
ശ്വാസകോശാര്‍ബുദം കുറച്ചു കൂടി മൂര്‍ച്ഛിച്ച ഘട്ടത്തിലാണെങ്കില്‍ അര്‍ബുദ കോശങ്ങള്‍ മറ്റ് ശരീരഭാഗങ്ങളിലേക്ക് വ്യാപിക്കാനുള്ള സാധ്യതയുണ്ട്. പ്രത്യേകിച്ച് കഴലകള്‍ അഥവാ ലിംഫ് ഗ്രന്ഥികളിലേക്ക്. അത്തരം സാഹചര്യങ്ങളില്‍ കഴലകളുടെ ബയോപ്‌സി പരിശോധനയാണ് രോഗനിര്‍ണ്ണയം സാധ്യമാക്കുന്നത്.
ഇന്ന് പലരിലും കണ്ടുവരുന്ന ഒരു ക്യാന്‍സറാണ് ശ്വാസകോശാര്‍ബുദം. പല കാരണങ്ങള്‍ കൊണ്ടാണ് ശ്വാസകോശാര്‍ബുദം വരുന്നത്. ഫെബ്രുവരി 4 നാണ് ലോക ക്യാന്‍സര്‍ ദിനം. ഈ ക്യാന്‍സര്‍ ദിനത്തില്‍ ശ്വാസകോശാര്‍ബുദം എങ്ങനെ തടയാമെന്നതിനെ കുറിച്ച് അസീസിയ മെഡിക്കല്‍ കോളേജിലെ ശ്വാസകോശരോഗ വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. ജി മഹേഷ് ദേവ് എഴുതുന്ന ലേഖനം.
ആഗോളതലത്തില്‍ ക്യാന്‍സര്‍ മൂലമുണ്ടാകുന്ന മരണങ്ങളില്‍ ഒന്നാമതാണ് ശ്വാസകോശാര്‍ബുദം. ഏതാണ്ട് 18 ലക്ഷം ആള്‍ക്കാരാണ് കഴിഞ്ഞ വര്‍ഷം മാത്രം ഈ രോഗം മൂലം മരണപ്പെട്ടത്. മരണസംഖ്യയില്‍ തൊട്ടുതാഴെയുള്ള കുടല്‍ അനുബന്ധ ക്യാന്‍സറിന്റെ ഇരട്ടിയലിധകമാണ് ശ്വാസകോശ കാന്‍സര്‍ മൂലമുണ്ടാകുന്ന മരണങ്ങള്‍ എന്നതാണ് ഗൗരവകരമായ കാര്യം. അതിനാല്‍ തന്നെ ഈ രോഗത്തെപ്പറ്റിയും, അര്‍ബുദ സാധ്യതകള്‍ കുറയ്ക്കാനുള്ള പ്രതിരോധ മാര്‍ഗ്ഗങ്ങളെ പറ്റിയുമുള്ള വ്യക്തമായ അവബോധം കാലഘട്ടത്തിന്റെ അനിവാര്യതയാണ്.
ശ്വാസകോശ കാന്‍സര്‍ – രണ്ടുതരം
അര്‍ബുദ കോശങ്ങളുടെ വ്യതിയാനമനുസരിച്ച് ശ്വാസകോശാര്‍ബുദം രണ്ടു പ്രധാന ഗ്രൂപ്പുകളായി തിരിച്ചിരിക്കുന്നു.
നോണ്‍സ്മാള്‍സെല്‍ ലംഗ് കാന്‍സറും സ്മാള്‍സെല്‍ ലംഗ് കാന്‍സറും.
ഇവയില്‍ തന്നെ മറ്റ് ഉപവിഭാഗങ്ങളുമു ണ്ട്. അവ കുറച്ച് സങ്കീര്‍ണ്ണമായതിനാല്‍ ഇവിടെ വിവരിക്കുന്നില്ല. ശ്വാസകോശ കാന്‍സറുകളുടെ 85 ശതമാനത്തോളവും നോണ്‍സ്മാള്‍സെല്‍ ലംഗ് കാന്‍സറുകളാണ്.
