ശ്രീകാന്ത് എസ്. വര്‍മ്മ
തിരുവനന്തപുരം: ശബരിമലയില്‍ യുവതി പ്രവേശനവുമായി ബന്ധപ്പെട്ടുള്ള സുപ്രീംകോടതി വിധി സംസ്ഥാനത്ത് കലുഷിത സാഹചര്യമുണ്ടാക്കിയ സാഹചര്യത്തില്‍ സമവായമുണ്ടാക്കാനായി സര്‍ക്കാര്‍ വിളിച്ചുചേര്‍ത്ത സര്‍വകക്ഷിയോഗം അലസിപ്പിരിഞ്ഞു. കോടതി വിധി നടപ്പാക്കുകയെന്നത് തന്നെയാണ് സര്‍ക്കാരിന് മുന്നിലുള്ള ഏകപോംവഴിയെന്ന നിലപാട് മുഖ്യമന്ത്രി ആമുഖപ്രസംഗത്തില്‍ അവതരിപ്പിച്ചപ്പോള്‍ തന്നെ പ്രതിപക്ഷവും ബി.ജെ.പിയും എതിര്‍ത്തു. ചര്‍ച്ചയ്ക്കൊടുവില്‍ മുഖ്യമന്ത്രി മറുപടി പ്രസംഗം പൂര്‍ത്തിയാക്കുന്നതിന് മുന്നേ പ്രതിപക്ഷം യോഗം ബഹിഷ്‌ക്കരിച്ച് ഇറങ്ങിപ്പോയി.
യുവതീ പ്രവേശന വിഷയത്തില്‍ ഭരണഘടനാ-മൗലികാവകാശ ലംഘനം അനുവദിക്കാനാവില്ലെന്നും അതിനാല്‍ കോടതി വിധി അനുസരിക്കുക മാത്രമേ സര്‍ക്കാരിന് മാര്‍ഗ്ഗമുള്ളൂവെന്നും മുഖ്യമന്ത്രി യോഗത്തില്‍ ആവര്‍ത്തിച്ചു. എന്നാല്‍, ശബരിമലയില്‍ സമാധാനാന്തരീക്ഷം പുനഃസ്ഥാപിക്കുന്നതിനുള്ള അവസാനത്തെ അവസരവും മുഖ്യമന്ത്രി പാഴാക്കുകയാണെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ അഭിപ്രായം. വിശ്വാസി സമൂഹത്തോട് സര്‍ക്കാര്‍ നീതി പുലര്‍ത്തുന്നില്ലെന്ന് ബി.ജെ.പിയും ആരോപിച്ചു. കോണ്‍ഗ്രസും ബി.ജെ.പിയും സമാനമായ നിലപാടാണ് സ്വീകരിച്ചതെന്നും ഇവര്‍ക്ക് നല്ലബുദ്ധി ഉദിക്കുമെന്നാണ് പ്രതീക്ഷയെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.
രണ്ട് കാര്യങ്ങളാണ് പ്രതിപക്ഷം പ്രധാനമായും മുന്നോട്ടുവെച്ചത്. യുവതി പ്രവേശനവുമായി ബന്ധപ്പെട്ട വിധിയിന്മേല്‍ പുനഃപരിശോധനാ ഹര്‍ജി സുപ്രീംകോടതി പരിഗണനയ്ക്ക് എടുത്ത പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ സാവകാശം തേടുകയാണ് ഉചിതമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി. എന്നാല്‍ സര്‍ക്കാര്‍ സാവകാശം തേടാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. കോടതി വിധി ഉണ്ടായി എന്നതിന്റെ പേരില്‍ ധൃതികാട്ടി യുവതികളെ പ്രവേശിപ്പിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കരുതെന്നായിരുന്നു രണ്ടാമത്തെ ആവശ്യം. ഹര്‍ജിയിന്മേല്‍ തീര്‍പ്പ് വരുന്നതുവരെ മുന്‍കാലങ്ങളിലെ ആചാരം തുടരണമെന്നും അദ്ദേഹം പറഞ്ഞു. പത്തിനും അമ്പതിനും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കാമെന്ന് കോടതി പറഞ്ഞതിനപ്പുറത്തേക്ക് സര്‍ക്കാരിന് തീരുമാനം മാറ്റാനാവില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. വേണമെങ്കില്‍ ചില പ്രത്യേക ദിവസങ്ങളില്‍ മാത്രം യുവതികള്‍ക്ക് പ്രവേശനം അനുവദിക്കുന്നതിനെക്കുറിച്ച് ആലോചിക്കാമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, ഇത് പ്രതിപക്ഷത്തിന് സ്വീകാര്യമായില്ല. തീര്‍ത്ഥാടകരുടെ വാഹനങ്ങള്‍ക്ക് പൊലീസ് പാസ് ഏര്‍പ്പെടുത്തിയ നടപടിയെ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ വിമര്‍ശിച്ചു. ഈ നിര്‍ദ്ദേശങ്ങള്‍ പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാല്‍, ശബരിമലയിലെ സുരക്ഷാ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി ഈ നിര്‍ദ്ദേശങ്ങള്‍ തള്ളിക്കളഞ്ഞു. തുടര്‍ന്നാണ് അവര്‍ യോഗം ബഹിഷ്‌ക്കരിച്ചത്.
രാവിലെ പതിനൊന്നിനാണ് മുഖ്യമന്ത്രിയുടെ ചേംബറില്‍ യോഗം ആരംഭിച്ചത്. യോഗത്തിന് മുന്നേ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനുമായി എ.കെ.ജി സെന്ററില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാറും യോഗത്തിന് മുമ്പ് മുഖ്യമന്ത്രിയെ കണ്ട് സംസാരിച്ചു. അതേസമയം, കോടതി വിധിയുമായി ബന്ധപ്പെട്ട നിയമകാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്ന യോഗത്തിലേക്ക് നിയമമന്ത്രി എ.കെ ബാലനെ ക്ഷണിക്കാതിരുന്നതും ശ്രദ്ധേയമായി. എല്ലാ മന്ത്രിമാരും പങ്കെടുക്കേണ്ടതില്ലല്ലോ എന്നായിരുന്നു ഇതേക്കുറിച്ച് ബാലന്റെ പ്രതികരണം.




