കൊച്ചി: ചലച്ചിത്ര താരം ഷംനാ കാസിമിനെ ബ്ലാക്ക് മെയിൽ ചെയ്യാൻ ശ്രമിച്ച പ്രതികൾ വർഷങ്ങളായി തട്ടിപ്പുനടത്തിവരുന്നതായി കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ വിജയ് സാഖറെ പറഞ്ഞു. നിരവധി പെൺകുട്ടികളെ ലൈംഗിക ചൂഷണത്തിന് വിധേയരാക്കിയതായും പ്രതികൾ സമ്മതിച്ചിട്ടുണ്ട്.
എന്നാൽ ഇക്കാര്യത്തിൽ പൊലീസിന് പരാതികളൊന്നും ലഭിച്ചിട്ടില്ല. എങ്കിലും ലൈംഗിക ചൂഷണത്തിന് ഇരയായ പെൺകുട്ടികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. സിനിമയിൽ അവസരം അടക്കം വാഗ്ദാനം ചെയ്താണ് ലൈംഗിക ചൂഷണവും തട്ടിപ്പും പ്രതികൾ നടത്തിയിരുന്നതെന്നും വിജയ് സാഖറെ പറഞ്ഞു. ഇവർക്കുപിന്നിൽ വൻസംഘം ഉണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.
കേസിൽ ഏഴു പ്രതികളാണുള്ളത്. ഇതിൽ നാലുപേരാണ് അറസ്റ്റിലായത്. ശേഷിക്കുന്ന മൂന്നുപേരെ കണ്ടെത്താനുള്ള അന്വേഷണം ഊർജ്ജിതമാക്കി. സംഭവത്തിന് പിന്നിൽ സിനിമാമേഖലയിലുള്ളവർക്ക് പങ്കുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്. സിനിമയുടെ പേരിലാണ് യുവനടിമാരെയും പെൺകുട്ടികളെയും ഇവർ വലയിലാക്കുന്നത്.
സിനിമയ്ക്ക് ചില സാമ്പത്തിക പ്രയാസമുണ്ടെന്ന് പറഞ്ഞ് ഇവരിൽ നിന്നും പണവും സ്വർണാഭരണങ്ങളും കൈക്കലാക്കുകയാണ് പതിവ്. നിരവധി പേരെ ലൈംഗികമായി ചൂഷണം ചെയ്യുകയും ചെയ്തിട്ടുണ്ട്. ഇവരിൽ ചിലരെ സ്വർണ്ണക്കടത്തിന് ഉപയോഗിച്ചതായും സൂചന ലഭിച്ചിട്ടുണ്ട്.
കേസ്സന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. തൃക്കാക്കര അസിസ്റ്റന്റ് പൊലീസ് കമ്മീഷണർക്കാണ് അന്വേഷണ ചുമതല. തട്ടിപ്പുസംഘത്തിന് ഷംനയുടെ ഫോൺനമ്പർ എങ്ങനെ ലഭിച്ചു എന്നതും പൊലീസ് അന്വേഷിക്കുന്നുണ്ട്. സ്വർണ്ണക്കടത്ത് ബന്ധം അടക്കം അന്വേഷണപരിധിയിലുണ്ട്.
Home Breaking News സിനിമയിൽ അവസരം നൽകാമെന്ന് പറഞ്ഞ് നിരവധി പെൺകുട്ടികളെ ലൈംഗികചൂഷണത്തിന് വിധേയരാക്കി








