
മൂന്നാര്‍: സിപിഐയില്‍ നിന്ന് സിപിഐഎമ്മിലേക്ക് ചേര്‍ന്നയാളുടെ വീടിന് നേരെ ഗുണ്ടാ ആക്രമണം. മൂന്നാര്‍ വട്ടവട ചിലന്തിയാറിലാണ് സിപിഐ നേതാവിന്റെ സഹോദരനും തമിഴ്‌നാട്ടില്‍ നിന്നെത്തിയ ഗുണ്ടകളുമാണ് പാര്‍ട്ടി വിട്ടയാളുടെ കുടുംബത്തെ ആക്രമിച്ചത്.ചിലന്തിയാര്‍ സ്വദേശിയായ ഗണേശന്‍ മാസങ്ങള്‍ക്ക് മുന്‍പാണ് സിപിഐയില്‍ നിന്ന് രാജിവെച്ച് സിപിഐഎമ്മിലെത്തിയത്. തടി ലോഡിംഗ് കരാറുകാരനും സിപിഐ നേതാവുമായ കരുണാകര മൂര്‍ത്തിയുമായി ഉടലെടുത്ത പ്രശ്‌നങ്ങളാണ് രാജിക്ക് കാരണമെന്നാണ് സൂചന. നേരത്തെ ലോഡ് ലോറിയില്‍ കയറ്റുന്നതുമായി ബന്ധപ്പെട്ട് വേതന തര്‍ക്കം നിലനിന്നിരുന്നു.കരുണാകര മൂര്‍ത്തിക്ക് ഗണേശനോട് വ്യക്തി വൈരാഗ്യമുണ്ടായിരുന്നുവെന്നും ഇതാണ് വീടു കയറി ആക്രമണത്തിലേക്ക് കാര്യങ്ങളെത്തിച്ചതെന്നുമാണ് വിവരം. കരുണാകരമൂര്‍ത്തിയുടെ തമിഴ്നാട്ടിലുള്ള സഹോദരന്‍ കുട്ടിയപാണ്ഡ്യന്‍ ഉള്‍പ്പെടെ മൂന്ന് പേരാണ് ഗണേശന്റെ വീട്ടിലെത്തി ആക്രമണം നടത്തിയത്. ഗണേശന്‍, മാതാവ് രാജകനി, മാതൃസഹോദരി മാരിയമ്മ, സഹോദരന്‍ മനോജ് കുമാര്‍ എന്നിവര്‍ക്ക് പരിക്കേറ്റു. സംഭവമറിഞ്ഞെത്തിയ പൊലീസാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. ഗണേശനും കുടുംബവും ആക്രമിക്കപ്പെട്ട വിവരം അറിഞ്ഞ പ്രദേശവാസികള്‍ ആയുധങ്ങളുമായി കരുണാകരമൂര്‍ത്തിയുടെ വീട്ടിലെത്തി.ഗുണ്ടാസംഘം എത്തിയ വാഹനം തീകൊളുത്തിയ നാട്ടുകാര്‍ കരുണാകര മൂര്‍ത്തിയുടെ ജോലിക്കാര്‍ താമസിച്ചിരുന്ന വീട്ടിലും ആക്രമണം നടത്തി. മറയൂര്‍ ഗുഹനാഥപുരം സ്വദേശികളായ വിവേക്, സുരേഷ്, ഗജേന്ദ്രന്‍, മണി, ഗോപാല്‍, ശേഖര്‍, മാരിയപ്പന്‍ എന്നിവര്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്. ഇവര്‍ ചികിത്സയിലാണ്. തിങ്കളാഴ്ച്ച മുതല്‍ ഇരു കൂട്ടരും തമ്മില്‍ സംഘര്‍ഷം നിലനില്‍ക്കുന്നുണ്ട്. സംഘര്‍ഷങ്ങളില്‍ പരിക്കേറ്റ 11 പേരെ ഇതിനോടകം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് പൊലീസ് കാവല്‍ ശക്തമാക്കിയിട്ടുണ്ട്. മൂന്നാര്‍ ഡിവൈ.എസ്.പി. കെ.ആര്‍. മനോജ്, ദേവികുളം എസ്.ഐ. ജോയി ജോസഫ് എന്നിവര്‍ സ്ഥലത്ത് ക്യാമ്ബ് ചെയ്യുന്നുണ്ട്.







