Home Kerala സമരങ്ങള്‍ക്കിടെ സ്വകാര്യമുതല്‍ നശിപ്പിക്കുന്നത് തടയാന്‍ ഓര്‍ഡിനന്‍സ്

സമരങ്ങള്‍ക്കിടെ സ്വകാര്യമുതല്‍ നശിപ്പിക്കുന്നത് തടയാന്‍ ഓര്‍ഡിനന്‍സ്

5
0

തിരുവനന്തപുരം: സമരങ്ങള്‍ക്കിടെ സ്വകാര്യമുതല്‍ നശിപ്പിക്കുന്നത് തടയുന്ന ഓര്‍ഡിനന്‍സിന് മന്ത്രിസഭായോഗം അനുമതി നല്‍കി. സ്വകാര്യ സ്വത്ത് നശിപ്പിക്കുന്നത് പൊതുമുതല്‍ നശിപ്പിക്കുന്നതിന് തുല്യമായ കുറ്റകൃത്യമായി കണക്കാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നഷ്ടം സമരം ആഹ്വാനം ചെയ്തവരില്‍ നിന്ന് ഈടാക്കാനും വ്യവസ്ഥ ചെയ്യുന്നതായിരിക്കും ഓര്‍ഡിനന്‍സെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

വീടുകള്‍, പാര്‍ട്ടി ഓഫീസുകള്‍, കച്ചവട സ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരായ അക്രമം തടയാനാണ് നടപടി. അഞ്ച് വര്‍ഷം തടവ് ശിക്ഷയടക്കം കര്‍ശന വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തി നിയമ നിര്‍മാണം നടത്താനാണ് നീക്കം നടക്കുന്നത്. കഴിഞ്ഞ ഹര്‍ത്താല്‍ ദിവസമുണ്ടായ അക്രമങ്ങള്‍ സംസ്ഥാന വ്യാപക കലാപമായി മാറിയിരുന്നു. നിരവധി വീടുകള്‍ക്കും വ്യാപാര സ്ഥാപനങ്ങള്‍ക്കും പാര്‍ട്ടി ഓഫീസുകള്‍ക്കും നേരെ വ്യാപക അക്രമമാണ് അരങ്ങേറിയത്. ഇതിന്റെ പശ്ചാത്തലത്തിലാണ് അക്രമം തടയാനുള്ള പ്രത്യേക നിയമ ഭേദഗതിക്ക് സര്‍ക്കാര്‍ ഒരുങ്ങുന്നത്.

കേരള ബാങ്കിന് വേണ്ടി പുതിയ നിയമ ഭേദഗതി കൊണ്ടുവരാനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. സഹകരണ ബാങ്കുകളുടെ ലയനത്തിന് മൂന്നില്‍ രണ്ട് ഭൂരിപക്ഷം എന്നത് കേവല ഭൂരിപക്ഷം എന്നാകും.

സംസ്ഥാനത്ത് സംഘപരിവാര്‍ സംഘടനകളാണ് അക്രമങ്ങള്‍ അഴിച്ചുവിടുന്നത്. സംസ്ഥാനത്ത് ക്രമസമാധാനം തകര്‍ക്കണമെന്ന് ആര്‍എസ്എസിന് ആഗ്രഹമുണ്ട്. കഴിഞ്ഞ ഹര്‍ത്താലില്‍ ബോധപൂര്‍വ്വം അക്രമം അഴിച്ചുവിടുകയായിരുന്നു സംഘപരിവാര്‍. ജനപ്രതിനിധികള്‍ക്ക് നേരെയും അക്രമങ്ങള്‍ ഉണ്ടായി. സംഘപരിവാര്‍ നടത്തുന്ന അക്രമങ്ങള്‍ക്കെതിരെ മറ്റ് സംസ്ഥാനങ്ങള്‍ നടപടികള്‍ സ്വീകരിക്കില്ലായിരിക്കും. എന്നാല്‍, ഇവിടെ അത് നടക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുന്നാക്ക വിഭാഗത്തില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സംവരണത്തെ മുന്‍പ് തന്നെ സിപിഎം പിന്തുണച്ചിട്ടുള്ളതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം സിപിഎം നിലപാടിനുള്ള അംഗീകാരമാണ്. പണിമുടക്കില്‍ പങ്കെടുക്കാന്‍ ആരെയും നിര്‍ബന്ധിക്കില്ല. അതിന് ആവശ്യമായ എല്ലാ നടപടികളും സര്‍ക്കാര്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here