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഡോ. സുല്‍ഫിക്കര്‍ ഭൂട്ടിയ ചൂണ്ടിക്കാട്ടുന്നു.
2021 ല്‍ താലിബാന്‍ അഫ്ഗാന്റെ നിയന്ത്രണമേറ്റെടുത്ത ശേഷം വാക്സിനേഷന്‍ കാമ്പയിനുകളിലടക്കം തിരിച്ചടികള്‍ നേരിടുന്നുണ്ടെന്ന് സുല്‍ഫിക്കര്‍ പറയുന്നു. ജനങ്ങള്‍ വാക്സിന്‍ സ്വീകരിക്കാന്‍ വിമുഖത കാണിക്കുന്നുണ്ട്, പൊതുശുചീകരണ നടപടികളടക്കം താറുമാറായി, ഇതിന് പുറമെ പ്രാദേശിക അരക്ഷിതാവസ്ഥയും ക്യാമ്പുകളും ബോധവത്കരണ പരിപാടികളും മുന്നോട്ടുകൊണ്ടുപോവുന്നതിന് തടസ്സമാകുന്നുണ്ടെന്നും ബന്ധപ്പെട്ടവര്‍ പറയുന്നു. വനിതാ ആരോഗ്യപ്രവര്‍ത്തകര്‍ക്കടക്കം താലിബാന്‍ നിയന്ത്രണമേര്‍പ്പെടുത്തിയതും തിരിച്ചടിയായെന്നും ബന്ധപ്പെട്ടവര്‍ ചൂണ്ടിക്കാട്ടുന്നു.
അഫ്ഗാനിസ്താനില്‍ നിലവില്‍ എത്ര പോളിയോബാധിതരുണ്ട് എന്നത് സംബന്ധിച്ചുള്ള കണക്ക് പോലും അധികൃതരുടെ കയ്യിലില്ല. കൃത്യമായ വാക്സിനേഷന്‍ നടപടികളില്ലാതായതോടെ പക്ഷാഘാതം വന്നവരുടേത് അടക്കമുള്ളവരുടെ എണ്ണം വര്‍ധിക്കുകയാണെന്നും മരണസംഖ്യ കൂടുകയാണെന്നും ഡോ.സുല്‍ഫിക്കര്‍ ഭൂട്ടിയ ചൂണ്ടിക്കാട്ടുന്നു.
2011 മുതല്‍ പോളിയോ നിര്‍മാര്‍ജനത്തിനായി 1000 കോടി രൂപയിലധികമാണ് പാകിസ്താന്‍ ചിലവിട്ടിരുന്നത്. ഇത് ഫലം കാണുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് 2023 ആവുമ്പോഴേക്ക് ആറ് രോഗികളിലേക്ക് ചുരുക്കാന്‍ കഴിഞ്ഞത്.









