ഇനിയും ഒരു ബാല്യമുണ്ട് എന്ന് തെളിയിച്ചുകൊണ്ടാണ് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വിഎസ് എന്ന പടനായകൻ കേരളത്തിലാകെ ഓടിനടന്നത്. മുൻ മുഖ്യമന്ത്രിയായ വിഎസിന് ഒരുവട്ടം കൂടി അവസരം നൽകുമെന്നായിരുന്നു സാധാരണ സഖാക്കളെല്ലാം പ്രതീക്ഷിച്ചത്. എന്നാൽ ഇടതുമുന്നണി വിജയിച്ചപ്പോൾ പിണറായി വിജയൻ മുഖ്യമന്ത്രിയായി അധികാരമേറ്റു. ബഹുഭൂരിപക്ഷം പ്രവർത്തകരും പ്രതീക്ഷിക്കാത്ത ഒന്നായിരുന്നു പിണറായിയുടെ മുഖ്യമന്ത്രി പദവി. വിഎസിന് അർഹമായ ഒരു സ്ഥാനമെങ്കിലും നൽകുമെന്ന് പലരും കരുതി. എൽഡിഎഫിന്റെ ചെയർപേഴ്‌സൺ പദവി ക്യാബിനറ്റ് റാങ്കോടെ വിഎസിന് നൽകുമെന്നായിരുന്നു പിന്നീടുള്ള പ്രതീക്ഷ. അതും സംഭവിച്ചില്ല. വൈകിയാണെങ്കിലും ഭരണ പരിഷ്‌കാര കമ്മിഷൻ ചെയർമാനായി അദ്ദേഹത്തെ നിയമിച്ചു.
മറ്റൊരു തിരഞ്ഞെടുപ്പ് വരാൻ പോകുകയാണ്. പാർട്ടി കേന്ദ്ര നേതൃത്വവും സംസ്ഥാന നേതൃത്വവും ഇപ്പോൾ ആശങ്കയിലാണ്. ഇടതുപക്ഷത്തെ നയിക്കാൻ വിഎസിനെ പോലെ എല്ലാവരും അംഗീകരിക്കുന്ന ഒരു നേതാവ് ഇല്ലാത്തതാണ് ഇടതുപക്ഷത്തെ കുഴയ്ക്കുന്നത്.
വാർദ്ധക്യം മൂലം പൊതുസദസുകളിൽ വിഎസ് പ്രത്യക്ഷപ്പെടാതായിട്ട് കുറേക്കാലമായി. സ്വന്തം മണ്ഡലമായ മലമ്പുഴയിൽ പോലും അദ്ദേഹത്തിന് എത്താൻ കഴിയാത്ത അവസ്ഥ. പ്രായാധിക്യം അദ്ദേഹത്തെ ബാധിച്ചിരിക്കുന്നു. ജനങ്ങളെ ബാധിക്കുന്ന പ്രശ്‌നങ്ങളിൽ വിഎസ് എന്തുപറയുന്നു എന്നുപോലും കേൾക്കാൻ കഴിയാത്ത അവസ്ഥ.
പാർട്ടി നേതൃത്വവും ഭരണ നേതൃത്വവും ഒരാളിൽ മാത്രം കേന്ദ്രീകരിച്ചതിന്റെ ദുരന്തമാണ് സിപിഎം നേരിടുന്നത്. പാർട്ടിക്കുള്ളിൽ രണ്ടാമനായി ഉയർത്തിക്കാണിക്കാൻ ഒരു നേതാവ് ഉണ്ടായിരുന്നു. മുൻ ആഭ്യന്തര മന്ത്രിയും പിബി അംഗവുമായ കോടിയേരി ബാലകൃഷ്ണൻ. മക്കൾ ഉണ്ടാക്കിയ പുകിലുകളെല്ലാം ആ നേതാവിനെ ശരിയ്ക്കും തളർത്തിക്കളഞ്ഞു. രോഗബാധയും കൂടി ഉണ്ടായപ്പോൾ അദ്ദേഹം പാർട്ടിയിൽ നിന്ന് ലീവിന് അപേക്ഷിച്ചു. കോടിയേരിക്ക് പകരം സെക്രട്ടറി ചുമതല ഏൽപിക്കാൻ പോലും ഒരു നേതാവിനെ കണ്ടെത്താൻ സിപിഎമ്മിന് കഴിഞ്ഞില്ല. രോഗാവസ്ഥ മാറിയെങ്കിലും പഴയതുപോലെ ശക്തമായ ഇടപെടലുകൾ നടത്താൻ കഴിയാത്ത സ്ഥിതിയിലാണ് പാർട്ടി സെക്രട്ടറി.