കാരണങ്ങള്‍
പുകവലി
പുകവലിയാണ് ശ്വാസകോശാര്‍ബുദത്തിലേക്ക് നയിക്കുന്ന പ്രധാന വില്ലന്‍, സിഗരറ്റ് പുകയില്‍ 5000-ത്തോളം ക്യാന്‍സറിനു കാരണമാകുന്ന രാസവസ്തുക്കള്‍ (കാര്‍സി നോജനുകള്‍) അടങ്ങിയിരിക്കുന്നു. ഇവ സിഗരറ്റ് പുകയിലൂടെ ശ്വാസകോശ ത്തിനുള്ളിലെത്തുകയും, കാന്‍സര്‍ പ്രതിരോധ ജീനുകളെ തകരാറിലാക്കുകയും ചെയ്യുന്നു. ഇപ്രകാരം തുടര്‍ച്ചയായുണ്ടാകുന്ന ജനിതക തകരാറുകള്‍ കോശങ്ങ ളുടെ അനിയന്ത്രിത വളര്‍ച്ചയ്ക്കു കാരണമാകുകയും, അതുവഴി അര്‍ബുദകോശങ്ങളായും രൂപാന്തരപ്പെടുന്നു.
പുകവലിക്കുന്നയാള്‍ വലിച്ചു വിടുന്ന പുക ശ്വസിക്കുമ്പോഴും അര്‍ബുദത്തിലേക്ക് നയിക്കപ്പെടാനുള്ള സാധ്യതയുണ്ട്. അതായത് പുകവലിക്കുന്നയാള്‍ക്കും, അടുത്തിടപഴകു ന്നവര്‍ക്കും ഒരുപോലെ അപകടകരമായ സ്ഥിതി വിശേഷമാണിത്.
അന്തരീക്ഷ മലിനീകരണം
വര്‍ദ്ധിച്ചുവരുന്ന അന്തരീക്ഷ മലിനീകരണം ശ്വാസകോശാര്‍ബുദത്തിനു കാരണഹേതുവാണ്.
വാഹനങ്ങളില്‍ നിന്നും, ഫാക്ടറികളില്‍ നിന്നും നിര്‍ഗമിക്കുന്ന പുക, ഇന്ധനങ്ങള്‍ കത്തുമ്പോഴുണ്ടാകുന്ന പുകയും, പൊടിപടലങ്ങളും, പാര്‍ട്ടിക്കുലേറ്റ് മാറ്റര്‍ (Particulate matter) എന്ന ചെറുകണികകളായി ശ്വാസകോശങ്ങളിലെത്തുകയും, മുന്‍പറഞ്ഞ പ്രകാരം ജനിതകവ്യതിയാനത്തിലേക്കും, അതുവഴി ശ്വാസകോശാര്‍ബുദം ഉണ്ടാകാനുമുള്ള സാധ്യതയുണ്ട്.
ജനിതക മാറ്റങ്ങള്‍
കുടുംബത്തിലോ, അടുത്ത ബന്ധുക്കള്‍ക്കോ ശ്വാസകോശാര്‍ബുദമുണ്ടായിട്ടുണ്ടെങ്കില്‍ അത് ശ്വാസകോശ കാന്‍സറിന്റെ സാധ്യത വര്‍ദ്ധിപ്പിക്കും. ഡി.എന്‍.എയിലൂടെ ഒരാള്‍ക്ക് ലഭിക്കുന്ന ഘടകങ്ങള്‍ ചിലപ്പോഴൊക്കെ ശ്വാസകോശങ്ങളില്‍ ചില മാറ്റങ്ങള്‍ക്ക് കാരണമാകും. ഈ വ്യതിയാനങ്ങള്‍ ചിലപ്പോള്‍ അര്‍ബുദ കോശങ്ങളുടെ വളര്‍ച്ചയ്ക്കു കാരണമാകുകയും ചെയ്യും. അതുകൊണ്ടുതന്നെ മറ്റ് ചില അസുഖങ്ങളെ പോലെ, ശ്വാസകോശ കാന്‍സറും, ജനിതകപരമായി ലഭിക്കാനുള്ള സാധ്യതയുണ്ട്.
