മുംബൈ: സിംകാര്‍ഡ് മാറ്റിയുള്ള തട്ടിപ്പിലൂടെ മുംബൈ മാഹിം സ്വദേശിയായ വ്യാപാരിയുടെ ബാങ്ക് അക്കൗണ്ടില്‍നിന്ന് തട്ടിയത് 1.86 കോടി രൂപ. സിം കാര്‍ഡ് ഉപയോഗിച്ചുള്ള ഏറ്റവും പുതിയ തട്ടിപ്പ് രീതിയാണിത്.
തട്ടിപ്പിനിരയായ വി. ഷായ്ക്ക് പുലര്‍ച്ചെ രണ്ടുമണിക്ക് ആറ് മിസ് കോള്‍വന്നു. യു.കെയുടെ ഡയലിങ് കോഡ് (+44) ഉള്ളതായിരുന്നു അതിലൊന്ന്. മിസ് കോള്‍ ലഭിച്ച നമ്പറുകളിലേയ്ക്ക് ഷാ രാവിലെ തിരിച്ചുവിളിച്ചെങ്കിലും നമ്പര്‍ നിലവിലില്ലെന്ന വിവരമാണ് ലഭിച്ചത്.
മൊബൈല്‍ സേവന ദാതാവുമായി ബന്ധപ്പെട്ടപ്പോള്‍ അറിയാന്‍ കഴിഞ്ഞത്. സിം കാര്‍ഡ് ഡീആക്ടിവേറ്റ് ചെയ്തതായാണ്. തട്ടിപ്പ് നടത്തിയ ആളുടെ നിര്‍ദേശപ്രകാരമാണ് ചെയ്തതെന്നും അവര്‍ പറഞ്ഞതായി ഷാ വ്യക്തമാക്കി. ബാങ്കുമായി ബന്ധപ്പെട്ടപ്പോഴാണ് തന്റെ കമ്പനിയുടെ അക്കൗണ്ടില്‍നിന്ന് 1.86 കോടി രൂപ നഷ്ടപ്പെട്ടതായി അറിയുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായാണ് ഇത്രയും തുക പിന്‍വലിച്ചത്. 14 അക്കൗണ്ടുകളില്‍ നിന്നായി 28 തവണയാണ് പണം പിന്‍വലിച്ചത്. ബാങ്കിന്റെ ശ്രമഫലമായി 20 ലക്ഷം രൂപ തിരിച്ചെടുക്കാനായി. ബാക്കിയുള്ള തുക നഷ്ടപ്പെട്ടു. ഡിസംബര്‍ 7ന് 11.15നാണ് സിം മാറ്റിനല്കാനുള്ള അപേക്ഷ മൊബൈല്‍ സേവന ദാതാവിന് ലഭിച്ചത്. മിസ് കോള്‍ ലഭിച്ചതാകട്ടെ ഡിസംബര്‍ 28 പുലര്‍ച്ചെ രണ്ടുമണിക്കും.ഫോണുമായി ലിങ്ക് ചെയ്തിരുന്ന ബാങ്ക് അക്കൗണ്ടുകളില്‍നിന്നാണ് പണം നഷ്ടമായത്.





