ഷുഹൈബ് വധം: കെ.സുധാകരൻ നിരാഹാര സമരത്തിലേക്ക്
മുതിർന്ന കോൺഗ്രസ് നേതാവ് കെ. സുധാകരൻ നിരാഹാര സമരത്തിലേക്ക്. കണ്ണൂർ മട്ടന്നൂരിലെ യൂത്ത് കോൺഗ്രസ് നേതാവായിരുന്ന ഷുഹൈബിന്റെ കൊലപാതകികളെ പോലീസ് ഇതുവരെ പിടികൂടാത്തതിൽ പ്രതിഷേധിച്ചാണ് നിരാഹാര സമരം. ഈ മാസം 19ന് രാവിലെ മുതൽ കണ്ണൂർ കളക്‌ടറേറ്റിന് മുമ്പിൽ 48 മണിക്കൂർ നിരാഹാര സത്യാഗ്രഹം നടത്താനാണ് സുധാകരന്റെ തീരുമാനം. പ്രതികളെ പിടികൂടിയില്ലെങ്കിൽ അനിശ്ചിതകാല നിരാഹാര സമരം നടത്തുമെന്നും സുധാകരൻ അറിയിച്ചിട്ടുണ്ട്. ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനി, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജോഷി കണ്ടത്തിൽ എന്നിവർ നേരത്തെ 24 മണിക്കൂർ നിരാഹാര സമരം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സുധാകരനും നിരാഹാര സമരത്തിന് തയ്യാറെടുക്കുന്നത്.
പോലീസിൽ നിന്ന് നീതി ലഭിക്കുന്നില്ലെന്ന് സുധാകരൻ പ്രതികരിച്ചു. സ്വതന്ത്ര ഏജൻസിയെക്കൊണ്ട് അന്വേഷിപ്പിച്ചാൽ മാത്രമേ ഷുഹൈബിന്റെ കൊലയാളികളെ പിടികൂടാൻ കഴിയൂവെന്നും സുധാകരൻ അഭിപ്രായപ്പെട്ടു. കൊടി സുനി ഉൾപ്പെടെയുള്ള സിപിഎം ക്രിമിനലുകൾ പരോൾ ഇല്ലാതെ രാത്രിയിൽ ജയിലിൽ നിന്ന് പുറത്തുപോയി പുലർച്ചെ തിരിച്ചെത്താറുണ്ടെന്ന് തന്നോട് ചില ജയിൽ ഉദ്യോഗസ്ഥർ പറഞ്ഞതായും അദ്ദേഹം വെളിപ്പെടുത്തി. കണ്ണൂർ പോലീസിനെ നിയന്ത്രിക്കുന്നത് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം.വി.ജയരാജനാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഷുഹൈബ് കൊല്ലപ്പെടുന്നതിന് മുമ്പ് ടിപി വധക്കേസ് പ്രതിയായ കൊടി സുനി അടക്കം 19 പ്രതികൾക്ക് പരോൾ അനുവദിച്ചിരുന്നുവെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും രംഗത്തുവന്നിട്ടുണ്ട്. ടിപി കൊലപാതകത്തിന്റെ മോഡലിലാ
ണ് ഷുഹൈബിന്റെ കൊലപാതകവും നടന്നത്. പരോളിനിറങ്ങിയ പ്രതികൾക്ക് ഷുഹൈബിന്റെ കൊലപാതകത്തിൽ പങ്കുണ്ടോയെന്ന് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്





