
വ്യക്തി ജീവിതത്തിലെ വിവാദങ്ങള്‍ക്കിടെ ബാലയുടെ നാലാം വിവാഹം, കോടികളുടെ സ്വത്തിന് അവകാശിവേണം
ഇനിയും വിവാഹിതനാകുമെന്ന് പ്രഖ്യാപിച്ച് ദിവസങ്ങള്‍ക്കകമാണിപ്പോള്‍ തന്റെ നാലാമത്തെ ജീവിതസഖിയായി മുറപ്പെണ്ണ് കോകിലയെ നടന്‍ ബാല വിവാഹം ചെയ്യുന്നത്. മുന്‍ഭാര്യ അമൃത സുരേഷുമായിട്ടുള്ള പ്രശ്നങ്ങള്‍ നടക്കുന്നതിനിടെയാണ് ബാല വീണ്ടും വിവാഹിതനായിരിക്കുന്നത്. ഒരുകാലത്ത് വില്ലനായും നായകനായും സഹനടനായുമെല്ലാം മലയാളത്തില്‍ സജീവമായിരുന്ന ഏറ്റവും കൂടുതല്‍ ആരാധകരുണ്ടായിരുന്ന യുവനടനായിരുന്നു ബാലകുമാര്‍ എന്ന നടന്‍ ബാല. ബിഗ് ബി, സാഗര്‍ ഏലിയാസ് ജാക്കി,എസ്എംഎസ്, പുതിയമുഖം തുടങ്ങിയ ചിത്രങ്ങളിലൂടെ ബാലയ്ക്ക് കോളേജ് പെണ്‍കുട്ടികളുടെ മനസില്‍ ഇടംപിടിക്കാന്‍ സാധിച്ചിട്ടുണ്ട്. പിന്നീട് തന്റെ ജീവിതത്തിലെ താളപ്പിഴകള്‍ ബാലയുടെ കരിയറിനെയും ബാധിച്ചു. ബാല സിനിമയില്‍ ഒരു നല്ല വേഷം ചെയ്തിട്ട് കാലം കുറച്ചായി. ഒരു പക്ഷെ നടന്റെ പ്രൊഫഷണല്‍ ലൈഫിനെക്കാള്‍ ഏറ്റവും കൂടുതല്‍ സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്തത് അദ്ദേഹത്തിന്റെ ജീവിതം തന്നെയായിരിക്കും. അതില്‍ ഒന്നാണ് ബാലയുടെ വിവാഹജീവിതം. സിനിമകഥകള്‍ പോലെ അതിലുമുണ്ടായിരുന്നു ട്വിസ്റ്റുകള്‍.
തമിഴ്‌നാട്ടിലെ പ്രശസ്തമായ സിനിമാ കുടുംബത്തില്‍ ജനിച്ച ബാല ഐഡിയ സ്റ്റാര്‍ സിംഗര്‍ മുഖമായ അമൃത സുരേഷിനെ വിവാഹം ചെയ്തതിന് ശേഷമാണ് കേരളത്തില്‍ കുറച്ചുകൂടി സജീവമായി തുടങ്ങിയത്. ഇരുവരുടെയും പ്രണയവിവാഹമായിരുന്നു.ആ ബന്ധത്തില്‍ ഒരു കുഞ്ഞ് പിറന്നശേഷം ഇരുവരും വേര്‍പിരിഞ്ഞു. എന്നാല്‍ അമൃതയ്ക്ക് മുന്നേ ബാല ചന്ദന സദാശിവ എന്ന കന്നഡ സ്വദേശിനിയെയാണ് ആദ്യം വിവാഹം ചെയ്യുന്നത്. ഇത് മറച്ചുവെച്ചായിരുന്നു ബാല അമൃതയെ സ്വന്തമാക്കിയതും. നിയമപരമായല്ല ബാലയുടെ ആദ്യ വിവാഹം നടന്നിരുന്നത്. അതുകൊണ്ടുതന്നെ ചന്ദന സദാശിവയെ ക്കുറിച്ച് കൂടുതല്‍ വിവരങ്ങളോ ചര്‍ച്ചകളോ ഉണ്ടായിട്ടില്ല. അമൃത പോലും വിവാഹത്തിന് തൊട്ടുമുന്നേയാണ് ഈ വിവരം അറിഞ്ഞിരുന്നത് എന്നുള്ളതാണ് മറ്റൊരു വസ്തുത.അമൃത തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ പരാമര്‍ശിച്ചിട്ടുള്ളത്. ബാലയുമായുള്ള അമൃതയുടെ വിവാഹനിശ്ചയത്തിനുശേഷം പിതാവിന്റെ സുഹൃത്താണ് ബാല മുമ്പ് വിവാഹം കഴിച്ചിട്ടുണ്ടെന്ന വിവരം കുടുംബത്തെ അറിയിച്ചത് പോലും. എന്നാല്‍ ആ സമയത്ത് ബാലയോടുള്ള അമൃതയുടെ സ്‌നേഹം വിവാഹം കഴിക്കാമെന്ന തീരുമാനത്തിലെത്തിക്കുകയായിരുന്നു.