മറ്റു കാര്‍സിനോജനുകള്‍
അര്‍ബുദ കോശങ്ങളുടെ വളര്‍ച്ചയിലേ ക്ക് നയിക്കുന്ന പദാര്‍ത്ഥങ്ങളോ, രാസവസ്തുക്കളോ പ്രോട്ടീനുകളോ ആണ് കാര്‍സിനോജനുകള്‍. റാഡോണ്‍ എന്ന ഒരു വാതകം, തൊഴിലിടങ്ങളിലെയും ഫാക്ടറികളിലെയും ചില കെമിക്കലുകളായ നിക്കല്‍, ആഴ്‌സനിക്, ആസ്ബസ്റ്റോസ് എന്നിവ ശ്വാസകോശാര്‍ബുദമുണ്ടാക്കുന്ന ചില കാര്‍സിനോജനുകളാണ്.അനിയന്ത്രിത അളവിലേല്‍ക്കുന്ന റേഡിയേഷനുകളും കാര്‍സിനോജനുകളായി വര്‍ത്തിക്കുന്നു.
ചിലയിനം ശ്വാസകോശ രോഗങ്ങള്‍
ശ്വാസകോശം ചുരുങ്ങുന്ന പള്‍മണറി ഫൈബ്രോസിസ്, ശ്വാസകോശവീക്കം അഥവാ COPD എന്നീ രോഗാവസ്ഥകള്‍ ഉള്ളവരില്‍ ശ്വാസകോശാര്‍ബുദ സാധ്യത ഇതര ആളുകളേക്കാള്‍ കൂടുതലായി കണ്ടു വരുന്നു.
രോഗലക്ഷണങ്ങള്‍
പലപ്പോഴും നാം ശ്രദ്ധിക്കാതെ പോകുന്ന ചില ആദ്യകാല ലക്ഷണങ്ങളുണ്ട്. ചിലരിലെങ്കിലും പ്രാരംഭ ഘട്ടത്തില്‍ തന്നെ രോഗം തിരിച്ചറിഞ്ഞു ചികിത്സയെടുക്കാന്‍ ഈ ലക്ഷണങ്ങള്‍ സഹായകരമാകും.
• വിട്ടുമാറാത്ത ചുമ
• ശ്വാസതടസ്സം
• കഫത്തില്‍ രക്തം കാണപ്പെടുക
• ശരീരവേദന
• ഭാരക്കുറവ്, ക്ഷീണം
• ശബ്ദത്തിന് ഉണ്ടാകുന്ന മാറ്റങ്ങള്‍ ഒച്ചയടപ്പ്
• അടിക്കടി ഉണ്ടാകുന്ന അണുബാധകള്‍
. കഴുത്തിലും, മറ്റു ശരീരഭാഗങ്ങളിലുമുള്ള കഴലവീക്കം
രോഗനിര്‍ണ്ണയം
മേല്‍പ്പറഞ്ഞ ലക്ഷണങ്ങളിലൂടെയോ, എക്സ്റേയില്‍ കാണപ്പെട്ട സംശയാസ്പ ദമായ വ്യതിയാനങ്ങളുടെയോ അടിസ്ഥാനത്തിലാണ് തുടര്‍പരിശോധനകള്‍
നിര്‍ദ്ദേശിക്കുന്നത്.
സി.ടി. ചെസ്റ്റ് – കോണ്‍ട്രാസ്റ്റ് മരുന്നു നല്‍കിയിട്ടുള്ള സി.ടി സ്‌കാന്‍ രോഗനിര്‍ണ്ണയത്തില്‍ വളരെ പ്രധാനമാണ്.
