Home Kerala വീണയുടെ സ്ഥാപനം ഐ.ജി.എസ്.ടി അടച്ചോ എന്നതിന് മറുപടിയില്ല; വ്യക്തികളുടെ സ്വകാര്യതയെ മാനിച്ചെന്ന് ജി.എസ്.ടി വകുപ്പ്

വീണയുടെ സ്ഥാപനം ഐ.ജി.എസ്.ടി അടച്ചോ എന്നതിന് മറുപടിയില്ല; വ്യക്തികളുടെ സ്വകാര്യതയെ മാനിച്ചെന്ന് ജി.എസ്.ടി വകുപ്പ്

1
0

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയന്റെ സ്ഥാപനമായ എക്‌സാലോജിക് സൊല്യൂഷ്യന്‍സ് സി.എം.ആര്‍.എല്ലിന് നല്‍കിയ സേവനത്തിന് ലഭിച്ച തുകയുടെ ഐ.ജി.എസ്.ടി അടച്ചോ എന്ന ചോദ്യത്തിന് മറുപടി നല്‍കാതെ ജി.എസ്.ടി വകുപ്പ്.വിവരാവകാശ നിയമപ്രകാരം നല്‍കിയ അപേക്ഷയിലാണ് ജി.എസ്.ടി വകുപ്പ് മറുപടി നല്‍കാതിരുന്നത്.സി.എം.ആര്‍.എല്ലില്‍ നിന്നും എക്‌സാലോജിക് വാങ്ങിയ 1.72 കോടി രൂപക്ക് ഐ.ജി.എസ്.ടി അടച്ചോ എന്നായിരുന്നു അപേക്ഷകന്റെ ചോദ്യം. എന്നാല്‍, വ്യക്തികളുടെ സ്വകാര്യതയെ മാനിച്ച് സെക്ഷന്‍ 8(1) (ഇ) പ്രകാരം മറുപടി നല്‍കാന്‍ കഴിയില്ലെന്നാണ് ബന്ധപ്പെട്ട വകുപ്പ് മറുപടി നല്‍കിയത്.അതേസമയം, ജി.എസ്.ടി വകുപ്പിന്റെ നടപടിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്‍നാടന്‍ രംഗത്തെത്തി. ജി.എസ്.ടി വകുപ്പിന്റേത് വിചിത്രമായ മറുപടിയാണെന്ന് കുഴല്‍നാടന്‍ പറഞ്ഞു. സര്‍ക്കാറിന് ലഭിക്കേണ്ട നികുതി കിട്ടിയോ എന്ന ചോദ്യത്തിന് മറുപടി നല്‍കില്ലെന്ന് പറയുന്നത് ഒളിച്ചോട്ടമാണെന്ന് കുഴല്‍നാടന്‍ വ്യക്തമാക്കി.ജി.എസ്.ടി ഇടപാടുമായി ബന്ധപ്പെട്ട് താന്‍ ആദ്യം ചോദ്യം ഉന്നയിച്ചപ്പോള്‍ രേഖകള്‍ പിറ്റേദിവസം തന്നെ ഹാജരാക്കുമെന്ന് എ.കെ ബാലന്‍ പറഞ്ഞെങ്കിലും അത് ചെയ്തില്ലെന്നും മാത്യു കുഴല്‍നാടന്‍ ചൂണ്ടിക്കാട്ടി.

LEAVE A REPLY

Please enter your comment!
Please enter your name here