
ശബരിമല അയ്യപ്പനെ കാണാനെത്തുന്ന കുട്ടികളുടെ എണ്ണത്തില്‍ വന്‍ വര്‍ധന. ക്രിസ്മസ് അവധിയ്ക്കായി സ്‌കൂളുകള്‍ അടച്ചതോടെ കുഞ്ഞ് അയ്യപ്പന്മാരും കുഞ്ഞു മാളികപ്പുറങ്ങളും നിരവധിയാണ് സന്നിധാനത്തേക്കെത്തുന്നതെന്ന് ദേവസ്വം ബോര്‍ഡ് വ്യക്തമാക്കി.
കുട്ടികള്‍ക്കായി പ്രത്യേക വരി ഏര്‍പ്പെടുത്തിയതും, അയ്യപ്പദര്‍ശനത്തിന് ഡ്യൂട്ടിയില്‍ നില്‍ക്കുന്ന പൊലീസ്, ഉദ്യോഗസ്ഥരും ദേവസ്വം ബോര്‍ഡ് ജീവനക്കാരും സഹായിക്കുന്നതും കുട്ടികളുമായി എത്തുന്നവര്‍ക്ക് ഏറെ സഹായകമാകുന്നുണ്ട്.
പതിനെട്ടാംപടി കയറുന്നതിനിടെ കൂട്ടംതെറ്റി പോകുന്ന കുട്ടികളെ പൊലീസുകാര്‍ സുരക്ഷിതമായി കൂട്ടിക്കൊണ്ടുവന്ന് മുന്‍നിരയില്‍ നിര്‍ത്തി ദര്‍ശനം സാധ്യമാക്കി രക്ഷിതാക്കള്‍ക്കൊപ്പം ആക്കുന്നതും പിന്‍നിരയിലൂടെ പെട്ടുപോകുന്ന കുട്ടികളെ പൊലീസുകാര്‍ എടുത്തുയര്‍ത്തി അയ്യപ്പദര്‍ശനം സാധ്യമാക്കുന്നതും നിത്യകാഴ്ചയാണ്.
ഡിസംബര്‍ 18 മുതല്‍ 22 വരെയുള്ള അഞ്ചുദിവസം കൊണ്ട് ഇരുപത്തിയാറായിരത്തിലേറെ കുട്ടികള്‍ സന്നിധാനത്ത് എത്തിയെന്നാണ് പോലീസിന്റെ ഏകദേശ കണക്ക്. ഈ ദിവസങ്ങളില്‍ ഏറ്റവും കൂടുതല്‍ കുട്ടികളെത്തിയത് ഡിസംബര്‍ 19നാണ്-7138 പേര്‍. ഡിസംബര്‍ 20ന് 6618 കുട്ടികളും 18ന് 5337 കുട്ടികളും എത്തി എന്നാണ് കണക്ക്.
ഈ ദിവസങ്ങളെ അപേക്ഷിച്ചു തിരക്ക് കുറഞ്ഞ ഡിസംബര്‍ 21,22 തിയതികളില്‍ 3985, 3665 എന്നിങ്ങനെയാണ് കുട്ടികളുടെ വരവ് തിരക്ക് വീണ്ടും കൂടിയ ഇന്ന്(ഡിസംബര്‍ 23) കുട്ടികളുടെ വന്‍തോതിലുള്ള ഒഴുക്കാണ് കാണുന്നത്.
കുട്ടികളുടെ കൈയില്‍ അണയ്ക്കുന്ന റിസ്റ്റ് ബാന്‍ഡിന്റെ അടിസ്ഥാനമെടുത്താല്‍ എണ്ണത്തില്‍ വലിയ വര്‍ധനയാണ് ഇക്കുറി ഉണ്ടായിരിക്കുന്നത്. ഈ വര്‍ഷം ഡിസംബര്‍ 21 വരെ 2,24,768 പേരാണ് റിസ്റ്റ്് ബാന്‍ഡ് അണിഞ്ഞു സന്നിധാനത്ത് എത്തിയിട്ടുള്ളത്. കഴിഞ്ഞവര്‍ഷം ഈ സമയം 1,70,042 പേരാണ് റിസ്റ്റ് ബാന്‍ഡ് അണിഞ്ഞത്. പ്രായമേറിയ സ്ത്രീകള്‍ക്കും കൂട്ടം തെറ്റാതിരിക്കാന്‍ റിസ്റ്റ് ബാന്‍ഡ് നല്‍കാറുണ്ട്.








