ശ്രീജിത്തിനെതിരെ മൊഴി നൽകാൻ സമ്മർദ്ദമുണ്ടെന്ന് സാക്ഷിയുടെ മകൻ
വരാപ്പുഴയില്‍ കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിനെതിരെ മൊഴി നല്‍കാന്‍ സിപിഎമ്മിന്റെ ഭാഗത്ത് നിന്ന് സമ്മര്‍ദ്ദമുണ്ടെന്ന് ദേവസ്വംപാടം ബ്രാഞ്ച് സെക്രട്ടറി പരമേശ്വരന്റെ മകന്‍ ശരത് പറഞ്ഞു. അക്രമം നടക്കുമ്പോള്‍ പരമേശ്വരന്‍ സംഭവസ്ഥലത്ത് ഉണ്ടായിരുന്നില്ല. പരമേശ്വരൻ മൊഴിമാറ്റിയത് സിപിഎം ഏരിയകമ്മിറ്റി അംഗം കൂട്ടികൊണ്ടുപോയതിന് ശേഷമാണെന്നും ശരത് മാധ്യമങ്ങളോട് പറഞ്ഞു.
ദേവസ്വംപാടം സ്വദേശി വാസുദേവന്റെ വീടുകയറി ആക്രമണം നടത്തിയ കേസില്‍ പരമേശ്വരന്റെ മൊഴിയാണ് നിര്‍ണ്ണായക സാക്ഷിമൊഴിയായി പോലീസ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍, പോലീസ് തന്റെ മൊഴി രേഖപ്പെടുത്തിയിരുന്നില്ലെന്ന് പരമേശ്വരന്‍ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.
അക്രമിസംഘം വാസുദേവനെ മര്‍ദ്ദിക്കുന്നത് താന്‍ നേരിട്ട് കണ്ടിട്ടില്ലെന്നും വീടാക്രമിച്ച് വാസുദേവനെ മര്‍ദ്ദിച്ച ദിവസം താന്‍ സംഭവസ്ഥലത്ത് ഉണ്ടായിരുന്നില്ലെന്നുമാണ് പരമേശ്വരന്റെ വെളിപ്പെടുത്തല്‍. വാസുദേവനെ ആക്രമിച്ചവരുടെ കൂട്ടത്തില്‍ ഷേണായ്പറമ്പില്‍ രാമകൃഷ്ണന്റെ മക്കളായ ശ്രീജിത്തും സജിത്തും ഉള്‍പ്പെടെയുള്ളവരെ തിരിച്ചറിഞ്ഞതായി പരമേശ്വരന്‍ പറഞ്ഞുവെന്നാണ് പോലീസ് സാക്ഷിമൊഴിയിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഇതിനിടയിലാണ് സിപിഎമ്മിനെതിരെ ഗുരുതര ആരോപണങ്ങളുമായി പരമേശ്വരന്റെ മകന്‍ ശരത് രംഗത്തുവന്നിരിക്കുന്നത്.