ട്യൂമര്‍ മാര്‍ക്കറുകള്‍ എന്ന ചിലയിനം രക്തപരിശോധനകള്‍ രോഗനിര്‍ണ്ണയത്തിനു സഹായകമാകാറുണ്ട്. CEA തുടങ്ങിയവയാണ് ശ്വാസകോശ കാന്‍സര്‍ രോഗികളില്‍ കാണപ്പെടാറുള്ള ട്യൂമര്‍ മാര്‍ക്കറുകള്‍. ക്യാന്‍സറിന്റെ വളര്‍ച്ച മറ്റിടങ്ങളിലേക്ക് വ്യാപിച്ചിട്ടുണ്ടോ എന്നറിയാന്‍ PET CT പരിശോധന ആവശ്യമായി വരാറുണ്ട്.
അര്‍ബുദ സമാനമായ വളര്‍ച്ച കണ്ടെത്തിയാല്‍ അതിന്റെ ബയോപ്‌സി പരിശോധന യിലൂടെയാണ് കാന്‍സര്‍ സ്ഥിരീകരണം നടത്തുന്നത്. ശ്വാസനാളികള്‍ക്കുള്ളിലാണ് വളര്‍ച്ചയെ ങ്കില്‍ ബ്രോങ്കോ സ്‌കോപ്പി വഴിയുള്ള സാമ്പിള്‍ ശേഖരിച്ചും (Broncho alveolar lavage) ബയോപ്‌സി പരിശോധന (Endo bronchial/Trans bronchial) യിലൂടെയും രോഗം നിര്‍ണ്ണയിക്കുന്നു.
ശ്വാസനാളികള്‍ക്കിരുവശത്തുമുള്ള കഴലകള്‍ ലിംഫ് ഗ്രന്ഥികള്‍ക്ക് വീക്കം കാന്‍സറിന്റെ ഭാഗമായി ഉണ്ടാകാറുണ്ട്. അതുകൊണ്ടുതന്നെ അവയില്‍ നിന്നും സാമ്പിള്‍ എടുത്തു പരിശോധിച്ചും രോഗം നിര്‍ണ്ണയിക്കാന്‍ കഴിയും. അതിനായി EBUS എന്ന നൂതന സാങ്കേതികവിദ്യ ഉപയോഗ പ്പെടുത്തുന്നുണ്ട്.
ശ്വാസകോശത്തിന്റെ ചുറ്റുമുള്ള ആവരണമായ പ്ലൂറല്‍ ക്യാവിറ്റിയില്‍ നീര്‍ക്കെട്ട് ഉണ്ടാകുന്ന അവസ്ഥയും, കാന്‍സര്‍ കുറച്ചു മൂര്‍ച്ഛിക്കുന്ന അവസ്ഥയില്‍ കണ്ടുവരാറുണ്ട്. ആ ഫ്‌ളൂയിഡ് നീക്കം ചെയ്തുള്ള കോശ പരിശോധന ആവശ്യമായി വരാറുണ്ട്. അതോടൊപ്പം പ്ലൂറയുടെ ബയോപ്‌സി പരിശോധനയ്ക്കായി തൊറാക്കോസ്‌കോപ്പി എന്ന നൂതന സങ്കേതം ഉപയോഗപ്പെടുത്തുന്നു.
ശ്വാസകോശാര്‍ബുദം കുറച്ചു കൂടി മൂര്‍ച്ഛിച്ച ഘട്ടത്തിലാണെങ്കില്‍ അര്‍ബുദ കോശങ്ങള്‍ മറ്റ് ശരീരഭാഗങ്ങളിലേക്ക് വ്യാപിക്കാനുള്ള സാധ്യതയുണ്ട്. പ്രത്യേകിച്ച് കഴലകള്‍ അഥവാ ലിംഫ് ഗ്രന്ഥികളിലേക്ക്. അത്തരം സാഹചര്യങ്ങളില്‍ കഴലകളുടെ ബയോപ്‌സി പരിശോധനയാണ് രോഗനിര്‍ണ്ണയം സാധ്യമാക്കുന്നത്.
