Kerala Pranamam

സിനിമ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ നിയമം അനിവാര്യം: പി. സതീദേവി

കോഴിക്കോട്: സിനിമ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ നിയമം അനിവാര്യമാണെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ പി. സതീദേവി. സ്ത്രീകളുടെ വേതനം ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ പരിശോധിക്കുമെന്നും ഡബ്ല്യുസിസി ഉന്നയിച്ച പ്രശ്നങ്ങള്‍ സര്‍ക്കാരിനെ അറിയിക്കുമെന്നും സതീദേവി പറഞ്ഞു. സിനിമ മേഖലയിലേക്ക് പുതിയ പെണ്‍കുട്ടികള്‍ കടന്നുവരുമ്പോള്‍ ആത്മവിശ്വാസം നല്‍കുന്ന അന്തരീക്ഷം ഉണ്ടാകേണ്ടതുണ്ടെന്നും ആ ഉറപ്പ് നല്‍കുന്നതില്‍ നിര്‍മാണ കമ്പനികള്‍ക്കും ഉത്തരവാദിത്വമുണ്ടെന്നും സതീദേവി വ്യക്തമാക്കി. ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് നിയമസഭയില്‍ അവതരിപ്പിക്കേണ്ട സാഹചര്യമില്ല. എന്‍ക്വയറി കമ്മീഷന്‍ ആക്ട് പ്രകാരം രൂപീകരിച്ച കമ്മിറ്റിയല്ല ഹേമ കമ്മീഷനെന്നും വനിതാ കമ്മീഷന്‍ അധ്യക്ഷ കൂട്ടിച്ചേര്‍ത്തു. ആക്രമിക്കപ്പെട്ട നടിക്ക് നീതി തേടിയും ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്ത് വിടണമെന്നും ആവശ്യപ്പെട്ട് മലയാള സിനിമയിലെ വനിതാ സംഘടനയായ ഡബ്ല്യുസിസി(വിമണ്‍ ഇന്‍ സിനിമ കളക്ടീവ്) അംഗങ്ങള്‍ വനിതാ കമ്മീഷനുമായി ചര്‍ച്ച നടത്തിയിരുന്നു. ഇതിനു ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു പി. സതീദേവി.