Home Breaking News ‘ വീ കാന്റ്  ബ്രീത്ത് ‘ പ്രക്ഷോഭം; അമേരിക്കയിൽ കലാപം രൂക്ഷം; നാഷണൽ ഗാർഡ് രംഗത്ത്

‘ വീ കാന്റ്  ബ്രീത്ത് ‘ പ്രക്ഷോഭം; അമേരിക്കയിൽ കലാപം രൂക്ഷം; നാഷണൽ ഗാർഡ് രംഗത്ത്

3
0

വാഷിങ്ടൺ: കറുത്തവർഗക്കാരനായ ജോർജ് ഫ്‌ളോയിഡിനെ പോലീസുകാരൻ കഴുത്തു ഞെരിച്ചു കൊന്നതിനെത്തുടർന്ന് അമേരിക്കയിൽ വ്യാപിച്ച കലാപം രൂക്ഷമാകുന്നു. ആറു സംസ്ഥാനങ്ങളിലെ ഇരുപത്തഞ്ച് നഗരങ്ങളിൽ കർഫ്യൂ പ്രഖ്യാപിച്ചു. ജനങ്ങൾ കൂട്ടത്തോടെ നിരത്തിലിറങ്ങി പ്രതിഷേധിക്കുകയാണ്. പോലീസിനെതിരെ പലയിടത്തും കടുത്ത ആക്രമണം തുടരുന്നു. പ്രതിഷേധക്കാരെ പോലീസ് കിരാതമായി നേരിടുന്നുവെന്നാണ് റിപ്പോർട്ട്. പ്രതിഷേധക്കാർക്കും പോലീസുകാർക്കും ഗുരുതരമായി പരിക്കേറ്റ സംഭവങ്ങളുമുണ്ട്. അതിനിടെ, ഇന്ത്യാനപോളിസിൽ ഒരാൾ മരിച്ചു. അജ്ഞാതരുടെ വെടിയേറ്റ് മരിക്കുകയായിരുന്നെന്ന് യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
പല സംസ്ഥാനങ്ങളിലും നാഷണൽ ഗാർഡ് എന്ന സൈനിക വിഭാഗത്തെ ഗവർണർമാർ വിളിച്ചു വരുത്തി. കൊറോണ ബാധിച്ച് ആയിരങ്ങൾ മരിച്ചു വീഴുന്നതിനു പിന്നാലെ രാജ്യവ്യാപകമായി അലയടിക്കുന്ന പ്രതിഷേധം സമാനതകളില്ലാത്ത സാഹചര്യത്തിലേക്കാണ് അമേരിക്കയെ നയിക്കുന്നത്. പലയിടത്തും പ്രതിഷേധത്തിന്റെ മുൻനിരയിൽ വെളുത്ത വർഗക്കാരുണ്ടെങ്കിലും പ്രതിഷേധം വംശീയ കലാപമായി മാറുകയാണ്.
കഴിഞ്ഞ തിങ്കളാഴ്ച ജോർജ് ഫ്‌ളോയിഡിനെ പോലീസുകാരൻ കാൽമുട്ടുകൊണ്ട് കഴുത്തു ഞെരിച്ചു കൊന്ന മിനിസോട്ടയിൽ ക്രമസമാധാന ചുമതല നാഷണൽ ഗാർഡ് ഏറ്റെടുത്തു. അറ്റ്‌ലാന്റ, ലോസ് ഏയ്ഞ്ചലസ്, ലൂയിസ്‌വില്ലെ, കൊളംമ്ബിയ, ഡെൻവർ, പോർട്ട്‌ലാൻഡ്, മിൽവൗക്കീ, കൊളംമ്ബസ്, മിന്നെപോളിസ്, സാൻഡിയാഗോ തുടങ്ങിയ നഗരങ്ങളിൽ പ്രതിഷേധം കൈവിട്ടു പോകുന്ന അവസ്ഥയിലാണ്. ഈ നഗരങ്ങളിലെല്ലാം കർഫ്യൂ പ്രഖ്യാപിച്ചു. ന്യൂയോർക്ക്, ന്യൂ കരോലിന, ഒക്‌ലഹോമ തുടങ്ങിയ നഗരങ്ങളിലും പോലീസും പ്രതിഷേധക്കാരും നിരവധി തവണ ഏറ്റുമുട്ടി. ടിയർ ഗ്യാസ് പ്രയോഗമടക്കം നടത്തിയിട്ടും പ്രതിഷേധക്കാർ തെരുവുകളിൽത്തന്നെ തുടരുന്നു. മാൻഹാട്ടനിൽ പോലീസ് വാഹനത്തിനു ജനക്കൂട്ടം തീയിട്ടു.
വെള്ളിയാഴ്ച മുതൽ കർഫ്യൂ തുടരുന്ന മിനിയപോളിസ് നഗരത്തിൽ പ്രതിഷേധക്കാർക്കെതിരെ പോലീസ് റബ്ബർ ബുള്ളറ്റുകൾ പ്രയോഗിച്ചു. മിനിസോട്ട ഗവർണർ ടിം വാൽസ് ആവശ്യപ്പെടാതിരുന്നിട്ടും മിനിയപോളിസിലേക്ക് മിലിറ്ററി പോലീസിനെ നിയോഗിക്കാൻ പ്രതിരോധ മന്ത്രാലയം തീരുമാനിച്ചത് വിവാദമായി. നാഷണൽ ഗാർഡിനെ നഗരത്തിൽ വിന്യസിച്ചു. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം മിന്നെപോളിസ് നഗരത്തിൽ നാഷണൽ ഗാർഡ് ഇറങ്ങുന്നത് ഇതാദ്യം.
സംസ്ഥാന ഭരണകൂടത്തോട് ആലോചിക്കാതെ മിലിറ്ററി പോലീസിനെ വിന്യസിക്കുന്നത് ശരിയായ നടപടിയല്ലെന്ന് ടിം വാൽസ് പറഞ്ഞു. ഡെമോക്രാറ്റിക് പാർട്ടിയുടെ ഗവർണർമാർ ഭരിക്കുന്ന സംസ്ഥാനങ്ങളും ഡൊണാൾഡ് ട്രംപ് ഭരണകൂടവും തമ്മിലുള്ള ഏറ്റുമുട്ടലായും പ്രതിഷേധം മാറുകയാണ്. മാധ്യമപ്രവർത്തകർക്കു നേരെയുള്ള അതിക്രമങ്ങളും തുടരുന്നു. കഴിഞ്ഞ ദിവസം സിഎൻഎന്നിലെ മാധ്യമപ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇന്നലെ രാജ്യാന്തര വാർത്താഏജൻസിയായ റോയിട്ടേഴ്‌സിന്റെ വാർത്താസംഘത്തിനു നേരെ പോലീസ് റബ്ബർ ബുള്ളറ്റ് പ്രയോഗിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here