ചികിത്സ
ക്യാന്‍സര്‍ കോശങ്ങളുടെ തരമനുസരിച്ചും, ക്യാന്‍സറിന്റെ സ്റ്റേജനുസരിച്ചുമാണ് ചികിത്സ തീരുമാനിക്കുന്നത്. ആരംഭദശയിലുള്ള ശ്വാസകോശ കാന്‍സറുകള്‍ക്ക് സര്‍ജറിയാണ് പ്രധാനപ്പെട്ട ചികിത്സാരീതി. വളര്‍ച്ചയുള്ള ഭാഗം നീക്കം ചെയ്യുന്നതിനോടൊപ്പം കീമോതെറാപ്പിയും, റേഡിയേഷനും വേണ്ടി വരും. പക്ഷേ കാന്‍സര്‍ കുറച്ചു മൂര്‍ച്ഛിക്കുന്ന ഘട്ടത്തില്‍ പാലിയേറ്റീവ് ചികിത്സാരീതിയാണ് അവലംബിക്കുക.
ബയോമാര്‍ക്കറുകള്‍ അടിസ്ഥാനമാക്കിയുള്ള ചികിത്സാരീതിയാണ് ഈ രംഗത്തെ നൂതന സങ്കേതം. കാന്‍സറുമായി ബന്ധപ്പെട്ട പ്രോട്ടീനുകള്‍, ജീനുകള്‍ എന്നിവ കണ്ടെത്തുന്ന രീതിയാണ് ബയോമാര്‍ക്കര്‍ പരിശോധന. കാന്‍സര്‍ സാധ്യത കൂട്ടുന്ന ചിലയിനം മ്യൂട്ടേഷനുകള്‍ ഉണ്ടോ എന്ന് കണ്ടെത്താനും അതുവഴി മികച്ച കാന്‍സര്‍ തെറാപ്പി ഓപ്ഷന്‍ നിര്‍ണ്ണയിക്കുന്നതിനും ഇതു സഹായകമാകും.
ടാര്‍ഗറ്റെഡ് തെറാപ്പികള്‍, ഇമ്മ്യൂണോ തെറാപ്പികള്‍ എന്നിങ്ങനെയുള്ള നൂതന ചികിത്സാരീതികള്‍ ഇപ്രകാരമുള്ള ബയോ മാര്‍ക്കര്‍ പരിശോധനയുടെ അടിസ്ഥാനത്തില്‍ നിശ്ചയിക്കുന്നവയാണ്. അതുവഴി രോഗം കുറച്ചു തീവ്രമായ ഘട്ടത്തില്‍ പോലും, ടാര്‍ഗറ്റെഡ് തെറാപ്പി നല്‍കുന്ന രോഗികള്‍ക്ക് നിലവിലുള്ള സ്റ്റാന്‍ഡേര്‍ഡ് തെറാപ്പിയിലുള്ള രോഗികളേക്കാള്‍ അതിജീവനശേഷിയും, താരതമ്യേന കുറഞ്ഞ പാര്‍ശ്വഫലങ്ങളും കണ്ടുവരുന്നു. ചുരുക്കത്തില്‍, ആരംഭദശയിലുള്ള കൃത്യമായ രോഗനിര്‍ണ്ണയമാണ് കാന്‍സര്‍ ചികിത്സയുടെ ആണിക്കല്ല്. നൂതന ചികിത്സാ സംവിധാനങ്ങളുടെ ഫലപ്രാപ്തി നേരത്തെ യുള്ള രോഗനിര്‍ണ്ണയത്തെ ആശ്രയിച്ചിരി ക്കുന്നു.
പ്രതിരോധ മാര്‍ഗ്ഗങ്ങള്‍
• പുകവലി ഉപേക്ഷിക്കുക.