ഒരു വലിയ കാലയളവിന് ശേഷമാണ് ബാല ഡോക്ടറായ എലിസബത്ത് ഉദയനെ 2021ല്‍ വിവാഹം ചെയ്യുന്നത്. അമൃതയുമായുള്ള വിവാഹ ബന്ധം നിയമപ്രകാരം വേര്‍പ്പെടുത്തിയ ശേഷമായിരുന്നു ഈ വിവാഹവും. എലിസബത്ത് എന്റെ മനസുമാറ്റി അവള്‍ നല്ല പാതിയാണെന്ന് ബാല പല അഭിമുഖങ്ങളിലും പറയുന്നത് പതിവായിരുന്നു. ശേഷമാണ് ബാലയുടെ ബന്ധങ്ങളെ കുറിച്ചും വലിയ തോതില്‍ വിവാദങ്ങള്‍ പുകയുന്നതും കരള്‍ രോഗത്തെത്തുടര്‍ന്ന് നടന്‍ ചികിത്സയിലാകുന്നതും. കരള്‍മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തിയ സമയത്തും, അതിനു ശേഷവും ബാലയ്ക്കൊപ്പം എലിസബത്ത് പൂര്‍ണ പിന്തുണയുമായി ഒപ്പമുണ്ടായിരുന്നു. ആ സമയത്തെല്ലാം ബാലയുമായി ബന്ധപ്പെട്ടുള്ള വിവാദ പ്രസ്താവനകളിലും സ്ഥിരമായി ഹെല്‍ത്ത് വ്ളോഗുകളുമായി ഫേസ്ബുക്കിലും യൂട്യുബിലും വരുമായിരുന്ന എലിസബത്ത് ഉദയന്‍ നീണ്ടകാലത്തേക്ക് നിശബ്ദയായി. പിന്നീട് എലിസബത്ത് എവിടെ? എന്ന ചോദ്യം ഉയര്‍ന്നു തുടങ്ങി. എന്നാല്‍ അതിനുള്ള ഉത്തരം എലിസബത്ത് തനറെ ഫേസ്ബുക്കിലൂടെയായിരുന്നു നല്‍കിയത്. അഹമ്മദാബാദില്‍ ജോലിചെയ്യുകയാണെന്ന വിവരവും പങ്കുവെക്കുകയുണ്ടായി. ബാലയുടെ ഒപ്പം ഡാന്‍സ് ചെയ്ത് മൂന്നാം വിവാഹവാര്‍ഷികം ആഘോഷിക്കും എന്ന് എലിസബത്ത് പറഞ്ഞുവെങ്കിലും ആ സമയത്ത് അവര്‍ ബാലയുടെ ഒപ്പം കൂടിയില്ല. അതിനു മുന്‍പത്തെ വിവാഹവാര്‍ഷിക പോസ്റ്റ് ഷെയര്‍ ചെയ്ത് ഒരു ഓര്‍മപുതുക്കല്‍ മാത്രമാണ് എലിസബത്ത് നടത്തിയത്.
തനിക്ക് മനസമാധാനത്തോടെ ജീവിക്കാന്‍ വിവാഹം കഴിക്കണമെന്നും പിതാവ് വഴി 200 കോടിക്ക് മേല്‍ വിലയുള്ള സ്വത്തുക്കള്‍ക്ക് ഒരു അവകാശി വേണമെന്നതുള്‍പ്പടെയുള്ള കാര്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് നടന്റെ നാലാം വിവാഹം. മാത്രവുമല്ല എലിസബത്തുമായുള്ള വിവാഹം നിയമപരമായി രജിസ്റ്റര്‍ ചെയ്യാത്തതും ഒരു കാരണമാണ്. ഇത് തന്റെ സന്തോഷത്തിന്റെ അവസാനമല്ല തുടക്കമാണെന്നാണ് ബാല മാധ്യമങ്ങളോട് പറഞ്ഞത്.
Home Breaking News വ്യക്തി ജീവിതത്തിലെ വിവാദങ്ങള്‍ക്കിടെ ബാലയുടെ നാലാം വിവാഹം, കോടികളുടെ സ്വത്തിന് അവകാശിവേണം.











