സ്‌പെഷ്യൽ കറസ്‌പോണ്ടന്റ്
തൃശൂർ: ലൈഫ് മിഷൻ കേസിലെ ഒന്നാം പ്രതി യുണിടാക് ഉടമ സന്തോഷ് ഈപ്പനെയും കമ്പനി ഡയറക്ടറും സന്തോഷ് ഈപ്പന്റെ ഭാര്യയുമായ സീമ സന്തോഷിനെയും സിബിഐ ചോദ്യം ചെയ്തു. രണ്ടര മണിക്കൂറോളം ചോദ്യം ചെയ്ത് വിട്ടയച്ചെങ്കിലും ഇന്ന് വീണ്ടും ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. സന്തോഷ് ഈപ്പനെ സിബിഐ അറസ്റ്റ് ചെയ്യാനാണ് സാധ്യത. 20 കോടി രൂപയുടെ കരാറാണ് റെഡ് ക്രസന്റും യുണിടാകും തമ്മിലുണ്ടായിരുന്നത്. ഇതിന്റെ പേരിൽ നാലരക്കോടി രൂപ സ്വപ്‌ന സുരേഷിനും കൂട്ടർക്കും കമ്മിഷൻ നൽകിയതായിട്ടാണ് സന്തോഷ് ഈപ്പൻ വെളിപ്പെടുത്തിയിരുന്നത്. എൻഐഎക്ക് നൽകിയ മൊഴിയിൽ കോഴയിടപാട് അംഗീകരിച്ച സാഹചര്യത്തിലാണ് കേസന്വേഷണം ഏറ്റെടുത്ത സിബിഐ എല്ലാ രേഖകളും യുണിടാകിൽ നിന്ന് ആദ്യ ദിവസം തന്നെ പിടിച്ചെടുത്തത്. അതിന് പിന്നാലെയാണ് ഇന്നലത്തെ ചോദ്യം ചെയ്യൽ.
സിബിഐയുടെ മൂന്നംഗ സംഘം ലൈഫ് മിഷന്റെ തൃശൂർ ഓഫീസിലും വടക്കാഞ്ചേരി നഗരസഭാ ഓഫീസിലും എത്തി പരിശോധനകൾ നടത്തി. വടക്കാഞ്ചേരിയിലെ ഫഌറ്റ് നിർമ്മാണവുമായി ബന്ധപ്പെട്ട നഗരസഭയിലെ ഫയലുകളെല്ലാം കസ്റ്റഡിയിലെടുത്തു. രാവിലെ നഗരസഭാ ഓഫീസിലെത്തിയ സിബിഐ സംഘത്തിന്റെ പരിശോധന രണ്ടുമണിക്കൂറിലേറെ നീണ്ടു. ലൈഫ് മിഷന്റെ ഓഫീസിലെത്തിയ സിബിഐ സംഘം ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യുകയും എല്ലാ ഫയലുകളുമായി ഇന്ന് കൊച്ചി ഓഫീസിൽ എത്താനാവശ്യപ്പെടുകയും ചെയ്തു. ഇതിനിടയിൽ വടക്കാഞ്ചേരിയിലെ വിവാദ ഫഌറ്റ് നിർമ്മാണ ജോലികൾ നിർത്തിവെച്ചു. കഴിഞ്ഞ ബുധനാഴ്ച മുതലാണ് നിർമ്മാണം നിർത്തിവെയ്ക്കാൻ യുണിടാക് അധികൃതർ തൊഴിലാളികൾക്ക് നിർദ്ദേശം നൽകിയത്.
റിമാൻഡിൽ കഴിയുന്ന സ്വർണ്ണക്കടത്ത് കേസിലെ പ്രതികളായ റമീസിനെയും ജലാലിനെയും ചോദ്യം ചെയ്യാനായി വിട്ടുകിട്ടണമെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കോടതിയിൽ ഹർജി നൽകിയിട്ടുണ്ട്്. സിപിഎം സെക്രട്ടറി കോടിയേരിയുടെ മകൻ ബിനീഷ് കോടിയേരിയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അടുത്ത ദിവസങ്ങളിൽ വീണ്ടും ചോദ്യം ചെയ്യാൻ തീരുമാനിച്ചിട്ടുണ്ട്.
യുണിടാക് എംഡി ഉൾപ്പെടെയുള്ളവരുടെ ചോദ്യം ചെയ്യലിനും അറസ്റ്റിനും പുറകെ ലൈഫ് മിഷൻ സിഇഒയായിരുന്ന ഐഎഎസ് ഉദ്യോഗസ്ഥൻ യു.വി ജോസിലേക്കാണ് സിബിഐയുടെ ചോദ്യം ചെയ്യൽ എത്തുക. അതിന് പിന്നാലെ കോഴയിടപാടുമായി വെളിപ്പെടുത്തൽ നടത്തിയ മന്ത്രിമാർ അടക്കമുള്ളവരെയും മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവിനെയും സിബിഐ ചോദ്യം ചെയ്യും.
വിവാദങ്ങളിൽ നട്ടം തിരിയുന്ന സർക്കാരിന് നിർണായകദിനങ്ങളാണ് വരാനിരിക്കുന്നത്. സർക്കാർ പ്രതിക്കൂട്ടിലായ വിവിധ കേസുകളിൽ കേന്ദ്ര അന്വേഷണ ഏജൻസികളുടെ നിർണ്ണായക നീക്കങ്ങൾ ഈ ആഴ്ചയുണ്ടാകും. സ്വർണക്കടത്ത് കേസിൽ മന്ത്രി കെടി ജലീലിനെ എൻഐഎ ഈയാഴ്ച വീണ്ടും ചോദ്യം ചെയ്യുമെന്നാണ് സൂചന.
നയതന്ത്ര ചാനലിലൂടെ ഖുറാൻ കൊണ്ടുന്ന സംഭവത്തിൽ നേരത്തെ കസ്റ്റംസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഈ കേസിൽ മന്ത്രിയുടെ മൊഴിയെടുക്കുന്നതിനുള്ള നടപടികൾ കസ്റ്റംസ് ആരംഭിച്ചിട്ടുണ്ട്. കേസിൽ പ്രോട്ടോകോൾ ലംഘനവുമായി ബന്ധപ്പെട്ടാണ് മന്ത്രി കെടി ജലീലിനെ കസ്റ്റംസ് ഈയാഴ്ച ചോദ്യം ചെയ്യുക. ഖുർആൻ കൊണ്ടുവന്നതടക്കമുള്ള കാര്യങ്ങളിൽ മന്ത്രിയിൽ നിന്നും കസ്റ്റംസ് വിവരങ്ങൾ ശേഖരിക്കും.
അതിനിടെ സ്വത്തു വിവര കണക്കെടുപ്പ് പൂർത്തിയായാൽ കളളപ്പണ വെളുപ്പിക്കൽ നിരോധന നിയമപ്രകാരം സിപിഎം സംസ്ഥാന സെക്രട്ടറിയുടെ മകൻ ബിനീഷ് കോടിയേരിയെ എൻഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്യും. ബിനീഷിന്റെ സ്വത്ത് വകകൾ കണ്ടെത്താൻ രജിസ്‌ട്രേഷൻ വകുപ്പിന് ഇഡി കത്ത് നൽകിയിട്ടുണ്ട്. ഇത് ഉടൻ സമർപ്പിക്കുമെന്ന് രജിസ്‌ട്രേഷൻ ഐജി മറുപടി നൽകിയിട്ടുണ്ട്.