• മാസ്‌ക്കിന്റെ ശരിയായ ഉപയോഗം:- പുറത്തെ മലിനീകരണമുണ്ടാക്കുന്ന അര്‍ബുദ സാധ്യതയില്‍ നിന്നും രക്ഷനേടാന്‍ ഏറ്റവും എളുപ്പമാര്‍ഗ്ഗം മാസ്‌ക് ധരിക്കലാണ്.
ശ്വസിക്കുന്ന വായുവിന്റെ ഗുണ നില വാരം മോശപ്പെട്ടതായി മാറുമ്പോഴുള്ള പ്രധാന സുരക്ഷാമാര്‍ഗ്ഗമാണിത്.
• എയര്‍ പ്യൂരിഫയറുകളുടെ ഉപയോഗം
വീട്ടിനുള്ളിലെ മലിനീകരണത്തോത് കുറയ്ക്കാന്‍ ഗുണമേന്മയുള്ള ഇലക്ട്രിക് എയര്‍ പ്യൂരിഫയറുകള്‍ ഫലപ്രദമാണ്.
* ചിലയിനം ഇന്‍ഡോര്‍ സസ്യങ്ങള്‍ നാച്ചുറല്‍ എയര്‍ പ്യൂരിഫയറുകളായി വര്‍ത്തിക്കുന്നു.
*ശ്വസന വ്യായാമങ്ങള്‍ ചെയ്യുന്നത് ശ്വാസകോശാരോഗ്യം മെച്ചപ്പെടുത്താന്‍ വഴിയൊരുക്കും. അതുവഴി കാന്‍സര്‍ പ്രതി രോധശേഷി വര്‍ദ്ധിപ്പിക്കുന്നതായി പല ഗവേഷണങ്ങളും ചൂണ്ടിക്കാണിക്കുന്നു.
• ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും രോഗപ്രതിരോധശേഷി ത്വരിതപ്പെടുത്തുന്ന തിനും, സമീകൃതാഹാരം ആഹാരത്തിന്റെ ഭാഗമാക്കണം. അതായത് 60-65% അന്നജം, 25% മാംസ്യം 15% കൊഴുപ്പ് ഇവയുള്‍പ്പെടുന്ന ആഹാരം ശീലിക്കണം. അതോടൊപ്പം വിറ്റാമിന്‍ സി (പേരയ്ക്ക, നെല്ലിക്ക, ബെറീസ്), വിറ്റാമിന്‍ ഡി (ചെറുമത്സ്യങ്ങള്‍, സൂര്യപ്രകാശം), വിറ്റാമിന്‍ എ (ക്യാരറ്റ്, ഇലക്കറികള്‍) എന്നിവയും ഉള്‍പ്പെടുത്തണം.
• കെമിക്കല്‍ ഫാക്ടറികളിലും, തൊഴിലിടങ്ങളിലും കൃത്യമായ സുരക്ഷാകവചങ്ങളും, സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കുക. ഇത്തരം സാഹചര്യങ്ങളില്‍ ജോലി ചെയ്യുന്ന തൊഴിലാളികളില്‍ കൃത്യമായ ഇടവേളകളില്‍ മെഡിക്കല്‍ പരിശോധനകള്‍ നടത്തുക.
നേരത്തെ പറഞ്ഞതുപോലെ ആരംഭദശയിലുള്ള രോഗനിര്‍ണ്ണയം അത്യന്താപേക്ഷിതമായ രോഗാവസ്ഥയാണ് ശ്വാസകോശ കാന്‍സര്‍. ശരിയായ രോഗലക്ഷണങ്ങള്‍ തിരിച്ചറിയലും, വൈദ്യസഹായം തേടലുമാണ് ഏറ്റവും ആവശ്യം ചെയ്യേണ്ടത്. അതിനു വേണ്ടത് ശരിയായ അവബോധമാണ്.







