ന്യൂഡല്‍ഹി: ഇന്ത്യന്‍ വൈമാനികന്റെ മോചനം നല്ല പ്രതീക്ഷ ഉണര്‍ത്തുന്നുണ്ടെങ്കിലും ജമ്മു കശ്മീരിലെ കുപ്‌വാരയില്‍ ഭീകരരും സൈന്യവും തമ്മില്‍ ഇന്നലെ ഏറ്റുമുട്ടലുണ്ടാകുകയും രണ്ടു ഭീകരര്‍ കൊല്ലപ്പെടുകയും ചെയ്തു എന്നത് ‘യുദ്ധഭീതി ഒഴിയും” എന്ന ശുഭാപ്തി വിശ്വാസത്തിനു മങ്ങലേല്‍പ്പിച്ചു. ഭീകരരുടെ സാന്നിദ്ധ്യം അതിര്‍ത്തി പ്രദേശത്തുണ്ടെന്ന രഹസ്യവിവരത്തെത്തുടര്‍ന്നാണ് സൈന്യം നടത്തിയ തിരച്ചിലിനെ തുടര്‍ന്നാണ് ഭീകരരെ തെരഞ്ഞുപിടിച്ച് വധിച്ചത്. സൈന്യത്തിനു നേര്‍ക്ക് വെടി ഉതിര്‍ക്കുകയും മൂന്ന് ഭീകരരെ സൈന്യം പിടികൂടുകയും ചെയ്തു. ഉറി മേഖലയിലും മറ്റും പാകിസ്ഥാന്‍ വീണ്ടും വെടിനിര്‍ത്തല്‍ ഇന്നലെ ലംഘിച്ചു. ഗവാഹലന്‍, ചോക്കാസ്, കികര്‍, കാത്തി എന്നിവിടങ്ങളിലാണ് ഏറ്റുമുട്ടലുണ്ടായത്. നാട്ടുകാര്‍ക്കും പരിക്ക് പറ്റിയിട്ടുണ്ട്.
അതിര്‍ത്തികളില്‍ ഉടനീളവും നിയന്ത്രണരേഖയിലും വെടിനിര്‍ത്തല്‍ ലംഘനമാണിപ്പോഴും നടക്കുന്നത്. കഴിഞ്ഞ 4 ദിവസത്തിനിടെ 45ലധികം വെടിനിര്‍ത്തല്‍ ലംഘനം പാകിസ്ഥാന്‍ ഉണ്ടാക്കിയിട്ടുണ്ട്. ഹിന്ദ്‌വാര സെക്ടറില്‍ പാകിസ്ഥാന്‍ വെടിവെയ്പും ഷെല്ലാക്രമണവും ഇന്നലെ നടത്തി. നൗഷേര, സുന്ദര്‍ബനി, മന്‍കോട്ട്, രജൗരി എന്നിവിടങ്ങളില്‍ പാകിസ്ഥാന്റെ വെടിവെയ്പ് നടന്നിരുന്നു. ഇന്ത്യ ഇവിടെയെല്ലാം തിരിച്ചടി നടത്തുന്നുമുണ്ട്.
പാക് ജയിലില്‍ ആറര ഡസനോളം ഇന്ത്യന്‍ സൈനികര്‍ ഉണ്ടെന്നാണ് ഇന്ത്യയുടെ കണക്ക്. 1971മുതല്‍ പിടിയിലായവരാണ് പാകിസ്ഥാന്റെ തടവില്‍ ഉള്ളത്. ഇന്ത്യാ ഗവണ്‍മെന്റിന്റെ കണക്ക് ആണിത്. പാകിസ്ഥാന്‍ ഇതൊക്കെ നിഷേധിക്കുന്നു. 1965, 1971 പാക്കുമായുള്ള യുദ്ധങ്ങള്‍ കഴിഞ്ഞ് 49 വര്‍ഷമായിട്ടും സൈനികര്‍ തിരിച്ചെത്തിയിട്ടില്ല. പാകിസ്ഥാന്‍ പിടികൂടുന്ന പട്ടാളക്കാരോട് മൃഗീയമായാണ് പെരുമാറുന്നതത്രെ. പാകിസ്ഥാന്‍ പീഡിപ്പിച്ചുകൊന്ന ഇന്ത്യന്‍ സൈനികരുടെ മൃതദേഹത്തോടു പോലും പാകിസ്ഥാന്‍ അനാദരവ് കാട്ടിയിട്ടുണ്ടെന്നു പറയപ്പെടുന്നു. കൊല്ലപ്പെട്ടവരുടെ കണ്ണുകള്‍ ചൂഴ്‌ന്നെടുത്തതായും ആരോപണം ഉണ്ട്.
അതിര്‍ത്തിയില്‍ സംഘര്‍ഷത്തിന് അയവുവന്നതായി പറയാനാവില്ല. സ്ഥിതിഗതികള്‍ ഇപ്പോഴും യുദ്ധസമാനമാണ്. പ്രശ്‌നം കൂടുതല്‍ വഷളാകുമോ എന്നിപ്പോള്‍ പറയാനാവില്ല. അതിര്‍ത്തിയില്‍ മുഴുവനുമില്ലാതെ പരിമിതമായ സ്ഥലങ്ങളിലാണ് യുദ്ധത്തിന്റെ അന്തരീക്ഷമുള്ളത്. അന്താരാഷ്ട്ര നിലവാരത്തില്‍ രണ്ടു ആണവ രാജ്യങ്ങള്‍ തമ്മിലുള്ള യുദ്ധം ഒഴിവാക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും യുദ്ധഭീതി ഇപ്പോഴും അന്തരീക്ഷത്തിലുണ്ട്.







