കൊട്ടാരക്കര: വേനല്‍ക്കാലത്തും വറ്റാത്ത നീരുറവയായ കോട്ടാത്തല മൂഴിക്കോട് ചിറ തകര്‍ച്ചയിലേക്ക്. കൊട്ടാരക്കര- പുത്തൂര്‍ റോഡരികിലായുള്ള മൂഴിക്കോട് ചിറ തീര്‍ത്തും നാശത്തിലേക്ക് കൂപ്പുകുത്തുമ്പോഴും അധികൃതര്‍ക്ക് കുലുക്കമില്ല. ചിറയില്‍ സ്ഥാപിച്ചിരുന്ന പമ്പ് ഹൗസ് അടുത്തിടെ തകര്‍ന്ന് വെള്ളത്തില്‍ പോവുകയും ചെയ്തു. ഏറെക്കാലമായി ഉപയോഗമില്ലാതിരുന്നതാണ് പമ്പ് ഹൗസ്. ചുറ്റും കമ്പിവേലി സ്ഥാപിച്ചതില്‍ കുറ്റിക്കാടും വള്ളിപ്പടര്‍പ്പും മൂടി. ചിറയിലെ വെള്ളം തീര്‍ത്തും ഉപയോഗശൂന്യമാണ്. വരുന്ന വേനല്‍ക്കാലത്തും ഇവിടുത്തെ വെള്ളം ഉപയോഗിക്കാന്‍ കഴിയില്ല. ഒരു വര്‍ഷം മുന്‍പ് കോട്ടാത്തല കോട്ടവിള വീട്ടില്‍ രാജേഷിന്റെ (37) ചിറ വൃത്തിയാക്കാനായി ഒറ്റയ്ക്ക് പരിശ്രമം തുടങ്ങിയിരുന്നു. ഇത് വലിയ വാര്‍ത്താപ്രാധാന്യം നേടിയെങ്കിലും ലക്ഷ്യത്തിലെത്തിയില്ല. പിന്നീട് ചിറ ആരും ഗൗനിക്കാതെയായി. റോഡരികിലെ ചിറയില്‍ നിരവധി വാഹനങ്ങള്‍ മറിഞ്ഞിട്ടുണ്ട്. ആത്മഹത്യകളും ഏറെയുണ്ടായി. തുടര്‍ന്നാണ് നാലാള്‍ പൊക്കത്തില്‍ കമ്പിവേലി നിര്‍മിച്ചത്. ഇപ്പോള്‍ വേലി കാട് മൂടിയതിനാല്‍ വഴിയാത്രക്കാര്‍ക്ക് ചിറ കാണാന്‍ പറ്റില്ലെന്ന സ്ഥിതിയായി. ചിറയിലെ ജലത്തെ ആശ്രയിച്ചുമാത്രം വേനല്‍ക്കാല കൃഷി നടത്തിയിരുന്ന ഏലായാണ് ഇതിനടുത്തുള്ളത്. മഴക്കാലത്തും വേനല്‍ക്കാലത്തും ചിറയില്‍ നിന്നുള്ള വെള്ളം റോഡിന്റെ അടിയിലൂടെ നിര്‍മിച്ച കനാല്‍ വഴി ഏലായിലേക്ക് തുറന്നുവിടാറുണ്ടായിരുന്നു. വേനല്‍ക്കാലത്ത് വെള്ളമൊഴുക്ക് കാര്യമായി നടക്കാതെ വന്നപ്പോഴാണ് പമ്പ് സ്ഥാപിച്ച് വെള്ളം ഒഴുക്കാന്‍ തീരുമാനിച്ചത്. ഗാര്‍ഹിക ആവശ്യങ്ങള്‍ക്കും ഇതുവഴി വെള്ളമെടുക്കാമെന്നും കണക്കുകൂട്ടിയിരുന്നു. എന്നാല്‍ പദ്ധതികളെല്ലാം വെറുതെയായി. വിഖ്യാത ചിത്രകാരന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് സംവിധാനം ചെയ്ത എലിപ്പത്തായമെന്ന സിനിമയില്‍ ഈ ചിറ ഇടം നേടിയിട്ടുണ്ട്. വേനല്‍ക്കാലത്തും ചിറയിലെ വെള്ളം വറ്റാറില്ല. മുമ്പ് പ്രദേശവാസികള്‍ തുണി അലക്കാനും കുളിക്കാനും ചിറയെയാണ് ആശ്രയിച്ചിരുന്നത്. ഇടക്കാലത്ത് വൃത്തിയാക്കിയപ്പോള്‍ നീന്തല്‍ കുളമായും മാറിയിരുന്നു. എന്നാല്‍ കൃത്യമായ സംരക്ഷണ പദ്ധതികളുണ്ടായില്ല. ചിറ ഓരോ വര്‍ഷവും നാശത്തിലേക്ക് കൂപ്പുകുത്തുകയും ചെയ്തു. അടിയന്തിരമായി ചിറ വൃത്തിയാക്കാന്‍ മൈലം ഗ്രാമപഞ്ചായത്തും ജനപ്രതിനിധികളും മുന്‍കൈയെടുത്താല്‍ നാടിന്റെ ജലക്ഷാമത്തിന് ഒരളവോളം പരിഹാരമാകും.