Kerala Pranamam

ശ്രീനാരായണ ഗുരുദേവ മഹാസമാധി ദിനാചരണം ഇന്ന്

തൊടുപുഴ: ശ്രീനാരായണ ഗുരുദേവന്റെ 94-ാമത് മഹാസമാധി ദിനാചരണം തൊടുപുഴ യൂണിയന് കീഴിലെ 46 ശാഖകളിലും ഗുരുദേവക്ഷേത്രങ്ങളിലും ഗുരുമന്ദിരങ്ങളിലും ഗുരുഭക്തരുടെ ഭവനങ്ങളിലും ചടങ്ങുകളായി നടക്കും. എസ്.എന്‍.ഡി.പി യോഗം തൊടുപുഴ യൂണിയന്‍ പ്രതിമാമന്ദിരത്തില്‍ രാവിലെ ഒമ്ബതിന് ഗുരുപൂജ, സമൂഹപ്രാര്‍ത്ഥന എന്നിവ നടക്കും. കൊവിഡ് മാനദണ്ഡം പാലിച്ച് നടക്കുന്ന ചടങ്ങില്‍ യൂണിയന്‍ ഭാരവാഹികളും പോഷക സംഘടനാ ഭാരവാഹികളും പങ്കെടുക്കും. ചെറായിക്കല്‍ ഗുരുദേവക്ഷേത്രത്തില്‍ ക്ഷേത്രം മേല്‍ശാന്തി വൈക്കം ബെന്നി ശാന്തിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ സമൂഹപ്രാര്‍ത്ഥന, ഉപവാസം, ഗുരുപൂജ എന്നിവ നടക്കും. ശാഖകളിലെ ഗുരുദേവക്ഷേത്രങ്ങളിലും ഗുരുമന്ദിരങ്ങളിലും ഗുരുപൂജ, സമൂഹപ്രാര്‍ത്ഥന, ഉപവാസം എന്നിവ നടക്കും. യൂണിയന്‍ ഭാരവാഹികള്‍ ശാഖാ ഗുരുദേവക്ഷേത്രങ്ങിലും ഗുരുമന്ദിരങ്ങളിലും നടക്കുന്ന മഹാസമാധി ദിനാചരണ ചടങ്ങുകളില്‍ പങ്കെടുക്കും. വ്രതശുദ്ധിയോടെ എല്ലാ ഭവനങ്ങളിലും സമൂഹപ്രാര്‍ത്ഥനയോടും ഉപവാസത്തോടും കൂടി ഭക്തി നിര്‍ഭരമായി മഹാസമാധി ദിനം ആചരിക്കുമെന്ന് യൂണിയന്‍ കണ്‍വീനര്‍ വി. ജയേഷ് അറിയിച്ചു.ഗുരുദേവ മഹാസമാധി ദിനാചരണം കലൂര്‍ ശാഖയില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഭക്തിപൂര്‍വം നടക്കും. രാവിലെ 10ന് ദീപാര്‍പ്പണത്തോടുകൂടി പ്രാര്‍ത്ഥനാ ചടങ്ങുകള്‍ ആരംഭിക്കും. സ്പെഷ്യല്‍ ശാന്തിഹവനം (ഹോമം), ഗുരുപുഷ്പാഞ്ജലി എന്നീ പ്രാര്‍ത്ഥനായജ്ഞങ്ങള്‍ ഗുരുപാദങ്ങളില്‍ സമര്‍പ്പിക്കാന്‍ ശാഖയില്‍ സൗകര്യം ഉണ്ടാകും. ഭക്തജനങ്ങള്‍ വ്രതാനുഷ്ഠാനത്തോടെ ഈ പുണ്യമായ ചടങ്ങുകളില്‍ പങ്കെടുത്ത് ഗുരുദേവ കടാക്ഷം സ്വീകരിക്കും. ‘ഭഗവാന്റെ മഹാസമാധി’ സമയമായ 3.30ന് പ്രാര്‍ത്ഥനാ ചടങ്ങുകള്‍ സമര്‍പ്പിക്കും. ഉപവാസം അനുഷ്ഠിക്കുന്നവര്‍ക്ക് അതിനുള്ള സൗകര്യം ഉണ്ടായിരിക്കും.