കഴിഞ്ഞ കാലങ്ങളിൽ ശക്തൻമാരായ രണ്ട് പിബി അംഗങ്ങളാണ് കേരളത്തിൽ ഉണ്ടായിരുന്നത്. വിഎസും പിണറായിയും. വിഭാഗീയത എന്നുപേരിട്ട് വിളിച്ചെങ്കിലും രണ്ടുപേരും ജനകീയ ബന്ധം ഉള്ളവരും വ്യത്യസ്തമായ കാഴ്ചപ്പാടുകൾ ഉള്ളവരുമായിരുന്നു. വിഎസിനെ വിമർശിക്കാൻ പിണറായിക്കും പിണറായിയെ വിമർശിക്കാൻ വിഎസിനും ഒരു മടിയുമുണ്ടായിരുന്നില്ല. അവർ തമ്മിലുള്ള പരസ്യമായ ഏറ്റുമുട്ടലുകൾക്ക് പോലും കേരളം പലവട്ടം സാക്ഷിയായിട്ടുണ്ട്. ശക്തനായ മുഖ്യമന്ത്രി ഒരുഭാഗത്തും. അതിനെക്കാൾ ശക്തനായ പാർട്ടി സെക്രട്ടറി മറുഭാഗത്തും. അതായിരുന്നു വിഎസിന്റെ ഭരണകാലത്തെ അവസ്ഥ. മുഖ്യമന്ത്രിക്കും ഭരണത്തിനും പാർട്ടിയുടെ മൂക്കുകയർ. പാർട്ടിയുടെ നടപടികൾക്കെതിരെ മുഖ്യമന്ത്രിയുടെ ഒളിഞ്ഞും തെളിഞ്ഞുമുള്ള വിമർശനങ്ങൾ. ചുരുക്കത്തിൽ പാർട്ടി സെക്രട്ടറി എന്നുള്ള നിലയിൽ പിണറായിയും മുഖ്യമന്ത്രി എന്ന നിലയിൽ വിഎസും തിളങ്ങിയ കാലം.
ഏത് പാർട്ടിയിലും ഭിന്നാഭിപ്രായങ്ങൾ ഉണ്ടാകും. അത് പരസ്യമായി പറയാനും ഏതാണ് ശരിയെന്ന് ചർച്ചകളിലൂടെ സ്ഥാപിക്കാനും ഒരു പാർട്ടിക്ക് കഴിയണം. അപ്പോഴാണ് ആ പാർട്ടിയെ ജനങ്ങൾ അംഗീകരിക്കുക. കഴിഞ്ഞ നാലു കൊല്ലമായി പാർട്ടിയിലായാലും സർക്കാരിലായാലും ഒരു നയമേയുള്ളൂ. ഒരു ശബ്ദമേയുള്ളൂ. അത് പിണറായിയുടെ ശബ്ദമാണ്.
രണ്ടാം നിര നേതാക്കൾ എന്ന് പറയാവുന്ന പലരും പാർട്ടിയിലുണ്ട്. കേന്ദ്ര സെക്രട്ടറിയേറ്റിൽ അംഗമാക്കിയിട്ടും അത് വേണ്ടെന്ന് പറഞ്ഞ ഇപ്പോഴത്തെ എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ. സംസ്ഥാന സെക്രട്ടറിയേറ്റിലെടുത്തിട്ടും അത് വേണ്ടെന്നുവച്ച മന്ത്രി ജി സുധാകരൻ. പിബി അംഗങ്ങളായ കോടിയേരിയും എംഎ ബേബിയും കേന്ദ്ര കമ്മിറ്റി അംഗമായ ധനമന്ത്രി തോമസ് ഐസക്കും രണ്ടാം നിരക്കാരാണ്. ഇവരെക്കാളൊക്കെ ജനങ്ങൾക്കിടയിലും പാർട്ടിയിലും അംഗീകാരമുള്ള നേതാവാണ് പി ജയരാജൻ. പക്ഷേ, വടകര തിരഞ്ഞെടുപ്പിൽ മുരളിയോട് തോറ്റതോടെ ജില്ലാ സെക്രട്ടറി സ്ഥാനവും നഷ്ടപ്പെട്ട പി ജയരാജൻ മൗനത്തിലാണ്. ഭരണത്തെ നിയന്ത്രിക്കാൻ പാർട്ടി നിയോഗിച്ച എംവി ജയരാജനെയാണ് പകരം സെക്രട്ടറിയായി കണ്ണൂരിലേക്ക് വിട്ടത്. അതോടെയാണ് മുഖ്യമന്ത്രിയുടെ ഓഫീസിൽ ഉദ്യോഗസ്ഥർ തേർവാഴ്ച നടത്തിയത്. എംവി ജയരാജൻ ഉണ്ടായിരുന്ന കാലത്ത് പാർട്ടി നയത്തിന് വിരുദ്ധമായ നടപടികളുണ്ടാവാതെ അദ്ദേഹം നോക്കിയിരുന്നു. ശിവശങ്കർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ അന്നൊന്നും തലയെടുത്തില്ല. ജയരാജൻ കണ്ണൂരിലേക്ക് മടങ്ങിയതോടെയാണ് സ്വന്തം താൽപര്യങ്ങൾ പലതും നടപ്പാക്കാൻ ഉദ്യോഗസ്ഥർക്ക് അവസരം ലഭിച്ചത്. അതിന്റെ ഫലമാണ് സ്വപ്‌നയും അരുൺ ബാലചന്ദ്രനും അടക്കമുള്ളവർ നടത്തിയ വഴിവിട്ട പ്രവർത്തനങ്ങൾ. സ്വർണ്ണക്കള്ളക്കടത്തും അതുമായി ബന്ധപ്പെട്ട ആരോപണങ്ങളും പാർട്ടിയെ കൊണ്ടെത്തിച്ചിരിക്കുന്നത് പ്രതിസന്ധിയിലാണ്.
എൻഐഎ മുഖ്യമന്ത്രിയുടെ ഓഫീസിൽ തെളിവെടുപ്പിന് എത്തിയാൽ അത് കേരള ചരിത്രത്തിൽ ആദ്യത്തെ സംഭവമായിരിക്കും. കൊറോണയെ പ്രതിരോധിക്കുന്നതിൽ പിണറായി സർക്കാർ കൈവരിച്ച നേട്ടങ്ങളെല്ലാം ഈ സംഭവത്തിലൂടെ അപ്രസക്തമായി. സർക്കാരിനെ പുകഴ്ത്തിയിരുന്ന മാധ്യമങ്ങളും ജനങ്ങളുമെല്ലാം ഇന്ന് ചർച്ച ചെയ്യുന്നത് സ്വർണ്ണക്കള്ളക്കടത്തിനെക്കുറിച്ചും അതിന്റെ കാണാപ്പുറങ്ങളെക്കുറിച്ചുമാണ്.
പാർട്ടി നേതാക്കളും സഖാക്കളും ഇതൊന്നും അംഗീകരിക്കില്ല. എന്നാൽ ഇടതുപക്ഷത്തെ പ്രധാന പാർട്ടിയായ സിപിഐയും ജനതാദളും എൻസിപിയും അടക്കമുള്ളവർ ഈ സംഭവങ്ങളിൽ അസംതൃപ്തരാണ്. മുഖ്യമന്ത്രിയെ ഭയമുള്ളതു കൊണ്ടാവാം അവരാരും പരസ്യ പ്രതികരണത്തിന് മുതിരാത്തത്? തദ്ദേശ തിരഞ്ഞെടുപ്പും അസംബ്ലി തിരഞ്ഞെടുപ്പും വരുമ്പോഴേക്കും നഷ്ടപ്പെട്ട പ്രതിഛായ വീണ്ടെടുക്കാൻ പിണറായിക്ക് കഴിയുമോ? പാർട്ടിയെ സ്‌നേഹിക്കുന്നവർ ആഗ്രഹിക്കുന്നത് അതാണ്. വൈകിയാണെങ്കിലും ഇനിയുള്ള ഒരു വർഷം ജാഗ്രതയോടെ മുന്നോട്ടുപോകാൻ മുഖ്യമന്ത്രിക്ക് കഴിയട്ടെ.















