Home Kerala സംസ്ഥാനത്ത് വേനല്‍ ചൂട് കനക്കുന്നു; ജാഗ്രതാ നിര്‍ദ്ദേശവുമായി ആരോഗ്യവകുപ്പ്പ്

സംസ്ഥാനത്ത് വേനല്‍ ചൂട് കനക്കുന്നു; ജാഗ്രതാ നിര്‍ദ്ദേശവുമായി ആരോഗ്യവകുപ്പ്പ്

2
0

തിരുവനന്തപുരം: സംസ്ഥാനത്ത് വേനല്‍ചൂട് ക്രമാതീതമായി ഉയരുന്നതില്‍ ജാഗ്രതാ നിര്‍ദ്ദേശവുമായി ആരോഗ്യ വകുപ്പ്. രാവിലെ 11 മണി മുതല്‍ വൈകുന്നേരം 3 മണി വരെ നേരിട്ടുള്ള വെയില്‍ കൊള്ളുന്നത് ഒഴിവാക്കണമെന്നാണ് പ്രധാന നിര്‍ദ്ദേശം. നിര്‍ജ്ജലീകരണം സംഭവിക്കാനുള്ള സാധ്യതകളില്‍ മുന്‍കരുതലെടുക്കണം. 65 വയസിന് മുകളില്‍ പ്രായമുള്ളവര്‍, കുട്ടികള്‍, ഹൃദയസംബന്ധമായ അസുഖങ്ങള്‍ ഉള്ളവര്‍, കഠിന ജോലികള്‍ ചെയ്യുന്നവര്‍ എന്നിവര്‍ക്ക് പ്രത്യേക കരുതലും സംരക്ഷണവും നല്‍കണമെന്നും ജാഗ്രതാ നിര്‍ദ്ദേശത്തില്‍ പറയുന്നുണ്ട്. ആരോഗ്യപരമായ പ്രശ്‌നങ്ങള്‍ കണ്ടാല്‍ ഉടന്‍ ചികിത്സ തേടണമെന്നും മുന്നറിയിപ്പില്‍ പറയുന്നുണ്ട്.സൂര്യനില്‍ നിന്നുള്ള വികിരണങ്ങളേറ്റ് ശരീരകോശങ്ങള്‍ ക്രമാതീതമായി നശിക്കുന്ന പ്രതിഭാസമാണ് സൂര്യാഘാതം (Sunburn). അള്‍ട്രാവൈലറ്റ് വികിരണങ്ങളാണ് പ്രധാനമായും സൂര്യാഘാതത്തിന് കാരണമാവാറ്. കഠിനമായ വെയിലത്ത് ദീര്‍ഘനേരം ജോലിചെയ്യുന്നവര്‍ക്ക് സൂര്യാഘാതമേല്‍ക്കാനുള്ള സാധ്യത ഏറെയാണ്. അമിതചൂടിത്തുടര്‍ന്നുണ്ടാകുന്ന ഗുരുതരമായ പ്രശ്‌നമാണ് സൂര്യാഘാതം. തീവ്രപരിചരണം ലഭിക്കാതിരുന്നാല്‍ മരണം പോലും സംഭവിക്കാം. കുട്ടികളിലും വയസ്സായവരിലും സൂര്യാഘാതം ഉണ്ടാകാന്‍ എളുപ്പമാണ്. കഠിനമായ ചൂടിനെ തുടര്‍ന്ന് ആന്തരികതാപനില ക്രമാതീതമായി ഉയര്‍ന്നാല്‍ ശരീരത്തിന് താപനിയന്ത്രണം സാധ്യമാകാതെ വരും.തലച്ചോര്‍, കരള്‍, വൃക്കകള്‍, ശ്വാസകോശം, ഹൃദയം തുടങ്ങിയ ആന്തരാവയവങ്ങളുടെ പ്രവര്‍ത്തനങ്ങളെ ഉയര്‍ന്ന താപനില സാരമായി ബാധിക്കും. അമിതചൂടില്‍ ആവശ്യത്തിനു വെള്ളം കുടിക്കാതെ കഴിയുന്നതുമൂലം രണ്ടോ മൂന്നോ ദിവസങ്ങള്‍ കൊണ്ടും സൂര്യാഘാതം സംഭവിക്കാം. അമിത ചൂടില്‍ കഠിനജോലികള്‍ ചെയ്യുന്നവരില്‍ കുറഞ്ഞസമയം കൊണ്ടും സൂര്യാഘാതമുണ്ടാകാം.വളരെ ഉയര്‍ന്ന ശരീരതാപം, വറ്റിവരണ്ട ചുവന്ന ചൂടായ ശരീരം, ശക്തമായ തലവേദന, തലകറക്കം, മന്ദഗതിയിലുള്ള നാഡിമിടിപ്പ്, മാനസിക അവസ്ഥയില്‍ ഉള്ള മാറ്റങ്ങള്‍ എന്നിവയോടൊപ്പം ചിലപ്പോള്‍ അബോധാവസ്ഥയും കാണപ്പെടാം. ഈ ലക്ഷണങ്ങള്‍ കാണുകയാണെങ്കില്‍ ഡോക്ടറുടെ സേവനം ഉടനടി ലഭ്യമാക്കേണ്ടതാണ്.സൂര്യാഘാതത്തെക്കാള്‍ കുറച്ചുകൂടി കാഠിന്യം കുറഞ്ഞ അവസ്ഥയാണ് സൂര്യാതപം. കൂടുതല്‍ സമയം വെയിലത്ത് ജോലി ചെയ്യുന്നവരില്‍ നേരിട്ട് വെയില്‍ ഏല്‍ക്കുന്ന ശരീരഭാഗങ്ങള്‍ സൂര്യാതപമേറ്റ് ചുവന്നു തടിക്കുകയും വേദനയും പൊള്ളലും ഉണ്ടാവുകയും ചെയ്യാം. ഇവര്‍ ഉടനടി ചികിത്സ തേടേണ്ടതാണ്. പൊള്ളലേല്‍ക്കുന്ന ഭാഗത്തുണ്ടാകുന്ന കുമിളകള്‍ പൊട്ടിക്കാന്‍ പാടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here