കുന്ദമംഗലത്തെ വാതകശ്മശാനത്തിന്  ഫണ്ടനുവദിക്കുമോ?
കുന്ദമംഗലം: കുന്ദമംഗലം ഗ്രാമപഞ്ചായത്ത് 2017ല്‍ തറക്കല്ലിട്ട വാതകശ്മശാനം ഇനിയും ചുവപ്പ് നാടയില്‍ത്തന്നെ.കളരിക്കണ്ടി മാരിയോട്ട് മലയിലെ 50സെന്റ് ഭൂമിയിലാണ് തറക്കല്ലിട്ടത്. ശുചിത്വ മിഷന്റെ നേതൃത്വത്തിലാണ് എസ്റ്റിമേറ്റ് തയ്യാറാക്കി നാല് വര്‍ഷങ്ങള്‍ക്ക് മുമ്പ് ആധുനികരീതിയിലുള്ള വാതകശ്മശാനം നിര്‍മ്മിക്കുമെന്ന് പ്രഖ്യാപിച്ചതും ശിലാഫലകം സ്ഥാപിച്ചതും.കുന്ദമംഗലത്ത് ഒരു പൊതു ശ്മശാനമുണ്ടായിരുന്നില്ല. മൃതദേഹങ്ങള്‍ സംസ്‌കരിക്കുവാന്‍ സ്വന്തമായി സ്ഥലസൗകര്യമില്ലാത്ത കുടുംബങ്ങള്‍ വാഹനങ്ങളില്‍ കോഴിക്കോട്ടേക്ക് കൊണ്ടുപോവുകയായിരുന്നു പതിവ്. നിര്‍ദ്ധനകുടുംബങ്ങള്‍ക്കാണ് പ്രയാസങ്ങളേറെയുണ്ടായിരുന്നത്. അത്തരമൊരു സാഹചര്യത്തിലാണ് കുന്ദമംഗലം ഗ്രാമപഞ്ചായത്ത് വാതകശ്മശാനത്തിനായി പരിശ്രമിച്ചത്.മൃതദേഹങ്ങള്‍ ദഹിപ്പിക്കുന്നതിനുള്ള ചൂള, ആളുകള്‍ക്കുള്ള വിശ്രമസ്ഥലം, പൂന്തോട്ടം, ചുറ്റുമതില്‍, ലൈറ്റുകള്‍, കിണര്‍ എന്നിവ ഉള്‍പ്പെടുത്തി ഗ്രാമപഞ്ചായത്ത് 1.13 കോടിരൂപയുടെ വിശദമായ ഒരു എസ്റ്റിമേറ്റാണ് ശുചിത്വമിഷന് സമര്‍പ്പിച്ചത്. ഫണ്ടായില്ലെങ്കിലും ഗ്രാമപഞ്ചായത്തും ബ്ലോക്ക് പഞ്ചായത്തും അനുവദിച്ച തുകകൊണ്ട് ചരിഞ്ഞുകിടന്നിരുന്ന മാരിയോട്ട് മലയുടെ ഒരുഭാഗം തട്ടുകളാക്കി തിരിക്കുകയും ചുറ്റുമതിലും ചൂള സ്ഥാപിക്കുവാനുള്ള കെട്ടിടവും നിര്‍മ്മിച്ചു.പക്ഷെ പദ്ധതി പിന്നീട് കിഫ്ബിയിലേക്ക് മാറ്റുകയായിരുന്നു. കിഫ്ബി വഴി രണ്ട് ശ്മശാനങ്ങളാണ് ജില്ലയില്‍ നിര്‍മ്മിക്കുവാന്‍ പദ്ധതിയിട്ടിരുന്നത്. അതിലൊന്നാണ് കുന്ദമംഗലത്ത് നിര്‍ദ്ദേശിച്ചിരുന്നത്. വാതകശ്മശാനത്തിന്റെ പ്രാരംഭ നടപടികളുടെ ഭാഗമായി മണ്ണുപരിശോധന നടത്തിയിരുന്നു. ഡി.എം.ഒ യുടെ നേതൃത്വത്തിലുള്ള മെഡിക്കല്‍സംഘവും പരിശോധന നടത്തി. എന്നാല്‍ ഇതുവരെ ആധുനികരീതിയിലുള്ള വാതകശ്മശാനം മാരിയോട്ട് മലയില്‍ നിര്‍മ്മിക്കുന്നതിനുള്ള വഴി തുറന്നിട്ടില്ല. ഏറെ അസൗകര്യങ്ങളുണ്ടെങ്കിലും കൊവിഡ് ബാധിച്ച് മരിച്ച ഒട്ടേറെ മൃതദേഹങ്ങള്‍ ഇവിടെ കൊണ്ടുവന്ന് വിറക് വെച്ച് ദഹിപ്പിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Check Also

‘മൊന്‍ ന്ത’ ചുഴലിക്കാറ്റ് വരുന്നു;  കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായി തുടരും. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ…