തൃശ്ശൂര്‍ നഗരത്തെ വിശപ്പ് രഹിതമാക്കുക എന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിനോടൊപ്പം നഗരത്തില്‍ വരുന്ന ആരും തന്നെ വിശന്നിരിക്കരുത് എന്ന ദൗത്യം പൂര്‍ത്തിയാക്കുക കൂടിയാണ് പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നതെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ മേയര്‍ പറഞ്ഞു. തൃശ്ശൂര്‍ ശക്തന്‍ നഗറില്‍ ഒരുക്കിയ പന്തലില്‍ രാവിലെ 11.30 മുതല്‍ ഭക്ഷണം വിളമ്പി. ജില്ലയിലെ വിവിധ ക്ലബ്ബുകളും ഓര്‍ഗനൈസേഷനുകളും പങ്കാളികളാകുന്ന പദ്ധതിയുടെ ആദ്യ മാസത്തെ സ്പോണ്‍സര്‍ഷിപ്പ് ഏറ്റെടുത്തിരിക്കുന്നത് ലയണ്‍സ് ക്ലബ്ബ് ഇന്റര്‍നാഷണല്‍ ഡിസ്ട്രിക്ട് 318 ഡി ആണ്. പദ്ധതിയുടെ ആദ്യ മാസത്തിലെ ഓരോ ദിവസവും വിവിധ ലയണ്‍സ് ക്ലബ്ബുകളുടെ നേതൃത്വത്തില്‍ കുടുംബശ്രീയുമായി സഹകരിച്ചാണ് ഭക്ഷണമൊരുക്കുന്നത്.
തുടര്‍ന്നുള്ള മാസങ്ങളില്‍ വിവിധ അസോസ്സിയേഷനുകളുടെ നേതൃത്വത്തിലാണ് ഹംഗര്‍ ഫ്രീ സിറ്റി പ്രൊജക്ട് നടക്കുക. ഭക്ഷണ വിതരണ രീതിയിലൂടെ ഉണ്ടാകുന്ന മാലിന്യപ്രശ്നങ്ങള്‍ ഇല്ലാതാക്കാനും ഭക്ഷണം പാഴാക്കി കളയുന്നത് ഒഴിവാക്കുക എന്ന ആശയവും മുന്നില്‍ കണ്ട്, വിശാലമായ പന്തലില്‍ ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള സൗകര്യമാണ് സജ്ജീകരിച്ചിട്ടുള്ളത്. പദ്ധതിയുടെ ആദ്യഘട്ടത്തില്‍ 250 ഓളം ആളുകളാണ് പന്തലില്‍ ഭക്ഷണം കഴിക്കാനെത്തിയത്.
വിശപ്പുരഹിത തൃശ്ശൂരിന് തുടക്കം !!
തൃശ്ശൂര്‍ ഇനി വിശപ്പ് രഹിതമാകും. ഹംഗര്‍ ഫ്രീ സിറ്റി എന്ന ആശയം മുന്‍നിര്‍ത്തി തൃശ്ശൂര്‍ കോര്‍പ്പറേഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ‘മന്ന’ പദ്ധതിയുടെ ആദ്യഘട്ട ഉദ്ഘാടനം നടന്നു. ആദരണീയനായ തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ എം.കെ. വര്‍ഗ്ഗീസ് ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ ലയണ്‍സ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ ടോണി ഏനോക്കാരന്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ മുന്‍ ഡെപ്യൂട്ടി മേയര്‍ വര്‍ഗ്ഗീസ് കണ്ടംകുളത്തി മുഖ്യ പ്രഭാഷണവും ലയണ്‍സ് വൈസ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ ജെയിംസ് വളപ്പില വിഷയാവതരണവും നടത്തി. ലയണ്‍സ് ഗ്ലോബല്‍ സര്‍വ്വീസ് കോര്‍ഡിനേറ്റര്‍ സുരേഷ് വാര്യര്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ മുന്‍ ഡിസ്ട്രിക്ട് ഗവര്‍ണര്‍മാരായ എം.ഡി. ഇഗ്നേഷ്യസ്, ഇ.ഡി. ദീപക്, ഹ്യൂമണ്‍ റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ ഗില്‍ഡ് പ്രതിനിധി ഷാജന്‍, കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ നിമ്മി റപ്പായി തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.











