Home Kerala വീണ്ടും മര്‍ദ്ദന മുറകള്‍ അരങ്ങേറുന്നു

വീണ്ടും മര്‍ദ്ദന മുറകള്‍ അരങ്ങേറുന്നു

1
0

കോഴിക്കോട് : പതിനേഴുകാരനെ സംഘം ചേര്‍ന്ന് മര്‍ദിച്ചതിന് നല്‍കിയ പരാതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് വീണ്ടും ആക്രമിച്ചെന്ന് ആക്ഷേപം.കോഴിക്കോട് കക്കോടി സ്വദേശി അഭിമന്യുവിനാണ് യുവാക്കളുടെ മര്‍ദനത്തില്‍ സാരമായി പരുക്കേറ്റത്. തടയാനെത്തിയ മാതാപിതാക്കള്‍ക്കും മര്‍ദനമേറ്റു. ആശുപത്രിയില്‍ കഴിയുന്നതിനിടെ അക്രമികള്‍ ഇവരുടെ വീട് എറിഞ്ഞ് തകര്‍ത്തു.9 മാസം മുന്‍പാണ് അഭിമന്യുവിന് ആദ്യം മര്‍ദനമേറ്റത്. വീടിന് സമീപം തടഞ്ഞുനിര്‍ത്തി എട്ടംഗ സംഘം തല്ലിച്ചതയ്ക്കുകയായിരുന്നു. മര്‍ദനത്തിന്റെ കാരണം തേടിയപ്പോള്‍ ആളുമാറിയെന്നായിരുന്നു വിശദീകരണം. പിന്നാലെ എലത്തൂര്‍ പൊലീസില്‍ അഭിമന്യുവിന്റെ കുടുംബം പരാതി നല്‍കി. ആദ്യം കേസെടുക്കാന്‍ മടിച്ചു. കമ്മിഷണറെ കണ്ട് പരാതി നല്‍കിയതിന് ശേഷമാണ് പൊലീസ് ഇടപെടലുണ്ടായത്. പിന്നീട് കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് നിരന്തരം കുടുംംബത്തെ ഭീഷണിപ്പെടുത്തി. പിന്‍മാറില്ലെന്ന നിലപാടെടുത്തതോടെ വീണ്ടും വഴിയില്‍ തടഞ്ഞ് അഭിമന്യുവിനെ കൈയ്യേറ്റം ചെയ്തു. കഴിഞ്ഞദിവസത്തെ മര്‍ദനത്തില്‍ പതിനേഴുകാരന് സാരമായി പരുക്കേറ്റു. മുഖത്തും, കൈയ്ക്കും, കാലിനും മുറിവേറ്റു. മര്‍ദന വിവരം തിരക്കിയതിന് അഭിമന്യുവിന്റെ മാതാപിതാക്കള്‍ക്കും അടിയേറ്റു.അഭിമന്യു മെഡിക്കല്‍ കോളജില്‍ ചികില്‍സ തേടിയ ദിവസം രാത്രിയില്‍ ഒരുസംഘം കക്കോടിയിലെ വീട് എറിഞ്ഞ് തകര്‍ത്തു. പൊലീസ് വന്നുപോയതല്ലാതെ ഒന്നുമുണ്ടായില്ല. പ്രതികളെ പിടികൂടാന്‍ വൈകിയാല്‍ സമരത്തിനിറങ്ങാനാണ് കുടുംബത്തിന്റെ തീരുമാനം. എന്നാല്‍ പ്രാദേശിക തര്‍ക്കമാണെന്നും ആക്രമിച്ചവര്‍ ഒളിവിലായതിനാല്‍ പിടികൂടാന്‍ കഴിഞ്ഞില്ലെന്നുമാണ് എലത്തൂര്‍ പൊലീസിന്റെ നിലപാട്.

LEAVE A REPLY

Please enter your comment!
Please enter your name here