
ന്യൂഡല്‍ഹി: ശബരിമല പുനഃപരിശോധനാ ഹര്‍ജിയില്‍ നാളെ സുപ്രീം കോടതി വിധി പറയും. ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ഭരണഘടനാ ബെഞ്ചാണ് 2018 സെപ്റ്റംബര്‍ 28ന് സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശിക്കാം എന്ന വിധി പുറപ്പെടുവിച്ചത്. അഞ്ചംഗ ഭരണഘടനാ ബെഞ്ച് പുറപ്പെടുവിച്ച വിധി പുറത്ത് വന്നത് ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയുടെ വിയോജനക്കുറിപ്പോടെയായിരുന്നു.
56 പുനഃപരിശോധനാ ഹര്‍ജികളാണ് വിധിക്ക് പിന്നാലെ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്തത്. എല്ലാ പ്രായത്തിലും ഉള്‍പ്പെട്ട സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശിക്കാമെന്ന സുപ്രീം കോടതിയുടെ വിധിക്ക് വലിയ രാഷ്ട്രീയ, സാമൂഹ്യ പ്രാധാന്യമാണുള്ളത്. കഴിഞ്ഞ മണ്ഡലകാലത്ത് വിധി വന്നതിന് പിന്നാലെ ഇടത്പക്ഷ സര്‍ക്കാര്‍ യുവതീപ്രവേശനം നടപ്പാക്കുന്നതില്‍ തിടുക്കം കാണിച്ചുവെന്ന് ആരോപിച്ച് കോണ്‍ഗ്രസും ബിജെപിയും രംഗത്ത് വന്നിരുന്നു. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ചാണ് നാളെ കേരളം ഉറ്റുനോക്കുന്ന വിധി പുറപ്പെടുവിക്കുന്നത്.
വ്യാഴാഴ്ച രാവിലെ പത്തരയോടെ ശബരിമല ഹര്‍ജികളിന്മേല്‍ സുപ്രീം കോടതി വിധി പറയും. കഴിഞ്ഞ വര്‍ഷം ഏറെ കോളിളക്കം സൃഷ്ടിച്ച വിധിയിന്മേലാണ് പുനഃപരിശോധനാ ഹര്‍ജികള്‍ സമര്‍പ്പിച്ചത്. വിശ്വാസികള്‍ അനുകൂല വിധി സ്പ്രേയിം കോടതിയില്‍ നിന്ന് പ്രതീക്ഷിക്കുന്നുവെന്ന് ഹിന്ദു ഐക്യവേദി അറിയിച്ചു. വിധി എന്ത് തന്നെയായാലും അംഗീകരിക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍ വ്യക്തമാക്കി. സംയമനത്തോടെ എല്ലാവരും വിധിയെ സമീപിക്കണമെന്നും പദ്മകുമാര്‍ കൂട്ടിച്ചേര്‍ത്തു.
2018 സെപ്റ്റംബര്‍ 28ന് ദീപക് മിശ്ര അധ്യക്ഷനായ ഭരണഘടനാ ബെഞ്ച് ഉത്തരവിട്ടത് സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശനം അനുവദിക്കാത്തത് ഭരണഘടനാവിരുദ്ധമാണെന്നായിരുന്നു. അയ്യപ്പന്‍ ബ്രഹ്മചാരിയായതിനാലാണ് ആര്‍ത്തവമുള്ള സ്ത്രീകള്‍ ശബരിമല സന്നിധാനത്ത് പ്രവേശിക്കരുതെന്ന് വിശ്വാസികള്‍ പറയുന്നത്. ദീപക് മിശ്ര അധ്യക്ഷനായ ഭരണഘടനാ ബെഞ്ച് പുറപ്പെടുവിച്ച വിധിയില്‍ ഇന്ദു മല്‍ഹോത്ര എഴുതിയ വിയോജനക്കുറിപ്പ് ശ്രദ്ധേയമായിരുന്നു. മതം എന്നും വിശ്വാസത്തിലൂന്നിയതാണ്. എന്റെ വിശ്വാസം എന്റേതാണ്. ഇങ്ങനെയാണ് ഇന്ദു മല്‍ഹോത്ര വിധി പകര്‍പ്പില്‍ എഴുതിയ വിയോജനക്കുറിപ്പ്.




